മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലും കോണ്‍ഗ്രസിലെ ഒതുക്കല്‍ തന്ത്രം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന് പിന്നില്‍ ഒതുക്കല്‍ തന്ത്രം. സീറ്റ് നല്‍കി നേതൃത്വത്തില്‍നിന്ന് മുല്ലപ്പള്ളിയെ ഒഴിവാക്കാനാണ് നീക്കം. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തഴഞ്ഞതിന് പിറകെയാണ് മുല്ലപ്പളളിക്കെതിരായ നീക്കം.

നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ എം എം ഹസനാണ് യുഡിഎഫ് നേതൃത്വം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നു മുല്ലപ്പള്ളിയും മാറുന്നതോടെ ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ തടസ്സങ്ങള്‍ നീങ്ങുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡന്റ് പദത്തില്‍നിന്ന് മാറ്റണമെന്ന സമ്മര്‍ദം കോണ്‍ഗ്രസില്‍ ശക്തമാകുമ്പോള്‍ കെ മുരളീധരനടക്കമുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും മുല്ലപ്പള്ളിയ്ക്കെതിരെ രംഗത്തുണ്ട്. കോണ്‍ഗ്രസിലെ എതിര്‍പ്പുകള്‍ക്ക് എരിവുപകരുന്നതായിരുന്നു മുസ്ലിംലീഗിന്റെ അനിഷ്ടം. ജമാ അത്തെ ഇസ്ലാമി ബന്ധം വിവാദമാക്കിയതോടെ ലീഗിന്റെ കണ്ണിലെ കരടായി മുല്ലപ്പള്ളി മാറി. യോജിച്ച്‌ പോകാനാകില്ലെന്ന നിലപാട് ലീഗ് എഐസിസി നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.

ഒടുവില്‍ ലീഗും കോണ്‍ഗ്രസിലെ ഒരുവിഭാഗവും ഒരുക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് മുല്ലപ്പള്ളിക്കുള്ള സ്ഥാനാര്‍ഥിത്വം.
മുല്ലപ്പള്ളി സ്ഥാനാര്‍ഥിയാകും മുമ്പേ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനയി കെ സുധാകരന്‍ അടക്കമുള്ളവര്‍ ചരടുവലി തുടങ്ങിയിട്ടുമുണ്ട്.

ഫലത്തില്‍ നാലുവര്‍ഷത്തോളം കോണ്‍ഗ്രസിനെ നയിച്ച നേതാവിനെ ഘടക കക്ഷികളും ലീഗും ചേര്‍ന്ന് മൂലയിലാക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News