നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ ഹാജരാക്കാത്തതിനാല്‍ വിചാരണ ഇന്ന് തുടങ്ങാനായില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് തുടങ്ങാനായില്ല.മാപ്പുസാക്ഷി വിപിന്‍ലാലിനെ ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് വിചാരണ മുടങ്ങിയത്.വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിപിന്‍ലാലിനെ 23 ന് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു.ചട്ടവിരുദ്ധമായി വിപിന്‍ലാലിനെ ജയില്‍മോചിതനാക്കിയ നടപടിചോദ്യം ചെയ്തുള്ള ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു കോടതിയുടെ ഉത്തരവ്. വിപിന്‍ലാലിനെ ഇന്ന് വിസ്തരിക്കാമെന്നും കോടതി അറിയിച്ചിരുന്നു.എന്നാല്‍ വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഇതെത്തുടര്‍ന്ന് വിപിന്‍ലാലിനെ ഈമാസം 23 ന് ഹാജരാക്കാന്‍ നിര്‍ദേശിച്ച് കോടതി ഇയാള്‍ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. അതേ സമയം വിചാരണ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി കാവ്യാമാധവന്‍റെ സഹോദരനെയും ഭാര്യയെയും നാളെ വിസ്തരിക്കാമെന്നും കോടതി അറിയിച്ചു.

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതും കോടതി ഈ മാസം 23 ലേക്ക് മാറ്റി. 116 സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. മാര്‍ച്ച് 17നകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here