മലയാള സിനിമയുടെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സാംസ്കാരിക കേരളം വിട നൽകി. പയ്യന്നൂർ കോറോത്തെ തറവാട്ടു വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പയ്യന്നൂർ കോറോത്തെ പുല്ലേരി വാധ്യാർ ഇല്ലത്ത് നിരവധി പേരെത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പൊതുദർശനം. തുടർന്ന് ഒദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
മക്കളായ ഭവദാസൻ നമ്പൂതിരി, ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ എന്നിവർ അന്ത്യകർമ്മങ്ങൾ ചെയ്തു. മുഖ്യമന്ത്രിക്ക് വേണ്ടി ആർ ഡി ഒ സൈമൺ ഫെർണാണ്ടസ്, സംസ്ഥാന സർക്കാറിന് വേണ്ടി തഹസിൽദാർ കെ ബാലഗോപാൽ എന്നിവർ റീത്ത് സമർപ്പിച്ചു.
സി പി ഐ എമ്മിന് വേണ്ടി പി ജയരാജൻ, ടി ഐ മധുസൂതനൻ എന്നിവരും അമ്മ ഉൾപ്പെടെയുള്ള സിനിമ സംഘടന പ്രതിനിധികളും റീത്ത് സമർപ്പിച്ചു. മനുഷ്യത്വം നിറഞ്ഞ കലാകാരനെയാണ് മലയാളിക്ക് നഷ്ടമായതെന്ന് സിനിമാ താരം സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
കോവിഡാനന്തര ശാരീരിക അവശതകളെ തുടർന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അന്ത്യം.
Get real time update about this post categories directly on your device, subscribe now.