കിഴക്കമ്പലത്തെ കടമ്പ്രയാറില്‍ കോളിഫോം സാന്നിധ്യം അപകടകരമെന്ന് റിപ്പോര്‍ട്ടുകള്‍

കിഴക്കമ്പലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പെരിയാറിന്റെ കൈവഴിയായ കടമ്പ്രയാറില്‍ വിസര്‍ജ്യങ്ങള്‍ കലര്‍ന്നുള്ള മലിനീകരണം അതീവഗുരുതരമെന്ന് കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.
മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ കലരുമ്പോഴുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് പുഴവെള്ളത്തില്‍ അനുവദനീയമായതിന്റെ 200 ഇരട്ടിയിലേറെയാണ് കടമ്പ്രയാറിലുള്ളത്.

ശുദ്ധീകരിച്ചുപോലും ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തത്ര മലിനമാണ് ഈ വെള്ളമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിനുകീഴിലെ എന്‍വയോണ്‍മെന്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പുറത്തിറക്കിയ നദികളിലെ ജലഗുണനിലവാരം സംബന്ധിച്ച 2019ലെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം.

കടമ്പ്രയാറിന്റെ മനക്കക്കടവ്, ബ്രഹ്മപുരം ഭാഗത്തെ ജലഗുണനിലവാരമാണ് വെവ്വേറെ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടിടത്തെയും ജലോഷ്മാവ്, പിഎച്ച്, ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് (ബിഒഡി), നൈട്രേറ്റ് എന്‍ എന്നിവയുടെ നിലവാരവും പട്ടികയിലുണ്ട്. മനുഷ്യവിസര്‍ജ്യത്തില്‍നിന്നുള്ള മലിനീകരണത്തോതും മറ്റ് വിസര്‍ജ്യങ്ങളില്‍നിന്നുള്ള മലിനീകരണത്തിന്റെ അളവും പ്രത്യേകമുണ്ട്.

2018ലെ കണക്കനുസരിച്ച് ബ്രഹ്മപുരം ഭാഗത്ത് മനുഷ്യവിസര്‍ജ്യത്തില്‍നിന്നുള്ള കോളിഫോമിന്റെ അളവ് 100 മില്ലിലിറ്റര്‍ ജലത്തില്‍ 790 മുതല്‍ 4600 വരെയും മനക്കക്കടവ് ഭാഗത്ത് 200 മുതല്‍ 4300 വരെയുമാണ്. കൊച്ചി കോര്‍പറേഷന്റെ മാലിന്യസംസ്‌കരണ പ്ലാന്റും മറ്റ് ചെറുകിട വ്യവസായ യൂണിറ്റുകളുമൊക്കെയാണ് ബ്രഹ്മപുരം ഭാഗത്തെ കടമ്പ്രയാര്‍ മലിനീകരണത്തിന്റെ പ്രധാന ഉത്തരവാദികള്‍.

2019ലെ റിപ്പോര്‍ട്ടുപ്രകാരം കടമ്പ്രയാറിന്റെ ബ്രഹ്മപുരം ഭാഗത്തെ വെള്ളത്തില്‍ 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ 200 മുതല്‍ ഒരുലക്ഷംവരെ കോളിഫോം ബാക്ടീരിയ അടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. മറ്റ് വിസര്‍ജ്യങ്ങളും ഉള്‍പ്പെടുമ്പോള്‍ ഇത് 700 മുതല്‍ 1,20,000 വരെയാകുന്നു. മനക്കക്കടവ് ഭാഗത്ത് മനുഷ്യവിസര്‍ജ്യത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലിലിറ്ററില്‍ 12 മുതല്‍ 6300 വരെയാണ്. മറ്റ് വിസര്‍ജ്യങ്ങള്‍ ഉള്‍പ്പെടെ 340 മുതല്‍ 7900 വരെയാണ് കോളിഫോം ബാക്ടീരിയ കലര്‍ന്നിട്ടുള്ളത്.

എന്നാല്‍, കിഴക്കമ്പലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന കടമ്പ്രയാറിന്റെ മനക്കക്കടവ് ഭാഗത്തെ മലിനീകരണത്തിന്റെ പേരില്‍ വമ്പന്‍ ടെക്സ്റ്റൈല്‍ യൂണിറ്റിനെതിരെ വര്‍ഷങ്ങളായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെ എണ്ണായിരത്തോളംപേര്‍ ഇവിടെ താമസിച്ച് ജോലി ചെയ്യുന്നുണ്ട്. അവിടെനിന്നുള്ള മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ മാലിന്യം പുറത്തേക്കൊഴുക്കുന്നത് പലപ്പോഴും പരാതിയുമാകാറുണ്ട്. പെരിയാര്‍വാലി കനാലുകള്‍വഴി മാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നതിനെതിരെ കിഴക്കമ്പലത്ത് വലിയ പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. പൊതു ജലാശയങ്ങളില്‍ മാലിന്യം തള്ളല്‍ തുടരുന്നുവെന്നാണ് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചിത്രപ്പുഴയുടെ ഇരുമ്പനം ഭാഗത്തും പെരിയാറിന്റെ പാതാളം, ഏലൂര്‍, കളമശേരി ഭാഗത്തും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഏലൂര്‍ ഭാഗത്ത് 100 മില്ലിലിറ്ററില്‍ 43,000 വരെയാണ് കോളിഫോം ബാക്ടീരിയ കലര്‍ന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here