പറയവാദി വിളിക്ക് എന്റെ മുലപ്പാല്‍ ഭാഷയിലൂടെ ഞാന്‍ മറുപടി നല്‍കി: മൃദുലാദേവി

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഓരോ ദിവസവും ശക്തമായി മുന്നേറിക്കൊണ്ടേയിരിക്കുകയാണ്. ആ സിനിമ സംസാരിക്കുന്ന രാഷ്ട്രീയം അത്രമേൽ ശക്തമായതുകൊണ്ട് തന്നെ…… ഗ്രേറ്റ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയുടെ രാഷ്ട്രീയം പോലെ തന്നെ  സിനിമയിലെ പാട്ടും ശ്രദ്ധിക്കണം.കടുത്ത രാഷ്രീയം ഒളിഞ്ഞിരിക്കുന്ന മൃദുലമായ വരികൾ അല്ലെ അത്.വരികളുടെ ഉടമ മൃദുലാദേവിയെപോലെ തന്നെ.

മൃദുലാദേവിയുടെ “ഒരു കുടം പാറ്….. ” എന്ന സുന്ദരമായ വരികൾ. സാമ്പ്രദായിക പാട്ടെഴുത്ത് രീതിയെ ഒന്നു മാറ്റി പിടിച്ച മൃദുലാദേവി സോഷ്യൽ മീഡിയക്കും പൊതുസമൂഹത്തിനും പുതിയ ആൾ അല്ല .പക്ഷെ സിനിമ പാട്ടെഴുത്തിൽ പുതിയ ആൾ ആണെന്ന് മാത്രം .

സമൂഹത്തിൽ വിപ്ലവാത്മമായ ചലനങ്ങൾ ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ആളാണ് മൃദുല.എവിടെയും നിലപാടുകളാൽ ശ്രദ്ധിക്കപ്പെട്ടവൾ, നീതിക്കായി വാദിക്കുന്നവൾ ,അനാവശ്യ വിമർശനങ്ങളെ നിസ്സാരമായി കാണാൻ കെൽപ്പുള്ളവൾ, രസമുള്ള തമാശ പറയുന്നവൾ ഇത്തരത്തിൽ ഒരുപാട് പറയാനുണ്ട് മൃദുലയെപ്പറ്റി. മൃദുലക്കെന്താവും മൃദുലയെപ്പറ്റി പറയാനുണ്ടാവുക? കേൾക്കാം

പറയവാദി എന്ന് വിളിക്കുന്ന സമൂഹത്തിനുമുന്നില്‍ എന്റെ മുലപ്പാല്‍ ഭാഷയും അതിലൂടെ വന്ന കവിതയും എനിക്ക് അവസരമൊരുക്കി തന്നദൃശ്യരായിട്ടും അദൃശ്യരാക്കപ്പെടുന്ന ദളിത് സമൂഹത്തിന് വേണ്ടി ശബ്ദിക്കുന്ന ആക്റ്റിവിസ്റ്റാണ് ഞാന്‍ ,

ദളിതരെ ഉള്‍പ്പെടുത്തിയാല്‍ ഒരു പ്രെഡക്റ്റ് വിറ്റ് പോകില്ലാ എന്ന വാദം ഉണ്ടായിരുന്നു. അത് മാറി കിട്ടി. ഇന്നും ജാതിയധിഷ്ഠിതമായി നിലകൊള്ളുന്ന ഒരു ഇടത്തില്‍ എത്തി പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടുന്നതായി ഈ എന്‍ട്രിയെ ഞാന്‍ കാണുന്നു.

സിനിമ എനിക്ക് എന്നും

സിനിമയും എനിക്ക് ആക്റ്റിവിസത്തിന്റെ ഭാഗമാണ് . എന്റെ ആക്റ്റിവിസത്തിലെ മറ്റൊരു വാതായനം കൂടി തുറന്നതായിട്ടാണ് ഞാന്‍ സിനിമയെ കാണുന്നത്. ഇതിന് മുന്‍പ് ഞാന്‍ ഞാവല്‍പ്പഴങ്ങള്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.പൂര്‍ണമായും ദളിത് സാങ്കേതിക പ്രവര്‍ത്തകരെ ചേര്‍ത്തു കൊണ്ട് ജീവ ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്തു സജിത് കുമാര്‍ തിരക്കഥ എഴുതിയ സിനിമയുടെ ഇംഗ്ലീഷ് സബ് ടൈറ്റില്‍ ഞാന്‍ എഴുതിയിട്ടുണ്ട്.

സിനിമാനിരൂപണം, ആസ്വാദനം ഒക്കെ കഴിഞ്ഞ അഞ്ച് വര്‍ഷമായി എഴുതുന്നുണ്ട്. ഡബ്ലിയു സി സി യുടെ പി കെ റോസി ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്തത് ഞാനാണ്. ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്നത് എന്റെ സിനിമാ താത്പര്യങ്ങളുടെ ഭാഗമായി തന്നെയാണ്. എന്നാല്‍ മലയാള സിനിമ എന്ന മുഖ്യധാര യിലേയ്ക്ക് ഞാനെത്തുന്നത് ഈ സിനിമ വഴിയാണ്. ഇനി തുടര്‍ന്നും എന്റെ ആക്റ്റിവിസത്തിന്റെ ഭാഗമായിട്ട് സിനിമയെ നോക്കി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് .

എന്റെ എഴുത്ത് എനിക്ക്

എഴുത്ത് ഒരു അധികാരമാണ് ആ അധികാര കോട്ടയില്‍ പ്രവേശിക്കാന്‍ ദളിത് സ്ത്രീയായ എനിക്ക് സാധിച്ചത് ദലിതുകളായ ഏറെ പേര്‍ക്ക് ആന്മവിശ്വാസം നല്‍കുമെന്ന് കരുതുന്നു. . ഒരു തനി ദളിത് പ്രോഡക്റ്റ് വിറ്റ് പോകില്ല എന്നൊരു ചിന്താഗതി സിനിമാലോകത്തു എക്കാലത്തും ഉണ്ട്. എന്നാല്‍ അതിന് ഒരു മാറ്റം ഉണ്ടാകും എന്ന് ഈ സിനിമയിലൂടെ എന്റെ പ്രവേശനം വഴിയും, ഞാന്‍ നല്‍കിയ ഉത്പന്നം വഴിയും വ്യക്തമാകുന്നു. എന്റെപ്പോലുള്ളവരുടെ എഴുത്തുകള്‍ക്ക് സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ സാധിക്കും എന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്റെ പ്രവര്‍ത്തനം

ആറു വര്‍ഷമായി ദലിത്, ആദിവാസി അതീവ പിന്നോക്ക മേഖലയിലെ വിഷയങ്ങളില്‍ ഞാന്‍ ഇടപെടുന്നുണ്ട്. ഏതെങ്കിലും പ്രബല ജാതി സമൂഹത്തിന്റെ പിന്‍ബലത്തിലല്ല ഞാന്‍ ഇടപെടലുകള്‍ നടത്തുന്നത്. അതിനാല്‍തന്നെ ഞാന്‍ ആരെയും അനാവശ്യമായി ഭയക്കില്ല.ഒരാളുടെയും ഇഷ്ടത്തിനനുസരിച്ചു പ്രീണിപ്പിച്ചു സംസാരിക്കുക എന്ന ഗതികേട് എനിക്ക് ഉണ്ടാവരുത് എന്ന് കരുതിയാണ് ഈ മേഖലയില്‍ ഇടപെടുന്നത്.

മൃദുലദേവി

ഞാന്‍ ഒരു സമാന്തര മാസികയുടെ (പാഠഭേദം )എഡിറ്റര്‍ ആണ്. കേരളത്തില്‍ ഒരു സമാന്തര മാസികയുടെ എഡിറ്റര്‍ ആയി ഒരു ദളിത് വനിത ഉണ്ട് എന്ന് കേരളത്തിലെ ദളിത് സാംസ്‌കാരിക സമൂഹമോ, പൊതു സമൂഹമോ അവരുടെ എഴുത്തുകളില്‍ എന്നെ അടയാളപ്പെടുത്തിയിട്ടില്ല. വര്‍ഷാവര്‍ഷം ഇറങ്ങുന്ന കവിതകളുടെയും, എഴുത്തുകളുടെയും കണക്കെടുപ്പില്‍ ദലിത് എഴുത്തുലോകം എവിടെയും എന്നെ പരാമര്‍ശിച്ചിട്ടില്ല. ഒരിക്കല്‍ ബി എസ് പിയുടെ സാംസ്‌കാരിക പരിപാടിയില്‍ എനിക്കൊരു വേദി തന്നതല്ലാതെ മറ്റൊരു കവിയരങ്ങിലും എനിക്ക് ഇടം കിട്ടിയിട്ടില്ല.എന്നെ ഒഴിവാക്കുമ്പോള്‍ എന്തുകൊണ്ട് മൃദുലയുടെ പേരില്ല എന്ന് ആരും ചോദിക്കില്ല.

കാക്ക എല്ലാവര്‍ക്കും വേണ്ടി കരയും. കാക്കയ്ക്ക് വേണ്ടി ആരും കരയില്ല. ഏതു ആള്‍ക്കൂട്ടത്തിലും ഒറ്റയാവുക എന്നത് എനിക്ക് ശീലമായിരുന്നു. കൂടുതലും ബദല്‍ പ്രസിദ്ധീകരണങ്ങളിലാണ് എന്റെ എഴുത്തുകള്‍ വന്നിരുന്നത് മുഖ്യധാരയിലേക്ക് എഴുത്തുകള്‍ വന്നിരുന്നില്ല. എന്റെ എഴുത്തുകള്‍ വന്നത് കൂടുതലും സമാന്തര മാസികകളില്‍ ആയിരുന്നു .മുഖ്യധാരാ പത്രപ്രവര്‍ത്തനവും സമാന്തര പത്രപ്രവര്‍ത്തനവും യോജിച്ചു പോകാത്തതിനാല്‍ സമാന്തര മാസികയുടെ എഡിറ്റര്‍ പദവി മുഖ്യധാരയ്ക്ക് കല്ലുകടി ആയിട്ടുണ്ടാവാം.

പാട്ടിന്റെ എഴുത്തിലേയ്ക്ക്എത്തിയത്?

കോവിഡ് സമയത്താണ് ഞാന്‍ പാട്ടിന് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ദലിത് സമൂഹത്തില്‍ നിന്നുമുള്ള പറയവാദി വിളി പേടിച്ച് ഞാന്‍ ആ ഭാഷയില്‍ ഉള്ള എഴുത്തു നിര്‍ത്തിയിരുന്നു. എന്നെ അമിതമായി ആ വിളി ഭയപ്പെടുത്തിയിരുന്നു. പിന്നീട് ആ ഭാഷയില്‍ എഴുതിയപ്പോള്‍ ഇത് എഫ്ബിയില്‍ പോസ്റ്റ് ചെയ്യുവാന്‍ എനിക്കുള്ള ഭയം മാറിയത് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇട്ടുനോക്ക് എന്ന് പറഞ്ഞപ്പോഴാണ്. അനില്‍കുമാര്‍ ഡേവിഡിനെയും, അശോകന്‍ മറയൂരിനെയും ചേര്‍ത്തു പിടിക്കുന്ന ഭാഷാ സ്‌നേഹികള്‍ എന്നെ പുറം തള്ളിയത് എന്തിനാണ്. ടി ടി ശ്രീകുമാര്‍ മാത്രമാണ് എന്റെ പേര് ഈ ഭാഷയുമായി ബന്ധപ്പെട്ടു എവിടെയെങ്കിലും എഴുതിയത്.

എന്നെക്കൂടി ചേര്‍ത്തുപിടിക്കേണ്ടത് ഇവിടുത്തെ ദളിത് സാംസ്‌കാരിക ലോകത്തിന്റെ ഉത്തരവാദിത്തം ആണെന്നാണ് ഞാന്‍ കരുതുന്നത് .എങ്കിലും എന്റെ കാര്യത്തില്‍ ഇനം തിരിക്കല്‍ ഉണ്ടായിട്ടുണ്ട്. ഞാനല്ല മറ്റൊരാളായിരുന്നെങ്കില്‍ സമാന്തര മാസികയുടെ വനിതാ എഡിറ്റര്‍ പദവി രേഖപ്പെട്ടേനെ. . സമാന്തര പ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം ഫെയ്‌സ് ബുക്കിനെക്കൂടി ആശ്രയിച്ച എന്റെ എഴുത്തിന് ഒരു പുതുജീവന്‍ നല്‍കാന്‍ ഫെയ്‌സ്ബുക്കിലൂടെ തന്നെ സാധിച്ചു എന്നതാണ് എന്നെ ഈ സിനിമയുടെ ഭാഗമാക്കിയതിന്റെ പ്രധാന കാരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് സംവിധായകന്‍ ജിയോ ബേബി അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടി ഈ കവിത ആവശ്യപ്പെട്ടുകയായിരുന്നു. എത് സിനിമ എന്ന ചോദ്യം പോലും എന്റെ ഭാഗത്തു നിന്നും ആദ്യം ഉണ്ടായില്ല. ഒന്നും ആലോചിക്കാതെ ഞാന്‍ സമ്മതം പറഞ്ഞു. പിന്നീട് നടന്ന സംഭാഷണത്തില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. അങ്ങനെ എന്റെ വരികള്‍ സിനിമയുടെ ആദ്യ ഭാഗത്തും,അവസാന ഭാഗത്തും ഉണ്ടായി.

പാളുവ ഭാഷ?

പറയ ഭാഷയായ പാളുവഭാഷ എന്റെ മുലപ്പാല്‍ ഭാഷയാണ്. ഇവിടുത്തെ തദ്ദേശീയ ജനവിഭാഗങ്ങള്‍ ആയിട്ടുള്ള മനുഷ്യരുടെ ജീവഭാഷയാണിത്. ഇത് പണ്ട് മുതലെ ഇവിടെ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങള്‍ വന്നിട്ടുണ്ട്. ഇത് അടിമ കാലഘട്ടങ്ങളില്‍
പരസ്പരം സംസാരിക്കാന്‍ ഉണ്ടാക്കിയ ഭാഷയാണ് എന്ന് ഒരു വാദം നിലനില്‍ക്കുന്നുണ്ട്. അതില്‍ ലോജിക്കില്ല. ഈ ഭാഷ പണ്ടു മുതലെ ഇവിടയുണ്ട്. വിഭവത്തിന്മേലും അധികാരത്തിന്മേലും,അധികാരമുള്ളവരുടെ ഭാഷയാണെല്ലോ സമൂഹത്തിന്റെ ഭാഷയായി മാറുന്നത്. ദേശിയ സ്വഭാവത്തിലേയ്ക്ക് മലയാളം ഉയര്‍ന്നപ്പോള്‍ ഇവിടയുള്ള ജീവാ ഭാഷകള്‍ പിന്‍വലിഞ്ഞു പോയി.

ഈ ഭാഷയില്‍ മുന്‍പും നിരവധി എഴുത്തുകള്‍, പാട്ടുകള്‍, പറച്ചിലുകള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്.സമുദായത്തിനകത്തുനിന്നും ചിലര്‍ ഈ ഭാഷയെ ഗൂഢസ്വഭാവത്തോടെ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. അതിനാല്‍ തന്നെ അതു എതിര്‍ക്കുന്നവരുടെ ഇടയില്‍നിന്നും പലതരം സാംസ്‌കാരികതകള്‍ പണ്ട് മുതല്‍ക്കേ മുളപൊട്ടാറുമുണ്ട്. നിരവധി രചനകള്‍ ഈ ഭാഷയില്‍ നിന്നും ഉണ്ടായിട്ടുണ്ട്.പലതും എഴുതിവച്ചവ പ്രസിദ്ധീകരിക്കാന്‍ ഇടം കിട്ടാതെ, പുറം ലോകം കാണാതെ മണ്‍ മറഞ്ഞവയാണ്.

സമുദായത്തില്‍ നിന്നുള്ള പിന്തുണ /എതിര്‍പ്പ്

പ്രത്യേകിച്ച് എതിര്‍പ്പും പിന്തുണയും ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം. ചിലര്‍ എന്നെ ‘പഠിപ്പിക്കാന്‍’ വരാറുണ്ട്. അവരോടു ഞാന്‍ പറഞ്ഞത് ഭാഷ ഇന്നലെയും, മിനിഞ്ഞാന്നും അവിടെ ഉണ്ടായിരുന്നു. അപ്പോളൊന്നും അതിനെ ഇഷ്ട കലാരൂപത്തില്‍ ആക്കാതെ ഞാന്‍ ഇടപെട്ടപ്പോള്‍ മാത്രം ജ്ഞാനികളായി അവതരിച്ചാല്‍ ഞാന്‍ മൈന്‍ഡ് ചെയ്യില്ല’ എന്ന് തന്നെയാണ്.

നൈജീരിയന്‍ എഴുത്തുകാരനായ ചിനുവ അച്ചബെ തന്റെ ഗോത്രഭാഷയെ പാന്‍ ആഫ്രിക്കന്‍ ഐക്യത്തിനായി ഉപയോഗിച്ചിരുന്നു. ഹാര്‍ലെം നവോത്ഥാനത്തിലും ആഫ്രിക്കന്‍ ഗോത്രഭാഷകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അത്തരത്തിലുള്ള രാഷ്ട്രീയ, സാംസ്‌കാരിക കൈകോര്‍ക്കലുകള്‍ക്ക് ദളിത് ജീവഭാഷകള്‍ക്കു നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.

മൃദുല കൂടി ഭാഗമായ ഈ സിനിമ പറയുന്ന രാഷ്ട്രീയം പോലെ തന്നെ അല്ലെ നമ്മുടെ ഇപ്പോഴത്തെ സമൂഹത്തിന്റെ രാഷ്ട്രീയവും, പുരുഷാധിപത്യത്തില്‍ നിന്നും നമ്മള്‍ സ്ത്രീകള്‍ മോചിതരാകും എന്ന് തോന്നുന്നുണ്ടോ ? അതിന് സ്ത്രീകള്‍ മുന്‍ കൈ എടുക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ?

പുരുഷാധിപത്യത്തില്‍ നിന്നും അത്ര പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല. അതു ഒരു ദീര്‍ഘകാല പ്രക്രിയ്യയായി കരുതി അതിനനുസരിച്ചു കരിക്കുലമടക്കം, ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ സാംസ്‌കാരികതയുടെ ചെറിയ ഇടങ്ങള്‍ ഇവയെല്ലാം അഴിച്ചുപണിത് തന്നെ മാറ്റിയെടുക്കേണ്ടതാണ്.സ്ത്രീകളും, എല്‍ ജി ബി ടി ഐ ക്യൂ സമൂഹങ്ങളും മുന്‍കൈ എടുക്കണം എന്ന് ഞാനും കൂടി ആവശ്യപ്പെടുന്നു.

സ്വയം പിആര്‍ വര്‍ക്ക്

എന്റെ പേരിന്റെ അറ്റത്ത് നമ്പ്യാര്‍ എന്നോ നായര്‍ എന്നോ ഉണ്ടായിരുന്നെങ്കില്‍ സെല്‍ഫ് പ്രമോഷന്‍ ചെയ്യുന്നു എന്ന തരത്തിലുള്ള ആരോപണം ഉണ്ടാകുമായിരുന്നില്ല. കേവലം ഒരാളാണ് ഇങ്ങനെ ഉന്നയിച്ചത് .അപ്പോള്‍ത്തന്നെ ഞാന്‍ ഇടപെട്ടു.

ഞാന്‍ എനിക്ക് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുന്നു എന്ന് പറയുന്നത് ഞാന്‍ ഒരിക്കലും നിഷേധിക്കുന്നില്ല കാരണം ഞാന്‍ സെല്‍ഫ് പ്രമോഷന്റെ അങ്ങേയറ്റമാണ് എനിക്ക് ചെയ്യാന്‍ പറ്റുന്ന മാക്‌സിമം ഇനിയും ചെയ്യും.

എന്നെപ്പറ്റി ഏറ്റവും നന്നായി അറിയുന്ന വ്യക്തി ഞാന്‍ തന്നെയാണ് അതുകൊണ്ടുതന്നെ ഞാനാണ് എനിക്ക് പി ആര്‍ വര്‍ക്ക് ചെയ്യാന്‍ ഏറ്റവും മികച്ച ആള്‍ എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ആന്റി സോഷ്യല്‍ ആകുമ്പോള്‍ നിങ്ങള്‍ ഇടപെടണം. നിയമപരമായി നേരിട്ടു എന്നെ അപ്രസക്തമാക്കണം.

ഒരു എഴുത്തുകാരിയായ ഞാന്‍ എനിക്കുവേണ്ടി, എന്റെ പ്രമോഷന് വേണ്ടി എഴുതിക്കൂട്ടുന്നു എന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും അസഹിഷ്ണുത ഉണ്ടാക്കുന്നുവെങ്കില്‍ ആ അസഹിഷ്ണുതയാണ് എന്റെ വിജയം എന്നാണ് ഞാന്‍ കരുതുന്നത്. അതിനുവേണ്ടി അല്‍ജസീറ, ബി ബി സി തുടങ്ങിയ മാധ്യമങ്ങള്‍ കടന്നുവരുമെന്നൊന്നും കരുതി ഞാന്‍ കാത്തിരിക്കില്ല. ‘എല്ലാം ഗുരു കാരണവന്മാരുടെ പുണ്യം ‘ എന്നൊന്നും പറഞ്ഞു എളിമപ്പെടാനും ഞാനില്ല. ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ സെല്‍ഫ് പ്രമോഷന് അതില്‍ നിര്‍ണായകമായ പങ്കുണ്ട്.. ഇനിയും അതുണ്ടാവും.

പോയട്രിയ ഗ്രൂപ്പ് എന്ന കവിത ഗ്രൂപ്പ്, പയമേ പണലി മലയാളം മിഷന്‍ എന്നിവ വഴിയാണ് എനിക്ക് പാളുവ ഭാഷയില്‍ ആദ്യഘട്ട പ്രോത്സാഹനം ലഭിച്ചതെന്ന് നന്ദിയോടെ ഓര്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here