പുനലൂർ:. കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങി രണ്ട് പേരെ രക്ഷിച്ച ശേഷം ബോധരഹിതനായ യുവാവ് മരിച്ചു. പുനലൂർ വെഞ്ചേമ്പ് അയണിക്കോട് അനീഷ് ഭവനിൽ അനീഷ് (38) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പിറവന്തൂർ തച്ചക്കുളം രേഖാ മന്ദിരത്തിൽ രത്നാകരൻ്റെ വീട്ടിലാണ് സംഭവം. കോരിയിറച്ച കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ പ്രദേശവാസിയായ കൊച്ചു ചെറുക്കൻ ആണ് ആദ്യം കിണറ്റിലിറങ്ങുന്നത്. ശ്വാസം മുട്ടി ഇയാൾ ബോധരഹിതനായതിനെ തുടർന്ന് ഇയാളെ രക്ഷിക്കാനായി അനീഷിൻ്റെ ബന്ധു രാധാകൃഷ്ണൻ എന്നയാൾ കിണറ്റിൽ ഇറങ്ങി.
ഇയാൾക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അനീഷ് ഇവരെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയത്. കൊച്ചു ചെറുക്കനെയും രാധാകൃഷ്ണനെയും നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച ശേഷം കിണറ്റിൽ നിന്നും പുറത്തേക്ക് കയറാനുള്ള ശ്രമത്തിനിടെ അനീഷ് ബോധരഹിതനായി കിണറ്റിലേക്ക് വീഴുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി അനീഷിനെ പുറത്തെടുത്ത് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കുവാനായില്ല.. പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കോവിഡ് ടെസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Get real time update about this post categories directly on your device, subscribe now.