ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്

മലയാള സിനിമയുടെ പ്രയ മുത്തഛന്‍ ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുമായുളള സ്‌നേഹ ഓര്‍മ്മകള്‍ പങ്കുവച്ച് എം ബി രാജേഷ്
എം ബി രാജേഷിന്റെ കുറിപ്പ് ഇങ്ങനെ;

മലയാള സിനിമയിലൂടെ എല്ലാവരുടേയും മുത്തഛനായ ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി
സിനിമക്കപ്പുറം എനിക്ക് വ്യക്തിപരമായി ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ വിയോഗം അത്രമേല്‍ വ്യക്തിപരമായ ദുഃഖവും നഷ്ടവുമാണെനിക്ക്.12 വര്‍ഷത്തെ ഉറ്റ ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്.
2009 ല്‍ അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കാള്‍ എന്നെ തേടി വന്നതോടെ തുടങ്ങിയ സ്‌നേഹ ബന്ധമാണത്. ഞാന്‍ പാര്‍ലിമെന്റിലേക്ക് ആദ്യം മല്‍സരിക്കുന്ന സമയം. അദ്ദേഹം എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുകയാണ്. എനിക്ക് വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്റെ ചില ബന്ധുക്കള്‍ പാലക്കാട് മണ്ഡലത്തിലുണ്ട്.അവരോട് അദ്ദേഹം എനിക്ക് വോട്ടു ചെയ്യാന്‍ ഞാന്‍ അറിയാതെ തന്നെ പറഞ്ഞിരുന്നു. അവരെ ഞാന്‍ നേരിട്ട് ഒന്ന് വിളിച്ച് വോട്ട് അഭ്യര്‍ത്ഥിക്കണം എന്നു പറയാനാണ് നമ്പര്‍ തപ്പിയെടുത്ത് എന്നെ വിളിക്കുന്നത്. പല തവണ വിളിച്ച് ഞാന്‍ അവരെ വിളിച്ചുവെന്ന് ഉറപ്പാക്കി. എന്നിട്ട് എന്നോടു പറഞ്ഞു- ‘എനിക്ക് പാലക്കാട് വന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇവിടിരുന്നു കൊണ്ട് കഴിയാവുന്നതൊക്കെ ചെയ്യുന്നുണ്ട്. ‘
ഞാന്‍ പയ്യന്നൂരിലോ പരിസരത്തോ പരിപാടികള്‍ക്കു പോകുമ്പോഴെല്ലാം വീട്ടില്‍ പോയി കണ്ടു.അതില്‍ ഒരു നീണ്ട ഇടവേള ഉണ്ടായപ്പോള്‍ ഒരിക്കല്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു- ‘ ഒന്നു കാണാന്‍ തോന്നുന്നു. ഒരു ദിവസം ഇവിടെ വരെ വരണം. എനിക്ക് അങ്ങോട്ടു യാത്ര ചെയ്തു വരാനുള്ള ആരോഗ്യമില്ലല്ലോ.’എന്തായാലും വരാം എന്ന് ഞാന്‍ ഉറപ്പും കൊടുത്തു. എന്റെ തിരക്കുകള്‍ മൂലം പയ്യന്നൂര്‍ യാത്ര നീണ്ടു കൊണ്ടിരുന്നു. ഇതിനിടയില്‍ അദ്ദേഹം നിരന്തരം വിളിച്ചുകൊണ്ടുമിരുന്നു. ഒരിക്കല്‍ വിളിച്ചിട്ടു പറഞ്ഞു- ‘വയസ്സ് 95 ആയി. വേഗം വന്നില്ലെങ്കില്‍ കാണല് ഇനി തരായി എന്നു വരില്ല. ‘
അത് എന്റെ മനസ്സില്‍ തറച്ച വാചകമായി.വലിയ കുറ്റബോധവും തോന്നി. തൊട്ടടുത്ത ദിവസം അതിരാവിലെ ഇന്റര്‍സിറ്റിക്ക് കയറി.അദ്ദേഹത്തെ കാണാന്‍ മാത്രം പയ്യന്നൂര് പോയി. നടക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ച് വീടിന്റെ ഉമ്മറത്ത് വന്ന് ഗാഢമായി ആശ്‌ളേഷിച്ചാണ് സ്വീകരിച്ചത്. എന്നെ കാണാന്‍ മാത്രം വന്നതല്ലേ അതുകൊണ്ട് വേറെ തിരക്കൊന്നുമില്ലല്ലോ എന്നും പറഞ്ഞ് ഒരു പാട് സംസാരിച്ചു.ഏ.കെ.ജി.യെക്കുറിച്ച് പിണറായിയെക്കുറിച്ച് പഴയ കാല പാര്‍ട്ടി സഖാക്കളെ ഒളിവില്‍ സംരക്ഷിച്ചതിനെക്കുറിച്ചൊക്കെ ആവേശത്തോടെയും അഭിമാനത്തോടെയും സംസാരിച്ചു. കമലഹാസനെയും രജനീകാന്തിനേയും മമ്മൂട്ടിയേയും കുറിച്ചും വാതോരാതെ പറഞ്ഞു. കൂട്ടത്തില്‍ ചാനല്‍ ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായം പറഞ്ഞു. പത്രങ്ങള്‍ പാര്‍ട്ടിക്കെതിരെ നല്‍കുന്ന വാര്‍ത്തകളെക്കുറിച്ച്.അതിലൊന്നും ഈ പ്രസ്ഥാനം തളരില്ലെന്ന ആത്മവിശ്വാസം. താമസിക്കുന്ന വീടിനോട് ചേര്‍ന്ന ഇല്ലം മുഴുവന്‍ എന്നെ കാണിക്കണമെന്ന് നിര്‍ബന്ധം. അതിന് പേരക്കുട്ടിയെ ഏല്‍പ്പിച്ചു.ആ ഇല്ലമായിരുന്നു പാര്‍ട്ടി നിരോധിച്ചപ്പോഴും അടിയന്തിരാവസ്ഥയിലും അനേകം കമ്യൂണിസ്റ്റുകാരെ പോലീസിന്റെ വലയില്‍ അകപ്പെടാതെ കാത്തത്. സഖാക്കളെ പോലീസിനു കൊടുക്കാതെ സംരക്ഷിച്ചതിനെക്കുറിച്ച് പറയുമ്പോള്‍ തൊണ്ണൂറ്റിയഞ്ചാം വയസ്സിലും അദ്ദേഹത്തിന്റെ കണ്ണുകള്‍ ജ്വലിച്ചു. സംസാരത്തിനിടയില്‍ പെട്ടെന്ന് എന്നോട് ഒരു ചോദ്യം.’ ഞാനൊന്ന് തലയില്‍ കൈവെച്ച് അനുഗ്രഹിക്കട്ടെ?’ ഞാന്‍ വേണ്ടെന്ന് പറഞ്ഞില്ല. സമ്മതം ചോദിക്കാതെ ചെയ്യരുതല്ലോ എന്ന് അദ്ദേഹം! തലയില്‍ കൈ വെച്ച് കുറേ നേരം സംസ്‌കൃതത്തില്‍ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ടിരുന്നു.പിന്നെ മലയാളത്തില്‍ സ്‌നേഹ വാല്‍സല്യങ്ങള്‍ വഴിത്ത നല്ല വാക്കുകളും ആശംസകളും. ഇറങ്ങാന്‍ നേരത്ത് വീണ്ടും ഗാഢമായ ആശ്ലേഷം. ഇനി ഭാര്യയേയും മക്കളേയും കൂട്ടി വരണമെന്ന ആവശ്യം. അത് എനിക്ക് നിറവേറ്റാനായില്ല. ഭാര്യക്കും മക്കള്‍ക്കും ഇപ്പോള്‍ അതൊരു വലിയ സങ്കടമായി.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അവസാന ശ്വാസം വരെ ഉറച്ച കമ്യൂണിസ്റ്റായിരുന്നു. അദ്ദേഹം എപ്പോഴും എന്നെ ഓര്‍മ്മിപ്പിച്ചത് എനിക്ക് കണ്ട ഓര്‍മ്മയില്ലാത്ത, കമ്യുണിസ്റ്റായ എന്റെ മുത്തഛന്‍ കൃഷ്ണന്‍ നായര്‍ മാഷെയാണ്. എനിക്ക് കാണാന്‍ കഴിഞ്ഞ എന്റെ കമ്യുണിസ്റ്റായ മുത്തഛനായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ഒരു അത്യാവശ്യ യാത്രയിലായിരുന്നതിനാല്‍ എനിക്ക് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനായില്ല. ക്ഷേമാന്വോഷണങ്ങളുമായി പതിവായി വന്നിരുന്ന ആ ഫോണ്‍ കാള്‍, അങ്ങേ തലക്കിലെ മുത്തഛന്റെ ആ വാത്സല്യച്ചിരി, കണ്ടുമുട്ടുമ്പോഴുള്ള ആ സ്‌നേഹാശ്ലേഷം ഇനിയില്ല എന്നത് വലിയ ശൂന്യതയാണ്.
പ്രതിബദ്ധതയും ധൈര്യവും സ്‌നേഹവും സര്‍ഗ്ഗാത്മകതയും ഒരു പോലെ പ്രകാശമാനമാക്കിയ ആ പൂര്‍ണ്ണ ജീവിതത്തിന് എന്റെ ലാല്‍സലാം !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel