Coconut climber അഥവാ തെങ്ങു കയറുന്ന പെണ്ണ്…. എഴുത്തുകാരി കെ.എ ബീനയുടെ കുറിപ്പ് വൈറലാകുമ്പോള്‍

ട്രാക്ക്സ്യൂട്ടും ബനിയനും അതിനു മുകളിലൊരു ഷര്‍ട്ടുമിട്ട് ബാക്ക്പാക്കും തോളത്തൊരു യന്ത്രവുമായി നടന്നുവരുന്ന സ്ത്രീയെ കണ്ടാല്‍ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും അപാരസാന്നിധ്യമാണെന്ന് വ്യക്തം…….

തെങ്ങുകയറുന്ന രജനിയെ കുറിച്ച് എഴുത്തുകാരി കെ എ ബീന എഴുതിയതിങ്ങനെയാണ്. രജനിയെ കുറിച്ച് ബീന എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

Coconut climber
അഥവാ
തെങ്ങു കയറുന്ന പെണ്ണ്..

”ആദ്യമൊക്കെ തെങ്ങിന്റെ മുകളിലിരുന്ന് നോക്കുമ്പോള് തല കറങ്ങുമായിരുന്നു. ആദ്യ ദിവസം ജോലി കഴിഞ്ഞു വന്ന് കിടക്കുമ്പോള് തെങ്ങ് ആടുന്നതുപോലെ ആടുമായിരുന്നു ഞാന്. തെങ്ങിന്റെ മുകളില് ചെല്ലുന്തോറും കനം കുറയും. എന്റെ ഭാരവും മെഷിന്റെ 12 കിലോ ഭാരവും കൂടിയാവുമ്പോള് അങ്ങോട്ടും ഇങ്ങോട്ടും തെങ്ങ് നിന്നാടും. തുടക്കത്തില് വലിയ പ്രയാസം തോന്നി. പിന്നെ പിന്നെ അതുമാറി.

ഇപ്പോള് ഏതു മഴയത്തും ഏതു തെങ്ങിലും ഞാന് കയറും. തെങ്ങും മെഷീനും ചതിക്കില്ല എന്നൊരു വിശ്വാസമുണ്ടെനിക്ക്. തെങ്ങുകളെ മക്കളെപ്പോലെ നോക്കണം. ചില വീടുകളിലൊക്കെ ചെല്ലുമ്പോള് തെങ്ങ് വെട്ടണമെന്ന് പറയും. ഞാന് അവരോട് തെങ്ങുകളെ സ്‌നേഹിക്കാന് പറയും. 20 വര്ഷം വരെ വളര്ത്തിയ മക്കളെ വല്ലവര്ക്കും കൊടുക്കുന്നതുപോലെയല്ലേ തെങ്ങ് വെട്ടിക്കളയുന്നത്. മക്കളോട് സംസാരിക്കുന്നത് പോലെ തെങ്ങുകളോട് സംസാരിക്കണം, അടുത്തു ചെല്ലണം, അപ്പോള് തെങ്ങുകളും തിരിച്ച് ആ സ്‌നേഹം കാണിക്കും.”

”Coconut climber”
രജനിയുടെ വിസിറ്റിംഗ് കാര്ഡിലെ വാക്കുകളില് പൊരുതലിന്റെ, പടവെട്ടി മുകളിലേക്ക് കയറുന്നതിന്റെ പൊരുള് ഒളിഞ്ഞുകിടക്കുന്നു. ട്രാക്ക്‌സ്യൂട്ടും ബനിയനും അതിനു മുകളിലൊരു ഷര്ട്ടുമിട്ട് ബാക്ക്പാക്കും തോളത്തൊരു യന്ത്രവുമായി നടന്നുവരുന്ന സ്ത്രീയെ കണ്ടാല് ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും അപാരസാന്നിധ്യമാണെന്ന് വ്യക്തം.

തെങ്ങു കയറാനാളില്ലാതെ വലയുകയാണ് കേരളം. ഉണങ്ങി വീഴുന്ന തേങ്ങകള് പെറുക്കിയെടുക്കല് മാത്രം പോംവഴിയാകുന്ന കാലം. പരമ്പരാഗതമായി തെങ്ങുകയറ്റക്കാരായിരുന്ന കുടുംബങ്ങളിലെ പുരുഷന്മാര് പോലും മറ്റു തൊഴിലുകള് തേടിപ്പോകുമ്പോള് ”ഇതാണെന്റെ ഇഷ്ടത്തൊഴില്” എന്ന് പറഞ്ഞ് രംഗത്തെത്തുന്ന കുറ പെണ്ണുങ്ങള്.

രജനിയുടെ ഭാഷ്യത്തില് ”പെണ്ണുങ്ങള്ക്ക് ഏറ്റവും ചേര്ന്നൊരു തൊഴില്” – കൃത്യമായ ജോലി സമയമില്ല, ആരുടെയും കൈയ്യും കാലും പിടിക്കണ്ട, നല്ല വരുമാനം എന്നിങ്ങനെ സ്വന്തം തൊഴിലിനെ മഹത്വവല്ക്കരിക്കാന് രജനിക്ക് ന്യായങ്ങള് ഏറെയുണ്ട്.

”എന്റെ സ്വന്തം കാര്യം പറയുകയാണെങ്കില് ഇതൊരു കഠിന ജോലിയേയല്ല. ഞാന് ജീവിച്ച ജീവിതം വച്ചുനോക്കുമ്പോള് എത്രയോ നിസ്സാരമാണ് തെങ്ങുകയറ്റം. ഇവിടുത്തെ ഭൂരിപക്ഷം പെണ്ണുങ്ങളുടെ ജീവിതവും അങ്ങനെ തന്നെയല്ലേ. പിന്നെ അതിനെയൊക്കെ അതിജീവിക്കാനുള്ള ധൈര്യമുണ്ടാവുന്നതാണ് കാര്യം.

എനിക്കത് തന്നത് എന്റെ ജീവിതം തന്നെയാണ്. എല്ലാവരുടെയും മുന്നില് ജീവിച്ച് കാണിക്കണം എന്ന ആഗ്രഹം കൊണ്ടുണ്ടായ ധൈര്യമാണിത്. അത്രയ്ക്കും സഹിച്ചതാ. എന്തുവന്നാലും പിടിച്ചുനില്ക്കാനുള്ള ഒരു ധൈര്യം – അതാണെന്നെ ജീവിപ്പിക്കുന്നത്. നില്ക്കുന്ന സ്ഥലത്ത് കാല്ക്കീഴില് നിന്ന് മണ്ണ് ഒലിച്ചു പോയാല്പ്പോലും സന്തോഷത്തോടെ ജീവിക്കും.

അതാണിന്നു ഞാന്.”തെങ്ങ്കയറ്റം തുടങ്ങിയപ്പോള് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്:
”രജനീ, നീയൊരു പെണ്ണല്ലേ. ഈ തെങ്ങായ തെങ്ങൊക്കെ നീയെങ്ങനെ കയറും? ആണുങ്ങള് പോലും ചെയ്യാന് മടിക്കുന്ന പണിയല്ലേ.” ഞാന് ഉറപ്പോടെ പറഞ്ഞു:

”എന്റെ ജീവിതത്തെക്കാള് പ്രയാസമുള്ളതൊന്നുമില്ല ഭൂമിയില്, തെങ്ങ് കയറ്റുമൊക്കെ എത്രയോ എളുപ്പം. കല്യാണത്തിന് ശേഷമുള്ള എന്റെ ജീവിതം – അതിനേക്കാള് പ്രയാസമേറിയ മറ്റെന്താണ്? കൊണ്ടേക്കണ അടിക്ക് കണക്കില്ല. ഏഴ് ലിറ്ററിന്റെ പ്രഷര് കുക്കറിട്ട് അടിച്ച് മുഖം തിരിഞ്ഞ് പിന്നോട്ടായി പോയിട്ടുണ്ട്.

രണ്ട് പ്രാവശ്യം മരിക്കാന് നോക്കി. ഒരു പ്രാവശ്യം സാരിയില് കെട്ടിത്തൂങ്ങിയതാണ്. അപ്പോഴാണൊരു ചിന്ത വന്നത്. എന്തിന്? നമ്മളാലേ രണ്ട് കുഞ്ഞുങ്ങള് ഭൂമിയില് ജന്മമെടുത്തു. അവരെ വളര്ത്തണം. എവിടുന്നോ ഒരു ഊര്ജ്ജം കടന്നുവന്നു.
അങ്ങനെയാണ് പണിക്കിറങ്ങിയത്.

ഒരു ദിവസം 12 വീടുകളില് വരെ വീട്ടുജോലിക്ക് പോയിട്ടുണ്ട്. ഓട്ടോറിക്ഷ ഓടിക്കാന് പഠിച്ചു. കമ്പ്യൂട്ടറിന്റെ എം.എസ്.ഓഫീസ് ഫസ്റ്റ് ക്ലാസ്സില് പാസ്സായി. മെഡിക്കല്  ട്രാന്സ്‌ക്രിപ്ഷന്  പഠിച്ചു.  പിന്നെ കുടയുണ്ടാക്കാനും, കമ്മലുകളും മാലകളും ഉണ്ടാക്കാനും പഠിച്ചു. ഫാബ്രിക് പെയിന്റിംഗ്, ഹാന്റിക്രാഫ്റ്റ്‌സ്, പാഴാവുന്ന പ്ലാസ്റ്റിക് വസ്തുക്കളില് നിന്ന് അലങ്കാര വസ്തുക്കള് ഉണ്ടാക്കാന് ഒക്കെ പരിശീലിച്ചു.

ഇന്നുള്ള ആരോഗ്യം പത്തു വര്ഷം കഴിഞ്ഞാല് കാണില്ലല്ലോ. അപ്പോഴേക്കും ശല്യമാകാതെ വീട്ടിലിരുന്ന് ജോലികള് ചെയ്യാമെന്നുവെച്ചാണ് ഇതൊക്കെ പഠിച്ചത്. നാളികേര വികസന ബോര്ഡിന്റെ പരസ്യം കണ്ടാണ് തെങ്ങുകയറ്റം പരിശീലിക്കാന് പോയത്. ഒരാഴ്ചത്തെ ക്ലാസ്സായിരുന്നു.

തെങ്ങ് കണ്ടാല് എന്താണ് അസുഖം, എന്തൊക്കെ മരുന്നിടാം, എന്തൊക്കെ ചെയ്യണം തുടങ്ങിയതൊക്കെ പഠിപ്പിച്ചു. ട്രെയിനിംഗ് കഴിഞ്ഞുവന്ന ദിവസം തന്നെ അടുത്തൊരു വീട്ടില് തെങ്ങ് കയറാന് വിളിച്ചു. വലിയൊരു തെങ്ങ്. കടവന്ത്രയില് നിന്ന് നോക്കിയാല് ഹൈക്കോര്ട്ട് വരെ കാണാം. ധൈര്യമെടുത്ത് കയറി.

സ്‌നേഹം മാത്രം പോരാ തെങ്ങു കയറ്റത്തിനെന്ന് രജനി പറയുന്നു. ധൈര്യവും വേണം. പിന്നെ ചില്ലറ ബുദ്ധിമുട്ടുകള് സഹിക്കുകയും വേണം.
പ്രധാനമായും മഴക്കാലത്താണ്:

”മഴയായാല് സര്വ്വജീവികളും തെങ്ങിന്റെ മുകളില് കാണും. പാമ്പ് ഒഴിച്ച്. വീട്ടില് ചെല്ലുമ്പോള് ശരീരം നിറയെ കാണും അട്ടയും മറ്റും. ആദ്യമൊക്കെ പേടി തോന്നി. ഇപ്പോഴതൊന്നും പ്രശ്‌നമേയല്ല. സഹജീവികളെപ്പോലെയായി അവയെല്ലാം.”

ഒന്നര വര്ഷമായി രജനി തെങ്ങുകയറ്റം തൊഴിലാക്കിയിട്ട്. ഒരു ദിവസം 60 തെങ്ങില് വരെ കയറാന് കഴിയും. ”ഈ പണിക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ട്. കൃത്യമായ ജോലി സമയമില്ല. ആരുടെയും കൈയ്യും കാലും പിടിക്കണ്ട. ആരുടെയും താളത്തിന് തുള്ളണ്ട. നല്ല വരുമാനവുമുണ്ട്. സ്ത്രീകള്ക്ക് എന്തുകൊണ്ടും പറ്റിയ പണിയാണിത്.

കൂടുതല് കൂടുതല് സ്ത്രീകള് ഈ പണിക്ക് വന്നാല് ഇന്ന് കേരളം നേരിടുന്ന തെങ്ങുകയറ്റക്കാരില്ലാത്ത കുറവ് ഇല്ലാതാവും. ആരോഗ്യത്തിനും വളരെ നല്ലതാണ് തെങ്ങുകയറ്റം. നല്ല വ്യായാമമല്ലേ, ഷുഗറും കൊളസ്‌ട്രോളും പ്രഷറും ഒന്നും വരില്ല.”
രജനി തെങ്ങുകയറുന്നതിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്.

സാധാരണ തൊഴിലുകള് ചെയ്താല് പുസ്തകങ്ങള് വാങ്ങാന് കാശു തികയില്ല എന്നതാണത്. വായനയാണ് രജനിയെ മുന്നോട്ട് കൊണ്ടു പോകുന്ന പ്രധാന ഘടകം. ”എന്റെ വീട് നിറയെ പുസ്തകങ്ങളാണ്. പട്ടിണി കിടന്നാലും പുസ്തകം വാങ്ങും ഞാന്. ദിവസം രണ്ടുമൂന്ന് മണിക്കൂറ് വായിച്ചില്ലേല് എനിക്കൊരുഷാറില്ല.

ബാലചന്ദ്രന് ചുള്ളിക്കാടിന്‌റെ കവിതകളാണ് ഏറ്റവും ഇഷ്ടം.സുഗതകുമാരിയമ്മയുടെ കവിതകളും വായിക്കും.മാധവിക്കുട്ടിയമ്മയുടെ നീര്മാതളം പൂത്ത കാലം പലതവണ വായിച്ചിട്ടുണ്ട്. സന്തോഷത്തോടെ ജീവിതത്തെ നേരിടാന് സഹായിക്കുന്നത് പുസ്തകങ്ങളാണ്.”
പുസ്തകങ്ങള് സൂക്ഷിക്കാനും ജീവിക്കാനും സ്വന്തമായി ഒരു വീടില്ല എന്നതാണ് രജനിയുടെ ഒരേയൊരു സങ്കടം:

”22 വര്ഷമായി അപേക്ഷകള് കൊടുക്കുന്നു. കയറിയിറങ്ങാത്ത ഓഫീസില്ല. ഷെഡ്യൂള്ഡ്കാസ്റ്റ് വിഭാഗക്കാരിയായതുകൊണ്ട് വീട് അനുവദിക്കേണ്ടതാണ് എന്ന് പലരും പറഞ്ഞു. എനിക്കൊന്നും കിട്ടിയില്ല.” സ്ത്രീ തെങ്ങുകയറ്റക്കാരിയെ സമൂഹം അംഗീകരിക്കുന്നു എന്ന് രജനി പറഞ്ഞുനിര്ത്തുമ്പോള് തൊട്ടടുത്ത വീട്ടില് നിന്നൊരാള് വന്ന്തേ ങ്ങയിടാന് വിളിച്ചുകൊണ്ടുപോയി.

രജനി വെട്ടിയിട്ട ഒരു കുല തേങ്ങയില് ഒരെണ്ണം മതിലില് തട്ടി താഴെ വീണപ്പോള് അയാളുടെ മട്ട് മാറി: ”പെണ്ണല്ലേ, കണ്ടപ്പോഴേ തോന്നി പണിയറിയില്ലെന്ന്” എന്ന് പറഞ്ഞയാള് ആക്രോശിക്കാന് തുടങ്ങി. തെങ്ങിന്റെ മുകളിലിരുന്ന് രജനി മറുപടി പറഞ്ഞു: ”എന്നാല് പിന്നെ കയറിവന്ന് തേങ്ങാ സ്വന്തമായി ഇടാന് വയ്യായിരുന്നോ?”

വര്ത്തമാനം കശപിശയിലേക്ക് മൂത്തപ്പോള് രജനി തേങ്ങയിട്ടതിന്റെ കൂലി ചോദിച്ചു. ചോദിച്ചതിന്റെ പകുതിയേ കൊടുക്കൂ എന്ന് വീട്ടുടമ. രജനി അരയിലെ വെട്ടുകത്തി ഊരി മുന്നോട്ട് നടന്ന് നാല് തേങ്ങയെടുത്ത് ബാക്ക്പാക്കില് തള്ളി നടന്നു നീങ്ങി:
”ജോലി ചെയ്താല് കൂലി വാങ്ങാനും രജനിക്കറിയാം.” തെങ്ങുകയറ്റത്തേക്കാള് എത്രയോ പ്രയാസമാണ് ജീവിതമെന്ന് താന് പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കാന് രജനി മറന്നില്ല.
——————————————————————————————
രജനിയുടെ മകന്‌റെ ഓട്ടോ റിക്ഷയില് ആണ് മടങ്ങിയത്.
”അമ്മ ഇതൊക്കെ ചെയ്യുന്നത് ഇഷ്ടമാണോ?” ”അമ്മ പണ്ടേ ഇങ്ങനാണ്. അമ്മ എന്തു ചെയ്താലും അത് ശരിയായ കാര്യമായിരിക്കും. ഞങ്ങളുടെ അമ്മ സാധാരണ അമ്മ മാരെ പോലെയല്ല, അതില് അഭിമാനമാണ് ഞങ്ങള്ക്ക്.അമ്മയുടെ ജീവിതം അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെയല്ലേ ജീവിക്കേണ്ടത്.?”

Coconut climber
അഥവാ
തെങ്ങു കയറുന്ന പെണ്ണ്..

”ആദ്യമൊക്കെ തെങ്ങിന്റെ മുകളിലിരുന്ന് നോക്കുമ്പോള്‍ തല കറങ്ങുമായിരുന്നു. …

Posted by KA Beena on Wednesday, 20 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News