ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തില്‍ ഒളിച്ചവരും; ജോസ് കാടാപുറം എഴുതുന്നു

ജോസഫ് ബൈഡൻ ജൂനിയർ അമേരിക്കയുടെ 46 മത് പ്രസിഡെന്റ് ആയി അധികാരമേറ്റപ്പോൾ നടത്തിയ   അതിമനോഹോരമായ  കവിത തുളുമ്പുന്ന പ്രസംഗം നമ്മൾ കേട്ടു ..  എപ്പോഴും ബൈഡന്റെ പ്രസംഗത്തിൽ  ചില സ്ഥിരം വാക്കുകൾ കടന്നുവരും- ഡീസെൻസി, ഇന്റെഗ്രിറ്റി, ഓണസ്റ്റി , ക്രെഡിബിലിറ്റി, ഹാർഡ്‌വർക്ക്  എന്നിങ്ങനെ.

എല്ലാ പ്രസംഗകളിലും ഒഴിവാകാത്ത ഒരു വാക്കുണ്ട് – ഡീസെൻസി  നമ്മളിൽ പലർക്കും ട്രമ്പിനും ഇല്ലാത്തതും  അതാണ്.  ഈ വാക്കിന്റെ ശക്തിയിലാണ് ബൈഡനെയും  അദ്ദേഹേത്തിന്റെ പാർട്ടിയെയും ജനം അധികാരത്തിൽ കൊണ്ട് വന്നത് എന്ന് ഈ ലേഖകൻ കരുതുന്നു .

 പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു:  ‘അപകടകരമായ ഈ ശൈത്യ കാലത്തു നമുക്കു വളരെ അധികം കാര്യങ്ങൾ ചെയ്യാനുണ്ട്, മെച്ചപ്പെടുത്താനുണ്ട്, പുനഃസ്ഥാപിക്കാനുണ്ട്, സൗഖ്യമാക്കാനുണ്ട്, നിര്മിക്കാനുണ്ട് , നേട്ടങ്ങൾ കൈവരിക്കാനുണ്ട്.  എന്നാൽ ഞങ്ങളെ പിന്തുണക്കാത്ത, വിമർശിക്കുന്നവരെ നിങ്ങൾക്കു വിയോജിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്,  അതാണ് അമേരിക്കയുടെ ജനാധ്യപത്യം. സമാധാനപരമായി വിയോജിക്കാനുള്ള അവകാശം.  എന്നാൽ വിയോജിപ്പ് ഭിന്നതയിലേക്കും കലാപത്തിലേക്കും നയിക്കരുത്.

‘ഞാൻ പ്രതിജ്ഞ ചെയ്യുന്നു, ഞാൻ എല്ലാ അമേരിക്കകാരുടെയും പ്രസിഡെന്റ് ആയിരിക്കും . വഴിമധ്യേ ഉള്ള എല്ലാം ചാമ്പലാക്കുന്ന  തീ ആകണമെന്നില്ല രാഷ്ട്രീയം. എല്ലാ വിയോജിപ്പുകളും യുദ്ധത്തിന് കരണമാകുന്നില്ലലോ .. വസ്തുതകൾ മാറ്റിമറിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്ന സംസ്കാരത്തെ നിരാകരിക്കേണ്ടതുണ്ട് …’

ഇതൊക്കയാണ് ജോസഫ് ബൈഡൻ എന്ന് വൃദ്ധനായ (പ്രായം കൊണ്ട്) എന്നാൽ ഡീസെൻസി കൊണ്ട്  യൗവ്വനം സൂക്ഷിക്കുന്ന പ്രസിഡന്റിനെ കുറിച്ച് അമേരിക്കക്കാർ ഇപ്പോൾ ചിന്തിക്കുന്നത്.

ഒരു ശരാശരി അമേരിക്കകാരൻ   മുകളിൽ പറഞ്ഞ വാക്കുകൾ (ഡീസെൻസി, ഇന്റെഗ്രിറ്റി, ഓണസ്റ്റി, ക്രെഡിബിലിറ്റി, ഹാർഡ്‌വർക്ക്)   ഏറിയോ കുറഞ്ഞോ ജീവിതത്തിൽ കൊണ്ടുനടക്കുന്നവരാണ് . രണ്ടര നൂറ്റാണ്ടുകൊണ്ടു ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി അതിനെ മാറ്റിയതും സാധാരണ അമേരിക്കക്കാരൻ ജീവിതത്തിൽ പുലർത്തിയ ഈ മൂല്യങ്ങളൊക്കെത്തന്നെയാണ്.

അതൊക്കെ തച്ചുടയ്ക്കുന്ന, ഒരുവിധം എല്ലാ മധ്യവർഗ്ഗ മൂല്യങ്ങളെയും പരിഹാസ്യനാക്കിയ ഒരു ഭരണാധികാരിയായിരുന്നു ട്രംപ്. അമേരിക്കൻ ഭരണകൂടത്തിന്റെ അരക്ഷിതാവസ്‌ഥയും ക്രൂരതയും താഴേക്കെത്തിക്കാനാണ് അദ്ദേഹം  ശ്രമിച്ചത് എന്നോർക്കുക.

 ‘ഹിന്ദു അപകടത്തിൽ’ എന്ന് ഇന്ത്യയിൽ  പറയുന്നപോലെ ‘വെള്ളക്കാരൻ അപകടത്തിൽ’ എന്ന പ്രചാരണമാണ് ട്രമ്പ് ഭരണകൂടം അമേരിക്കയിൽ നടത്തിയത് . അതുണ്ടാക്കിയ അപകടം ഇനിയങ്ങോട്ട് നമ്മൾ അറിയാൻ പോകുന്നേയുള്ളൂ. അമേരിക്ക ഒരു ജനാധിപത്യ രാജ്യമായി തുടരുന്നതിനു കാരണമായ എല്ലാ സ്‌ഥാപങ്ങളുടെയും വേര് മാന്താൻ പരമാവധി ശ്രമിച്ചിട്ടാണ് ‘മൈ പ്രണ്ട്’ പടിയിറങ്ങുന്നത്. അത് ചെയ്തതോ, അങ്ങേയറ്റം വഷളായ രീതിയിൽ. മകൾക്കും മരുമകനും സർക്കാർ സംവിധാനത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാനുള്ള പദവികൾ കൊടുത്ത് തുടങ്ങിയ വൃത്തികേടുകൾ പോകുന്ന ദിവസം കുറെ സുഹൃത്തുക്കൾക്ക് പ്രഡിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പുനൽകിയും എല്ലാ കീഴ്വഴക്കങ്ങളും തെറ്റിച്ചു, അവസാനം വരെ തോൽവി സമ്മതിക്കാതെ ജനാധിപത്യത്തെ  മുൾമുനയിൽ നിർത്തി  അടുത്ത പ്രസിഡന്റ് അധികാരമേല്കുന്ന ചടങ്ങിനുമുന്പേ സ്‌ഥലം വിട്ടും അവസാന നിമിഷം വരെ ആ അന്തസ്സിലായ്മ അങ്ങേര്  കാണിച്ചിരുന്നു.

അത്തരമൊരാൾ ഒഴിയുമ്പോൾ അമേരിക്കകാരോട് അന്തസ്സിനെപ്പറ്റി സംസാരിക്കാൻ  പകരം വരുന്ന ആളിന് ഉത്തരവാദിത്തമുണ്ട്.  അവിടെയാണ് ബൈഡന്റെ ഡീസെൻസിക്ക്  വിലകൂടുന്നത് .. വ്യക്തി ജീവിതത്തിൽ ഏറെ ക്ലേശങ്ങളിലൂടെ കടന്നുപോയ ബൈഡൻ  തന്റെ പിൻഗാമിയായ മകൻ ബ്യൂ ബൈഡൻ ബ്രെയിൻ കാൻസർ വന്നു മരിക്കുബോൾ ചികിത്സക്കായി തന്റെ വീട് വിൽക്കാൻ ആലോചിച്ചതിനെപ്പറ്റി ഒബാമ പറയുന്നുണ്ട്.  അത് പറയുമ്പോൾ വിതുമ്പുന്ന ബൈഡനെ നിങ്ങൾക്കു കാണാം.

ഒബാമ ഭരണത്തിന്റെ അവസാനം ബൈഡനു പ്രസിഡൻഷ്യൽ    അവാർഡ് നൽകുന്ന ചടങ്ങു യുട്യൂബിൽ ഉണ്ട്. ഇരുപത്തിയൊമ്പതാം വയസിൽ വയസിൽ അമേരിക്കൻ സെനറ്റംഗമായി തുടങ്ങി നാല്പതു കൊല്ലം പ്രവർത്തിച്ചിട്ടും വൈസ് പ്രസിഡന്റായിട്ടും മകന്റെ ചികിത്സയ്ക്ക് വീട് വിൽക്കാൻ ആലോചിക്കേണ്ടിവന്ന ഒരു മനുഷ്യന് അന്തസ്സിനെപ്പറ്റി അമേരിക്കക്കാരോട് പറയാൻ അവകാശമുണ്ട്. അതൊരു ചെറിയ വാക്കല്ലെന്നു അവരെ ഓർമ്മിപ്പിക്കാനും.

ബൈഡന്റെ ഭാര്യ ഡോക്ടർ ജിൽ നോർത്തേൺ വെർജീനിയ കമ്മ്യൂണിറ്റി കോളേജിലെ പ്രൊഫെസ്സറാണ്  ഭർത്താവു പ്രസിഡെന്റ് ആണെങ്കിലും ജോലി തുടരാനാണ് അവർ തീരുമാനിച്ചത്. ഇതെല്ലം ഒരു അന്തസാണ് അല്ലെങ്കിൽ ഡീസെൻസിയാണ് … ഇതിനെല്ലാമാണ് അമേരിക്കകാര് വോട്ടു നൽകിയത്. ജോൺ എഫ്. കെന്നഡിയെപ്പറ്റി കൂടുതൽ വായിക്കുമ്പോഴും അദ്ദേഹത്തിന്റ പഴയ  പ്രസംഗങ്ങൾ  യുട്യൂബിൽ കേൾക്കുമ്പോഴും അമേരിക്ക മാറണമെന്നു ആത്മാർത്ഥമായി ആഗ്രഹിച്ച ഒരാളെന്ന ചിത്രമാണ് എനിക്ക് കിട്ടുന്നത്.  അതുപോലെ ബാറാക് ഒബാമയും , ഇപ്പോൾ ജോസഫ് ബൈഡനും ഒക്കെ കാര്യങ്ങൾ മാറ്റാൻ കെല്പുള്ള നേതാക്കളാണ്.  അവർ അഭയാർത്ഥികളെ നാടുകടത്താത്തവരാണ്… എല്ലാവര്ക്കും ഇൻഷുറൻസ് പരിരക്ഷ വേണമെന്ന് പറയുന്നവരാണ് ,കുടിയൊഴിപ്പിക്കലുകളെ  തള്ളിക്കളയുന്നവരാണ്, അഭയാർഥികളായി എത്തിയ കുട്ടികളെ നാടുകടത്താത്തവരാണ് ,യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ അവസരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് .

സെനറ്റർ ബെർണി സാൻഡേഴ്സിനെ പോലുള്ള  നേതാക്കൾ ചെറുപ്പക്കാരെ അണി  നിരത്തി അനീതികൾക്കെതിരെ പോരാടുന്നു. അങ്ങനെയുള്ള   യുവാക്കളുടെ എണ്ണം കൂടിവരുന്നു എന്നുള്ളത്  ആശ്വാസകരമാണ്. ഏറെ അത്ഭുതം തോന്നിയത് മലയാളീസ് ഓഫ് ബ്ലാക്ക് ലൈവ്സ് മാറ്റർ പോലുള്ള കൂട്ടായ്മകളാണ്. വർഗത്തിനും വർണത്തിനും എതിരായി വിദ്യാഭ്യാസത്തിനും പുരോഗമന ചിന്തക്കും സ്ഥാനം നൽകുന്ന പുതിയ തലമുറയിലെ മലയാളികൾ അവരൊക്കെ ബൈഡന്റെ വിജത്തിൽ ബേർണി സാണ്ടേഴ്സിനൊപ്പം ബൈഡനെയും കമല ഹാരിസിനെയും പിന്തുണച്ചു .

എന്ന് മാത്രമല്ല ഒരുമതത്തൊടും അമിതമായി ആശ്രയിക്കാത്ത എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം  നൽകുമ്പോൾ അമേരിക്ക അതിന്റെ മത പരമായ ഭൂരിപക്ഷത്തിൽ അഹങ്കരിക്കുന്നില്ല.  മറ്റുമതങ്ങളിൽ ഉള്ളവർ രാജ്യദ്രോഹികളാണെന്ന ചിന്തയെ ട്രമ്പ് വളർത്തി. അത് തന്നെയാണ് മോഡി ഇന്ത്യയിൽ  പരീക്ഷിച്ചു നോക്കിയത്.  ഒരാൾ കോവിഡ്  കാലത്തു പാട്ട കൊട്ടി,വിള ക്കു തെളിക്കാൻ പറഞ്ഞപ്പോൾ ഇവിടെ വേണ്ടി വന്നാൽ കോവിഡിന്   ക്ലോറോക്സ് ഉപയോഗിക്കാൻ  പറഞ്ഞത് സമാനമായി കാണാവുന്നതാണ്.  അനിയൻ ബാവ ചേട്ടൻ ബാവ.  ഹിന്ദു അപകടത്തിൽ,  വെള്ളക്കാർ അപകടത്തിൽ

ഇവിടെ ഒരാൾ പടിയിറങ്ങി. അടുത്ത ആൾ ഹാക്ക് ചെയ്ത ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യൻ മാറ്റിയാൽ തീരാവുന്ന ഭാരമേ ഉള്ളു. സംഘി ഉണ്ട് സംഘിണിയും ഉണ്ട്. രണ്ടും  ഏതോ മാളത്തിലുണ്ട്. അവരിൽ ചിലർ  ജനാധിപത്യം തകർക്കാൻ ഇറങ്ങി തിരിച്ചു. ഇപ്പോൾ മാളത്തിലാണ്.  നാട്ടിൽ ഒരു തൊഴിൽ ഉറപ്പു സമരം വന്നാൽ സമരം,  ബന്ദ്‌ എന്ന് അലമുറയിടുന്നവർ ഇവിടെ ജനുവരി ആറിന് ഇന്ത്യയുടെ പതാകയേന്തി പോയവരോട് ഒന്നേ പറയാനുള്ളു. സയൻസിൽ വിശ്വസിക്കുന്നപ്രസിഡെന്റും വൈസ് പ്രസിഡന്റും ആണ്  ഇവിടെ ഇനി ഭരിക്കുന്നത്.

ഓർക്കണം  ഇനി കമലം അല്ല കമലയാണ്. മാസ്കും, വാക്‌സിനിൽ വിശ്വസിക്കുന്ന ഭരണകൂടമാണ്. അല്ലാതെ ഗോമൂത്രവും ചാണകവും ആഹാരമാക്കുന്നവരല്ല, ഓർത്തിരുന്നാൽ എല്ലാവര്ക്കും നല്ലത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News