കേരളാ കോണ്ഗ്രസിന്റെ കൈവശമുള്ള ഇരിഞ്ഞാലക്കുട സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രമേയം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുട സീറ്റിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കണമെന്ന് ഇരിഞ്ഞാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികൾ പ്രമേയം പാസ്സാക്കി. വിരലിൽ എണ്ണാൻ പോലും പ്രവർത്തകർ ഇല്ലാത്ത ഒരു ഘടക കക്ഷിയെ ഇനിയും ചുമക്കാൻ ആവിലെന്നും കോണ്ഗ്രസ് പ്രമേയം.
കോണ്ഗ്രസ് പാർട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൻ്റെ ചാർജ്കാരനും കെപിസിസി സെക്രട്ടറിയും മുൻ എം.പി യുമായ ചാൾസ് ഡയസ് പങ്കെടുത്ത യോഗങ്ങളിലാണ് ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ള മുതിർന്ന കോണ്ഗ്രസ് പ്രവർത്തകർ കേരളാ കോണ്ഗ്രസ് പി.ജെ ജോസഫ് വിഭാഗത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്.
ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലെ ഒൻപത് മണ്ഡലം പ്രസിഡൻ്റുമാരും ഒപ്പിട്ട പ്രമേയത്തിൽ കേരളാ കോണ്ഗ്രസിന് എതിരെ രൂക്ഷ വിമർശനമാണുള്ളത്.
വിരലിൽ എണ്ണാൻ പോലും പ്രവർത്തകർ ഇല്ലാത്ത ഒരു ഘടക കക്ഷിയെ ഇനിയും ചുമക്കാൻ ആവിലെന്നും ജയിക്കുമ്പോൾ സ്വന്തം കഴിവായും തോൽക്കുമ്പോൾ അത് കോൺഗ്രസിൻ്റെ കുറ്റമായും പരസ്യ പ്രതികരണം നടത്തുന്ന എട്ടുകാലി മമ്മൂഞ്ഞുമ്മാരാണ് കേരള കോൺഗ്രസ് എന്നും പ്രമേയത്തിൽ പറയുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കും കേരള കോണ്ഗ്രസിന് എതിരെ പരാതി നൽകാനാണ് കോണ്ഗ്രസ് ബ്ലോക്ക് ഭാരവാഹികളുടെ നീക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട ഉൾപ്പെടെ സംസ്ഥാനത്ത് മത്സരിച്ച മുഴുവൻ സീറ്റുകളിലും കേരളാ കോണ്ഗ്രസ് തന്നെ ഇത്തവണയും മത്സരിക്കും എന്ന പി.ജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇരിങ്ങാലക്കുടയിലെ തന്നെ പ്രാദേശിക കോണ്ഗ്രസ് നേതൃത്വം പി.ജെ ജോസഫ് വിഭാഗത്തിന് എതിരെ പ്രമേയം പാസ്സാക്കിയത് എന്നതും ശ്രദ്ധേയമായി.
Get real time update about this post categories directly on your device, subscribe now.