അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവർ കാണണം വെള്ളം

അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവരാണ് നമ്മൾ മലയാളികൾ .മദ്യപാനികളുടെ ജീവിതം പല കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ കണ്ടവരുമാണ് നമ്മൾ .എന്നാൽ കൂടുതൽ കുടിയൻ കഥാപാത്രങ്ങളും തമാശയായും പരിഹാസ്യമായും വില്ലത്തരമായും സ്‌ക്രീനിൽ നിറഞ്ഞാടി എങ്കിൽ ജീവിതത്തോട് ഇത്ര അടുത്ത് നിൽക്കുന്ന .കാഴ്ചക്കാരന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ സത്യസന്ധമായി ആവിഷ്കരിക്കപ്പെട്ട ഒരു കുടിയന്‍ കഥാപാത്രം ഇതാദ്യമാകും. അത്രമേൽ നമ്മളെ മുരളി സ്വാധീനിക്കും. നമുക്കിടയിലൊരാളായി മുരളി മാറും. അതെ വെള്ളം എന്ന ചലച്ചിത്രത്തിലൂടെ .    ലോകം മുഴുവൻ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ട 318 ദിവസങ്ങൾക്ക് ശേഷം ശേഷം കേരളത്തിലെ തിയറ്ററുകൾ വെള്ളം എന്ന മലയാള ചിത്രത്തിന്റെ അലതല്ലലിൽ ആണ്.ജയസൂര്യ എന്ന നടന്റെ യും പ്രജേഷ് സെൻ എന്ന സംവിധായകന്റെയും ഒഴുക്കിൽ മലയാളികൾ ഒന്നടങ്കം ചേരുകയാണ് .ഏറെ ശ്രദ്ധിക്കപ്പെട്ട ക്യാപ്റ്റനു ശേഷം പ്രജേഷുമായി ജയസൂര്യ ചെയ്യുന്ന ചിത്രം കൂടിയാണ് വെള്ളം.സാങ്കേതികമായി ക്യാപ്റ്റനേക്കാളും നല്ല മെയ്ക്കിങ്ങാണ് വെള്ളത്തിന്റേത് .

‘വെള്ളമടിച്ചാൽ വയറ്റില്‍ കിടക്കണം’എന്ന് പറഞ്ഞു കേട്ടിട്ടില്ലേ :വെള്ളമടിച്ചാൽ പാടത്തും പറമ്പിലും മരച്ചുവട്ടിലും എന്നുവേണ്ട എവിടെയും കയറികിടക്കുന്ന മുരളി ആണ് വെള്ളത്തിന്റെ നായകൻ . മദ്യപിച്ച് മറ്റാരെയും ഉപദ്രവിക്കാത്ത സ്വന്തം ജീവിതം നശിപ്പിക്കുന്ന യുവാവിന്റെ കഥയാണ് ‘വെള്ളം’ പറയുന്നത്.ഒരു മുഴുകുടിയന്റെ ശരീരഭാഷയേയും മാനസിക സംഘർഷങ്ങളെയും അയാൾ കടന്നുപോവുന്ന ജീവിതാവസ്ഥകളെയുമെല്ലാം ഹൃദയസ്പർശിയായ രീതിയിൽ അനുഭവവേദ്യമാകാൻ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിന്റെ പ്രാദേശിക ഭാഷയിൽ ജയസൂര്യതിളങ്ങുന്നതും കാണാം

ഒരു യഥാർഥ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകനെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒന്നാണ്.മുരളി എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളാണ്. മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ കഥയാണ് സിനിമ പറയുന്നത്. മുരളി നമ്പ്യാർ എന്ന കഥാപാത്രമായി തന്നെയാണ് ജയസൂര്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടതും.സിനിമ കണ്ടു കഴിയുമ്പോൾ അങ്ങനെ ഒരാൾ നമ്മുടെ ചുറ്റുവട്ടത്തിലുണ്ടല്ലോ എന്നു നമുക്ക് തോന്നിപ്പോകും…

മദ്യം ശരീരത്തെയും മനോനിലയെയും കാർന്നു തിന്ന ഒട്ടനവധി ജീവിതങ്ങളെ നിങ്ങൾ അ ടുത്തറിഞ്ഞിട്ടുണ്ടാകും.ഇവിടെ മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത ലക്ഷ്യബോധമൊന്നുമില്ലാതെ ജീവിക്കുന്ന മുരളി മദ്യത്തിനു വേണ്ടി സ്വന്തം മകള്‍ പഠിക്കുന്ന മേശ തന്നെ വിൽക്കുന്ന അവസ്ഥയിലേക്ക് എ ത്തുന്നുണ്ട്.പിന്നീട ആരാലും വിശ്വസിക്കപ്പെടാതെ, ചേർത്തുപിടിക്കാൻ ഒരാൾ പോലുമില്ലാതെ, ഒറ്റപ്പെട്ടും, അപമാനിക്കപ്പെട്ടും ദിവസങ്ങൾ തള്ളിനീക്കുന്ന മുരളി നേരിടുന്നത് ഒറ്റപ്പെടലുകളും ജീവിത പ്രതിസന്ധികളുമാണ്.മദ്യം തന്നെ നാശത്തിലെത്തിക്കുമെന്ന് മുരളി തിരിച്ചറിയുന്നുണ്ടെങ്കിലും ആ ശീലം ഉപേക്ഷിക്കാൻ അയാൾക്കാകുന്നില്ല.

ജീവിതത്തിൽ മുരളി രക്ഷപ്പെടുമോ? ഇല്ലയോ എന്ന യാത്രയാണ് ‘വെള്ളം’.മദ്യപാനത്തിലൂടെ തകർക്കപ്പെടുന്ന കുടുംബാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളുമൊക്കെ വെള്ളം ചർച്ച ചെയ്യുന്നുണ്ട് അമിത മദ്യാസക്തി ഒരു അസുഖമാണെന്നും എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യേണ്ടത് .എന്നൊക്കെയുള്ള സന്ദേശം ആളുകളിലേക്ക് എത്തിക്കാനും ചിത്രത്തിനു കഴിയുന്നുണ്ട്.ഒരാളുടെ മദ്യപാനം നിർത്തേണ്ടത് അയാൾ അറിയാതെയല്ലെന്നും പൂർണബോധ്യത്തിൽ നിന്നാവണം അത്തരമൊരു തീരുമാനം ഉണ്ടാവേണ്ടതെന്നുമാണ് വെള്ളം പറയുന്നത്

ചിത്രത്തിലെ സുനിത എന്ന കഥാപാത്രമായി സംയുക്ത മേനോൻ കരുത്തയായ ഒരു സ്ത്രീകഥാപാത്രമായി വിസ്മയിപ്പിക്കുന്നുണ്ട്. ജയസൂര്യ, സംയുക്ത മേനോൻ, സിദ്ദിഖ്, ബാബു അന്നൂര്‍, ശ്രീലക്ഷ്മി, സ്നേഹ പലിയേരി, ബൈജു സന്തോഷ്, നിര്‍മല്‍ പാലാഴി, ഇന്ദ്രന്‍സ്, ഉണ്ണിരാജ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. അഭിനേതാക്കളുടെ പ്രകടനം തന്നൊണ് എടുത്ത് പറയേണ്ടത് . ബിജിപാലിന്റെ സംഗീതം ചിത്രത്തോട് ചേർന്നുനിൽക്കുന്നു. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like