മലപ്പുറം: മുസ്ലിംലീഗില്‍ പെരിന്തല്‍മണ്ണയിലെ വിഭാഗീയതയില്‍ മടുത്ത് മണ്ഡലം മാറാന്‍ മഞ്ഞളാംകുഴി അലി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെരിന്തല്‍മണ്ണ മണ്ഡലംകമ്മിറ്റി അലിയെ വേണ്ടെന്ന് സംസ്ഥാനനേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നീക്കുപോക്കുകളില്‍ അലി തന്നെയാണ് കളത്തിലിറങ്ങിയത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി ശശികുമാറിനോട് 579 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അലി കടന്നുകൂടിയത്.
2006-ല്‍ ഇടതുസ്വതന്ത്രനായി വിജയിച്ച മങ്കട മണ്ഡലത്തിലേക്ക് മാറണമെന്നാണ് അലിയുടെ ആവശ്യം. നിലവില്‍ മങ്കട എംഎല്‍എയായ വി എ അഹമ്മദ് കബീര്‍ മൂന്നുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന കുരുക്കില്‍പ്പെട്ട് ഒഴിയുന്നതോടെയാണ് അലി മങ്കടയിലേക്ക് ചരടുവലി നടത്തിയത്. നേതൃത്വത്തിനും ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല.
എന്നാല്‍ മങ്കടയില്‍നിന്ന് മുസ്ലിം ലീഗിലെ ഒരുവിഭാഗം അലിയെ വേണ്ടെന്ന് അറിയിച്ചതോടെ സ്ഥാനാര്‍ത്ഥിത്വം കീറാമുട്ടിയായി. തുടര്‍ന്ന് മണ്ഡലം മാറേണ്ടതില്ലെന്നും പെരിന്തല്‍മണ്ണതന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അലിയ്ക്ക് അനൗദ്യോഗികമായി നിര്‍ദേശം നല്‍കി. എന്നാല്‍ അലിയെ പിന്തുണക്കുന്ന ഒരുവിഭാഗം മങ്കടയിലുമുണ്ട്.
1970-മുതല്‍ മൂന്നര പതിറ്റാണ്ടിലേറെ മുസ്ലിംലീഗ് തുടര്‍ച്ചയായി വിജയിച്ചിരുന്ന പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം 2006- ല്‍ ഇടതുപക്ഷം പിടിച്ചെടുത്തിരുന്നു. 1980-മുല്‍ പെരിന്തല്‍മണ്ണയില്‍ മത്സരിച്ചിരുന്ന നാലകത്ത് സൂപ്പിയെ മാറ്റിപ്പരീക്ഷിച്ചതോടെയായിരുന്നു തോല്‍വി. ഇതോടെ പെരിന്തല്‍മണ്ണയിലെ വിഭാഗീയത മുസ്ലിം ലീഗിന് വല്ലുവിളിയായി. 2011-ല്‍ ഇടതുപക്ഷം വിട്ടെത്തിയ മഞ്ഞളാംകുഴി അലിയെ ഇറക്കിയാണ് വിഭാഗീയത പരിഹരിയ്ക്കാന്‍ മുസ്ലിം ലീഗ് ശ്രമിച്ചത്.
സിറ്റിങ് സീറ്റും സ്വന്തം മണ്ഡലവുമായ മങ്കട വിട്ട് അലി പെരിന്തല്‍മണ്ണയിലിറങ്ങിയെങ്കിലും വിഭാഗീയത ഒതുങ്ങിയില്ല. 9589 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിനായിരുന്നു അലിയുടെ വിജയം. പാണക്കാട് ഹൈദരലി തങ്ങള്‍ നേരത്തേ നല്‍കിയ വാഗ്ദാനമനുസരിച്ച് അലി മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയുമായി.
മന്ത്രിയായിരുന്നിട്ടും 2016-ല്‍ മത്സരിയ്ക്കാനിറങ്ങിയ അലിയുടെ ഭൂരിപക്ഷം 579 ആയി കുറഞ്ഞതായിരുന്നു പിന്നീടുള്ള തര്‍ക്കം. വോട്ടുചോര്‍ച്ച അന്വേഷിക്കണമെന്നും തനിക്കെതിരേ തിരിഞ്ഞ ലീഗ് നേതാക്കള്‍ക്കെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ട് മഞ്ഞളാംകുഴി പലതവണ സംസ്ഥാന നേതൃത്വത്തിനുമുമ്പിലും പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിലുമെത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. അന്വേഷണകമ്മിറ്റിയുടെ റിപ്പോര്‍ട്ടും നടപടിയും അലിയ്ക്ക് സംതൃപ്തി നല്‍കിയില്ല.
പ്രകോപിതനായ അലി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവിട്ട തുക പാര്‍ട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണയിലെ ഒരും ഹോട്ടലില്‍ മാത്രം അഞ്ചുലക്ഷത്തിലധികം രൂപ നല്‍കാനുണ്ടായിരുന്നു. ഭീമമായ തുകയായിരുന്നതിനാല്‍ പാര്‍ട്ടിയും ഏറ്റെടുത്തില്ല. വ്യക്തിബന്ധവും സ്വാധീനവും ഉപയോഗിച്ചുള്ള വോട്ടുകള്‍ മാത്രമാണ് പെരിന്തല്‍മണ്ണയില്‍ കിട്ടുന്നതെന്നും ഇതിനെക്കാള്‍ക്കൂടുതല്‍ ബന്ധം മങ്കടയിലുണ്ടെന്നുമാണ് അലിയുടെ വാദം. തദ്ദേശത്തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍നിന്നും മുസ്ലിം ലീഗ് യോഗങ്ങളില്‍നിന്നും അലി വിട്ടുനിന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഞ്ഞളാംകുഴി അലി മാറുകയാണെങ്കില്‍ ടി പി അഷറഫലിയുടെ പേരാണ് പരിഗണനയിലുള്ളത്. നിലമ്പൂര്‍ എടക്കര സ്വദേശിയാണ് ടി പി അഷറലി. മുതിര്‍ന്ന നേതാക്കളെയോ മണ്ഡലത്തിലുള്ളവരെയോ പരിഗണിച്ചാല്‍ വിഭാഗീയത പ്രശ്‌നമാവുമെന്നും പെരിന്തല്‍മണ്ണ നിലനിര്‍ത്താനാവില്ലെന്നാണ് മുസ്ലിം ലീഗിന്റെ കണക്കുകൂട്ടൽ.
എന്നാല്‍ കപ്പിനും ചുണ്ടിനുമിടയിലെന്നപോലെ നഷ്ടമായ പെരിന്തമണ്ണ മണ്ഡലം പിടിച്ചെടുക്കാനാവുമെന്ന ഉറപ്പിലാണ് ഇടതുപക്ഷം. 1957-ല്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ ഇഎംഎസ്സിന്റെ ജന്മനാടുകൂടിയായ പെരിന്തല്‍മണ്ണ ഇടതുപക്ഷത്തായിരുന്നു. സിപിഐയിലെ പി ഗോവിന്ദന്‍ നമ്പ്യാര്‍, ഇ പി ഗോപാലന്‍, സിപിഐഎം സ്ഥാനാര്‍ത്ഥിയായി പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍ മത്സരിച്ച് തുടര്‍ച്ചയായി നിയമസഭയിലെത്തി.
1977-ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ കെകെഎസ് തങ്ങളാണ് പെരിന്തല്‍മണ്ണ പിടിച്ചത്. പത്തുവര്‍ഷം കെകെഎസ് തങ്ങളും തുടര്‍ന്ന് 26 വര്‍ഷം നാലകത്ത് സൂപ്പിയും വിജയിച്ചുപോയി. 2006-ലായിരുന്നു വി ശശികുമാറിലൂടെ ഇടതുപക്ഷത്തിന്റെ അട്ടിമറി വിജയം. നഗരസഭയിലെ ഭരണത്തുടര്‍ച്ചയും സംഘടനാപരമായ മേല്‍ക്കൈയും ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുമെല്ലാം ഇടതുപക്ഷത്തിന് പ്രതീക്ഷനല്‍കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.