നാസിക്കിൽ നിന്നും കർഷകരുടെ വാഹന റാലി മുംബൈയിലേക്ക് പുറപ്പെട്ടു

രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നുള്ള വാഹന റാലി മുംബൈയിലേക്ക് പുറപ്പെട്ടു. രാത്രി ഘട്ടാദേവിയിൽ തമ്പടിച്ചു ഞായറാഴ്ച രാവിലെ 9 ന് വീണ്ടും യാത്ര തുടരും. ഉച്ചക്ക് മുംബൈ നാഗരാതിർത്തിയിലെത്തുന്ന വാഹന റാലിക്ക് ഭീവണ്ടിയിൽ വിവിധ സംഘടനകൾ ചേർന്ന് സ്വീകരണം നൽകും

ഡൽഹിയിൽ രണ്ടു മാസമായി തുടരുന്ന കർഷക സമരത്തിന് പിന്തുണയുമായാണ് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്ന് മുംബൈയിലേക്കുള്ള വാഹന റാലി. നാസിക്കിൽ നിന്നും ആരംഭിച്ച ട്രാക്ടർ റാലി ഞായറാഴ്ച്ച ഉച്ചയോടെ മുംബൈയിലെത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ എന്നിവരും സമരത്തിൽ പങ്കാളികളാകും.

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടുമുള്ള പതിനായിരക്കണക്കിന് കർഷകരാണ് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ നാസിക്കിൽ നിന്ന് പുറപ്പെട്ടത്.

ജനുവരി 23 മുതൽ 26 വരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് അഖിലേന്ത്യാ കിസാൻ സഭാ പ്രസിഡന്റ് അശോക് ധാവളെ പറഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന ചരിത്രപരമായ കർഷകരുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരിക്കും മുംബൈയിൽ ആസാദ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിന് പരിസമാപ്തി കുറിക്കുകയെന്നും അശോക് ധാവളെ കൂട്ടിച്ചേർത്തു.

നാസിക്കിൽ നിന്ന് പുറപ്പെട്ട റാലി കസറ മലയിടിക്കിലൂടെയാകും നാളെ രാവിലെ മുംബൈയിലേക്കുള്ള യാത്ര തുടരുക. രണ്ടു വർഷം മുൻപ് നടന്ന ഐതിഹാസിക ലോങ്ങ് മാർച്ച് നടന്ന പാതയിലൂടെ ഉച്ചയോടെ ഭീവണ്ടിയിലെത്തുന്ന റാലിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News