നവി മുംബൈയിൽ ട്രാഫിക് നിയന്ത്രിക്കാൻ ശങ്കർ മഹാദേവൻ !!

നവി മുംബൈ ട്രാഫിക് പോലീസിന്റെ ‘വൺ ഡേ വിത്ത് പോലീസ്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ വാഷിയിൽ ട്രാഫിക് നിയന്ത്രിച്ചു മാതൃകയായത്.

പ്രദേശവാസികൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ജംഗ്ഷനിൽ ദിവസത്തിൽ രണ്ട് മണിക്കൂർ ട്രാഫിക് നിയന്ത്രിക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന റോഡ് സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായാണ് ‘വൺ ഡേ വിത്ത് പോലീസ്’ എന്ന സംരംഭത്തിൽ ചേരാൻ പ്രദേശത്തെ താമസക്കാർക്ക് അവസരമൊരുക്കുന്നത്.

ട്രാഫിക് പോലീസായി പ്രവർത്തിക്കുന്ന താമസക്കാർ ട്രാഫിക് മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഒരു നന്ദി കാർഡും നിയമം തെറ്റിക്കുന്നവർക്ക് മുന്നറിയിപ്പ് കാർഡും നൽകും.

ഗായകനും സംഗീതജ്ഞനുമായ ശങ്കർ മഹാദേവൻ വെള്ളിയാഴ്ച രാവിലെ സംരംഭം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം മഹാദേവൻ തന്നെ ട്രാഫിക് പോലീസുകാരനായി മാറി ട്രാഫിക് നിയന്ത്രിക്കാൻ തെരുവിലിറങ്ങുകയായിരുന്നു.

“സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് സംരംഭത്തിന് തുടക്കമിട്ടതെന്നും പൊതുജനപങ്കാളിത്തമാണ് ലക്ഷ്യമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) പുരുഷോത്തം കാരാദ് പറഞ്ഞു. ഇതിനായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് വഴി താല്പര്യമുള്ളവർക്ക് സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും കാരാദ് അറിയിച്ചു.

വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന 31 ജംഗ്ഷനുകളിൽ ആളുകൾക്ക് അവരുടെ ഇഷ്ടപ്പെട്ട സമയം, ദിവസം, ജംഗ്ഷൻ എന്നിവ തിരഞ്ഞെടുക്കാം. ആ വ്യക്തിയ്‌ക്കൊപ്പം ഒരു ട്രാഫിക് പോലീസും ട്രാഫിക് നിയന്ത്രിക്കാൻ സഹായിക്കുമെന്നതാണ് പ്രത്യേകത.

“രണ്ട് മണിക്കൂർ ട്രാഫിക് കൈകാര്യം ചെയ്യുന്നയാൾക്ക് ട്രാഫിക് പോലീസിൽ നിന്ന് ഇ-സർട്ടിഫിക്കറ്റ് ലഭിക്കും,” കാരാദ് പറഞ്ഞു.

ഉദ്ഘാടന വേളയിൽ, ഗതാഗത മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ശങ്കർ മഹാദേവൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ഈ സംരംഭത്തിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തെരുവിലിറങ്ങി ട്രാഫിക് നിയന്ത്രിക്കുകയും ട്രാഫിക് നിയമങ്ങൾ പാലിച്ചതിന് ഡ്രൈവർമാരോട് നന്ദി പറയുകയും അവർക്ക് റോസാപ്പൂക്കളും നന്ദി കാർഡുകളും നൽകുകയും ചെയ്തു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരോട് റോഡിന്റെ നിയമങ്ങൾ പാലിക്കണമെന്നും ഗായകൻ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here