ഒരുലക്ഷം ട്രാക്ടറുകള്‍; അഞ്ച് ലക്ഷത്തോളം കര്‍ഷകര്‍; രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധത്തിന്‍റെ ചക്രങ്ങളുരുളും

കേന്ദ്രസര്‍ക്കാറിന് മുന്നില്‍ മുട്ട്മടക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി കര്‍ഷക പ്രതിഷേധം കൊടുംതണുപ്പിലും രാജ്യതലസ്ഥാനത്തെ പ്രതിഷേധച്ചൂടിലാക്കി അറുപതാം ദിവസത്തിലേക്ക് കടക്കുകയാണ്. കേന്ദ്രവുമായി നടത്തിയ 11ാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനാല്‍ ട്രാക്ടര്‍ റാലിയില്‍ പരമാവധി കര്‍ഷകരെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.

തുടക്കത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കില്ലെന്ന് പ്രഖ്യാപിച്ച പൊലീസ് അവസാനം കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ട്മടക്കി. ശനിയാഴ്‌ച ഡൽഹി, യുപി, ഹരിയാന പൊലീസുമായി സംയുക്ത കിസാൻമോർച്ച പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ്‌ കേന്ദ്രം വഴങ്ങിയത്‌‌.

സിൻഘു, തിക്രി, ഷാജഹാൻപുർ, പൽവൽ, ഗാസിപുർ എന്നീ അഞ്ച്‌ സമരകേന്ദ്രത്തിൽനിന്ന്‌ ട്രാക്ടറുകൾ ഡൽഹി‌ക്കുള്ളിൽ പ്രവേശിക്കും. നഗരത്തിനുള്ളിൽ 30 കിലോമീറ്ററോളം പരേഡുണ്ടാകും. ഒരു ലക്ഷത്തോളം ട്രാക്ടറിലായി അഞ്ച്‌ ലക്ഷത്തോളം കർഷകർ പരേഡിൽ അണിനിരക്കും. പരേഡിന്‍റെ റൂട്ട്മാപ്പ് കര്‍ഷകര്‍ ഇന്ന് പ്രഖ്യാപിക്കും

ട്രാക്ടർ റാലി റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായെന്നും വിശദാംശങ്ങൾ പിന്നീട്‌ തീരുമാനിക്കുമെന്നും പൊലീസുമായുള്ള ചർച്ചയ്ക്കുശേഷം കർഷകസംഘടനാ നേതാക്കൾ അറിയിച്ചു. റിപ്പബ്ലിക്‌ ദിനത്തിലെ ഔദ്യോഗിക പരേഡിനും അതിന്റെ സുരക്ഷാക്രമീകരണങ്ങൾക്കും കർഷകർ തടസ്സമാകില്ല. ചരിത്രത്തിൽ ഇടംനേടും വിധം പങ്കാളിത്തത്തോടെ ഏറ്റവും സമാധാനപൂർണമായിട്ടാകും പരേഡ്. പൊലീസ്‌ അനുവദിച്ചിട്ടുള്ള റൂട്ടിലൂടെ പരേഡ്‌ നീങ്ങും. പരേഡിന്‌ ശേഷം ട്രാക്ടറുകൾ വീണ്ടും അതിർത്തികടന്ന്‌ പുറത്തേക്ക്‌ നീങ്ങും–- നേതാക്കൾ പറഞ്ഞു.

ട്രാക്ടർ റാലി തടയാൻ കേന്ദ്രം എല്ലാ ശ്രമവും നടത്തി. പരേഡ്‌ തടയണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ്‌ തീരുമാനിക്കട്ടെയെന്നായിരുന്നു കോടതി‌. പരേഡ്‌ അനുവദിക്കാനാവില്ലെന്ന നിലപാടാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള ഡൽഹി പൊലീസ്‌ സ്വീകരിച്ചത്‌. രണ്ടുവട്ടം കർഷകസംഘടനകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഡൽഹിയിൽ പ്രവേശിക്കുമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു. ഇതിനിടെ ആയിരക്കണക്കിന്‌ ട്രാക്ടറുകൾ പരേഡിനായി ഡൽഹി അതിർത്തിയിലേക്ക്‌ എത്തി. ജനകീയ സമ്മർദം ശക്തിപ്പെട്ടതോടെ കേന്ദ്രവും പൊലീസും വഴങ്ങുകയായിരുന്നു.

രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഹരിയാന സംസ്ഥാനങ്ങളിൽനിന്നാണ്‌ പരേഡിനായി ട്രാക്ടറുകൾ എത്തുക. ഹരിയാനയിലെയും പഞ്ചാബിലെയും ഓരോ ഗ്രാമങ്ങളിൽനിന്ന്‌ കുറഞ്ഞത്‌ പത്ത്‌ ട്രാക്ടർ വീതമാണ്‌ ഡൽഹിയിലേക്ക്‌ നീങ്ങിയിട്ടുള്ളത്‌.

റിപ്പബ്ലിക്‌ ദിനത്തിലെ ഔദ്യോ ഗിക റാലിയേക്കാൾ ശ്രദ്ധ കിസാൻ പരേഡിന്‌ ലഭിക്കുമോയെന്ന ആശങ്ക കേന്ദ്രത്തിനുണ്ട്‌. ഒന്നര വർഷത്തേക്ക്‌ നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്‌ദാനത്തിലേക്ക്‌ എത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്‌ പരേഡ്‌ ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലാണ്‌. കർഷകർ ഈ ഉപാധിയും നിരാകരിച്ചതോടെ കേന്ദ്രം വഴങ്ങേണ്ടിവന്നു. കോർപറേറ്റ്‌ പ്രീണന നിലപാടിൽ ഉറച്ചുനിൽക്കുന്ന ബിജെപി സർക്കാരിന്‌ ശക്തമായ താക്കീതാകും ട്രാക്ടർ റാലി.

സിൻഘുവിൽ ഒരു കർഷകൻകൂടി മരിച്ചു
സിൻഘുവിലെ സമരകേന്ദ്രത്തിൽ ശനിയാഴ്‌ച ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബിലെ കോട്‌ലിയിൽനിന്നുള്ള 75 കാരനായ രത്തൻ സിങ്ങാണ്‌ കൊടുംതണുപ്പിനെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളാൽ മരിച്ചത്‌. ഏതാനും ആഴ്‌ചകളായി രത്തൻ സിങ്‌ സമരകേന്ദ്രത്തിൽ ബന്ധുക്കൾക്കൊപ്പം തുടരുകയായിരുന്നു.

നവംബർ 26ന്‌ ഡൽഹി വളഞ്ഞുള്ള കർഷകപ്രക്ഷോഭം ആരംഭിച്ചശേഷം നൂറിലേറെ കർഷകരാണ്‌ തണുപ്പടിച്ചും മറ്റ്‌ രോഗങ്ങളെ തുടർന്നും മരിച്ചത്‌. ആറുകർഷകർ വിവിധ സമരകേന്ദ്രങ്ങളിൽ ആത്‌മഹത്യ ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel