കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനാവാന്‍ എന്‍ ഷംസുദ്ദീന്‍ ?; എങ്കില്‍ ഷംസുദ്ദീന് പകരക്കാരനാര്?

മലപ്പുറം: മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രഖ്യാപനത്തിനൊപ്പം പകരക്കാരനായി ഉയര്‍ന്നുകേട്ട പേരാണ് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍.

അബ്ദുസ്സമദ് സമദാനി, കെഎന്‍എ ഖാദര്‍ എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ടെങ്കിലും എന്‍ ഷംസുദ്ദീനെ പരിഗണിക്കുന്നതില്‍ മുസ്ലിംലീഗ് ഉന്നതാധികാര സമിതിയില്‍ ആര്‍ക്കും എതിര്‍പ്പില്ല. എങ്കില്‍ എന്‍ ഷംസുദ്ദീന് പകരക്കാരനായി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ആരിറങ്ങുമെന്നത് ചൂടേറിയ ചര്‍ച്ചകളിലാണ്.

വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കാന്‍ പലരും താല്‍പ്പര്യവുമറിയിച്ചിട്ടുണ്ട്. എന്‍ ഷംസുദ്ദീന് പകരക്കാരനായി യൂത്ത് ലീഗ് നേതാക്കളായ പി എം സാദിഖലി, ടി പി അഷറഫലി എന്നിവരുടെ പേരുകളാണ് ഉള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍മത്സരിച്ച് തോറ്റതാണ് പി എം സാദിഖലി. കെഎം ഷാജി പക്ഷക്കാരനായ സാദിഖലിയെ മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുവരുന്നതിനുള്ള സമ്മര്‍ദ്ദങ്ങളുണ്ട്. മലപ്പുറം മുന്‍ ജില്ലാപഞ്ചായത്ത് അംഗവും എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റുമായ ടി പി അഷറഫലിയെ വിജയസാധ്യതയുള്ള മണ്ണാര്‍ക്കാട് മത്സരിപ്പിക്കണമെന്ന ആവശ്യവും സംസ്ഥാന നേതാക്കള്‍ക്കിടയിലുണ്ട്.

മണ്ണാര്‍ക്കാട്ടുകാരായ ജില്ലാപഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, നഗരസഭാ ചെയര്‍മാന്‍ ഫായിദ ബഷീര്‍, റഷീദ് ആലായന്‍ എന്നിവരുടെ പേരുകള്‍ പാലക്കാട് മുസ്ലിംലീഗ് ജില്ലാകമ്മിറ്റിയുടെ താല്‍പ്പര്യ പട്ടികയിലുണ്ടെങ്കിലും ഇപ്പോള്‍ പരിഗണിക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തില്‍ ധാരണ.

മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍നിന്ന് മങ്കടയിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. 2006-ല്‍ മഞ്ഞളാംകുഴി അലി ഇടതുസ്വതന്ത്രനായി മത്സരിച്ച മങ്കടയില്‍ അലി മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനോട് ഒരുവിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. സമവായത്തിലെത്തിയാല്‍ ടി പി അഷറഫലിയെ പെരിന്തല്‍മണ്ണയില്‍ മത്സരിപ്പിക്കാനാണ് ആലോചന.

അങ്ങനെയെങ്കില്‍ പി എം സാദിഖലി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ഇക്കാര്യത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പ് ഉയരുകയാണെങ്കില്‍ എന്‍ ഷംസുദ്ദീന്‍ത്തന്നെ മണ്ണാര്‍ക്കാട് തുടരും.
മലപ്പുറം തിരൂര്‍ സ്വദേശിയായ എന്‍ ഷംസുദ്ദീന്റെ പേര് തിരൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയിലുമുണ്ട്.

മൂന്നുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന കുരുക്കില്‍പ്പെട്ട് തിരൂര്‍ എംഎല്‍എയായ സി മമ്മൂട്ടി മാറുന്ന ഒഴിവിലേക്കാണിത്. മുസ്ലിം ലീഗില്‍നിന്ന് താനൂര്‍ പിടിച്ചെടുത്ത ഇടതുസ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറുമെന്ന സൂചനയുണ്ട്. അങ്ങനെയെങ്കില്‍ തിരൂരില്‍ പരിചിതനായ സ്ഥനാര്‍ത്ഥിയെ പരിഗണിക്കേണ്ടി വരും.

ഇതുമുന്നില്‍ക്കണ്ട് എന്‍ ഷംസുദ്ദീനോട് തിരൂരില്‍ സജീവമാവുന്നതിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിപിഐയുടെ സിറ്റിങ് സീറ്റായിരുന്ന മണ്ണാര്‍ക്കാട് 2011-ലാണ് എന്‍ ഷംസുദ്ദീന്‍ തിരിച്ചുപിടിച്ചത്. 8270 വോട്ട് ലീഡിനായിരുന്നു വിജയം.

2016-ല്‍ ഷംസുദ്ദീന്‍ രണ്ടാമൂഴത്തില്‍ 12,325 ആയി ലീഡുയര്‍ത്തി. മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് കമ്മിറ്റിയിലെ വിഭാഗീയതും അസ്വാരസ്യങ്ങളും അതിജയിച്ചായിരുന്നു വിജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കാന്തപുരം വിഭാഗം പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതും മണ്ഡലത്തില്‍ മേല്‍ക്കൈയുള്ള ഇ കെ വിഭാഗം സമസ്തക്കിടയില്‍ ഷംസുദ്ദീന്റെ സ്വാധീനമുയര്‍ത്തി.

സമസ്തയ്ക്കുകൂടി സ്വീകാര്യനായ സ്ഥനാര്‍ത്ഥിയെയാവും ഇത്തവണ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് പരിഗണിയ്ക്കുക.
ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് മണ്ണാര്‍ക്കാട്. മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി രണ്ടുതവണ മണ്ണാര്‍ക്കാട് നിന്ന് ജയിച്ചിട്ടുണ്ട്.

1996-ല്‍ കല്ലടി മുഹമ്മദിനെ 6968 വോട്ടിനാണ് ജോസ് ബേബി തോല്‍പ്പിച്ചിരുന്നത്. 2001-ല്‍ കളത്തില്‍ അബ്ദുല്ല 67369 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചുപിടിച്ചു. 2006-ല്‍ കളത്തില്‍ അബ്ദുല്ലയെ 7213 വോട്ടിന് തോല്‍പ്പിച്ച് ജോസ് ബേബി തന്നെ തിരിച്ചുപിടിച്ചു.

2011,2016 തിരഞ്ഞെടുപ്പുകളില്‍ എന്‍ ഷംസുദ്ദീനൊപ്പമായിരുന്നു വിജയം. മാറിമറിഞ്ഞും വീറും വാശിയും നിറഞ്ഞും ശ്രദ്ധനേടിയ മണ്ഡലത്തില്‍ ഷംസുദ്ദീന്റെ പകരക്കാരന് വിജയം എളുപ്പമായിരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here