
മേപ്പാടി: വയനാട് മേപ്പാടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് പൂട്ടി. സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് പൂട്ടിയത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റിസോര്‍ട്ട് പൂട്ടിയത്. വയനാട് കളക്ടര്‍ അദീല അബ്ദുള്ള നേരിട്ടെത്തി റിസോര്‍ട്ടില്‍ പരിശോധന നടത്തി. സംഭവത്തെത്തുടര്‍ന്ന് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെല്ലാം പൂട്ടുമെന്നും കളക്ടര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണ് മേപ്പാടിയിലെ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്.
റിസോര്‍ട്ട് അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പഞ്ചായത്തും വിവരം പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും റിസോര്‍ട്ടിനെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്ത് അറിയിച്ചു. ഈ റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായും വനംവകുപ്പ് പറയുന്നു.
സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് നേരത്തെ വനംവകുപ്പ് കണ്ടെത്തിയിരുന്നു. വനത്തില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താര്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഷഹാന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here