മലയാള സിനിമയിലെ മാന്ത്രികന്‍ പത്മരാജന്റെ സ്മരണ ദിനത്തോടനുബന്ധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന ആലപിച്ച് ഗാനം വൈറലാകുകയാണ്. സ്പീക്കറാണ് ഗാനം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെങ്കിലും എന്റെ മകള്‍ അമ്മു (നിരഞ്ജന) യുടെ ഈ ഗാനാര്‍ച്ചന പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിരഞ്ജനയുടെ ഗാനം പുറത്തുവിട്ടത്. ‘ദേവാങ്കണങ്ങള്‍’ എന്ന പേരിലാണ് കവര്‍ സോങ്ങ് പുറത്തിറങ്ങിയത്.
മലയാളി മനസ്സില്‍ ഇന്നും ഗൃഹാതുരതയുണര്‍ത്തുന്ന ഞാന്‍ ഗന്ധര്‍വ്വന്‍ ചിത്രത്തിലെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാസ്റ്റര്‍ ഈണം നല്‍കി കെ ജെ യേശുദാസ് ആലപിച്ച ‘ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം’ എന്ന ഗാനത്തിന്റെ കവര്‍സോങ്ങാണ് നിരഞ്ജന ഹൃദ്യമായാണ് ആലപിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
…………………………………
ഇന്ന് പത്മരാജന്‍ സ്മരണ ദിനം… തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെങ്കിലും എന്റെ മകള്‍ അമ്മു (നിരഞ്ജന) യുടെ ഈ ഗാനാര്‍ച്ചന പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു.
ഇതിന്റ ദൃശ്യാവിഷ്‌കാരം നടത്തിയത് എന്റെ സുഹൃത്തും സിനിമാ നടനുമായ റിയാസ് ഹസ്സന്‍ (ആകാശഗംഗ ഫെയിം) ആണ്.
ഓരോ മഴത്തുള്ളിയും കഥാഖ്യാനത്തിന്റെ ഭാഗമാകുന്ന ദൃശ്യ മാസ്മരികത മലയാളി അനുഭവിക്കുകയായിരുന്നു പദ്മരാജന്‍ സിനിമകളില്‍.
മുത്തശ്ശിക്കഥയിലെ കെട്ടുകഥ സുന്ദരമായ പ്രണയശില്പമായി മാറി. കണ്ട ഓരോരുത്തരുടെയും മനസ്സില്‍ ഒരു ഗന്ധര്‍വ പ്രതിമ കൊണ്ടിടുന്ന പ്രതിഭയുടെ തിരക്കൈകള്‍… കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷിന്റെ സംഗീതം കൂടി ആയപ്പോള്‍ മന്‍മഥന്‍ കൊടിയേറുന്ന ചന്ദ്രോത്സവമായി.
ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകങ്ങള്‍ ഗാനഗന്ധര്‍വന്റെ ആലാപനത്തിലൂടെ ഭൂമിയിലെ പ്രണയാര്‍ദ്ര മനസ്സുകളില്‍ വിലോല മേഘമായ് മാറി.’ഞാന്‍ ഗന്ധര്‍വനി’ലെ ആ ഗാനമോര്‍ക്കാതെ പദ്മരാജന്റെ സ്മൃതി പൂര്‍ണമാകില്ല.
ചിത്രശലഭമായി വന്ന് ആ ചലച്ചിത്ര ഗന്ധര്‍വന്‍ ഭൂമിയിലീ പാട്ട് ആളുകള്‍ ഏറ്റു പാടുന്നത് കേള്‍ക്കുന്നുണ്ടാകാം. കേവല കല്പനയാകാം, പദ്മരാജനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആരും കാല്പനികനാവുമെന്നതാണ് സത്യം.
Get real time update about this post categories directly on your device, subscribe now.