പ്രശസ്തമായ ഒരു ഇല്ലത്തെ നമ്പൂതിരി പയ്യനെ മത്തിക്കറിയുമായി കൂട്ടിയിണക്കിയാൽ ഇന്നത്തെ അസഹിഷ്ണുത നിറഞ്ഞ ലോകം എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച്
എന്തെന്നില്ലാത്ത ആശങ്കകളുണ്ട്. കാലം അത്രകണ്ട് മാറിപ്പോയെന്ന ആകുലതകള്‍ക്കിടയിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖം എൻറെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.
വാർദ്ധക്യത്തിലേക്ക് ചുവടുകൾ വെക്കുന്ന സമയത്ത് സിനിമയിലെത്തി, അഭിനയത്തിന്റെ നനുത്ത ഭാവതലങ്ങൾ ആസ്വാദകരുടെ മനസ്സിൽ സൃഷ്ടിച്ച ആ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ആ യിരിക്കും ബഹുഭൂരിപക്ഷം പേരും ഡിസ്റ്റിങ്ങ്ഷൻ നൽകുക. എനിക്കാകട്ടെ, അതൊരു ഐശ്ചിക വിഷയമേയല്ല. വേണമെങ്കിൽ സബ്സിഡയറി പട്ടികയിൽ പെടുത്താം.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എന്‍റെ എൺപതുകളുമായി വിളക്കിച്ചേർത്ത മുഖമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടേത്. ആകസ്മികത ആണല്ലോ നമ്മുടെ ജീവിതത്തിലെ വഴിത്തിരിവുകളിൽ ഒട്ടുമിക്കതും. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞ് പയ്യന്നൂർ കോളേജിൽ ഡിഗ്രി പഠനത്തിന്എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പുല്ലേരി വാദ്ധ്യാർ ഇല്ലവുമായുള്ള ബന്ധം തുടങ്ങുന്നത്. വാദ്ധ്യാർ ഇല്ലത്തുനിന്ന് വെളുത്ത് തടിച്ച ഒരു പൊടിമീശക്കാരൻ എൻറെ സഹപാഠിയായി എത്തുന്നു , ഭവദാസൻ നമ്പൂതിരി. വാദ്ധ്യാർ ഇല്ലവുമായുള്ള ബന്ധത്തിലെ എൻറെ ആദ്യ കണ്ണി. വൈകാതെ കുര്യൻ തോമസ്,എം എം തോമസ് തുടങ്ങിയവരോടൊപ്പം ഭവദാസും എൻറെ സൗഹൃദവലയത്തിൽ സ്ഥാനം പിടിച്ചു .

വിദ്യാർത്ഥി രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ട നാളുകൾ. പ്രീഡിഗ്രി ബോർഡ് രൂപീകരണം, പോളിടെക്നിക് സ്വകാര്യവൽക്കരണം എന്നിങ്ങനെ വിവിധവിഷയങ്ങൾ ക്യാമ്പസുകളിൽ അല തല്ലുകയാണ്.കോളേജിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിലേക്ക് ഞങ്ങളും ആഴ്ന്നിറങ്ങി.എതിർ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിന്റെ അമരത്ത് ഇപ്പോഴത്തെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉണ്ട് .ഭവദാസനും കുര്യനും തോമസും ഞാനുമൊക്കെ പൊളിറ്റിക്സ് വിദ്യാർത്ഥികൾ ആയതുകൊണ്ടുതന്നെ ക്ലാസ്സ് കട്ട് ചെയ്ത് രാഷ്ട്രീയത്തിൽ വിരാജിക്കുന്നതിന് ഞങ്ങൾക്ക് ചില മുടന്തൻ ന്യായങ്ങൾ മുന്നോട്ടു വയ്ക്കാൻ ഉണ്ടായിരുന്നു.
ഭവദാസനിലൂടെയാണ് ഞങ്ങളെല്ലാവരും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സമീപത്ത് എത്തുന്നത്. രൂപത്തിലും ഭാവത്തിലും വർത്തമാനത്തിലുമെല്ലാം അന്നും ഉണ്ണികൃഷ്ണൻനമ്പൂതിരി ഒരു മുത്തശ്ശൻ തന്നെയായിരുന്നു . പ്രതാപത്തിന്‍റെ എണ്ണിയാലൊടുങ്ങാത്ത കഥകൾ പറയാനുണ്ടായിരുന്ന ഇല്ലം സാധാരണ കുടുംബത്തിലെ എല്ലാ വിമ്മിഷ്ട്ടങ്ങളും പേറിക്കൊണ്ടിരിക്കുന്ന വേളയായിരുന്നു അത് . എന്നാൽ ആ നിഴലുകൾക്ക് മേൽ നിലാവായി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്നേഹവായ്പ് നിറഞ്ഞുനിന്നു.
എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരു ഇല്ലത്ത് പ്രവേശിക്കുന്നത്. പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ എല്ലാ ചേരുവകളും, തെക്കിനി-വടക്കിനി പോലെയുള്ള ഘടകങ്ങളും ഇല്ലത്ത് സമൃദ്ധമായി ഉണ്ടായിരുന്നു. വേദമന്ത്രങ്ങളുടെ യാഥാസ്ഥിതികതയുടെ ഒരുപടി മേലായിരുന്നു വിപ്ലവത്തിൻറെ അരുണകിരണങ്ങൾ. ശ്ലോകങ്ങൾ ഉരുവിടുന്ന അതേ ശ്വാസത്തിൽ എകെജി , ഇഎംഎസ് തുടങ്ങിയവരെ കുറിച്ച് ദീർഘമായി ഉണ്ണിനമ്പൂതിരി സംസാരിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞ എകെജിയുടെ ഹംസമായുള്ള യാത്രകളെ കുറിച്ച് പറയുമ്പോൾ കണ്ണുകൾ തിളങ്ങും. വാത്സല്യം ചൊരിഞ്ഞുകൊണ്ട് എകെജി പിന്നീട് എഴുതിയ കത്തുകളിലെ വരികൾ മാത്രമല്ല , കുത്തും കോമയും വരെ,മൂപ്പർക്ക് ഹൃദിസ്ഥമാണ്.
കൽഭരണിയിൽ വർഷങ്ങളോളം കഴിഞ്ഞ കണ്ണിമാങ്ങയും നല്ല കട്ടിത്തൈരും ചേർത്തുള്ള സസ്യാഹാരം തന്ന് ഞങ്ങളെ യാത്രയാക്കും. ഇറച്ചിയും മീനും കിട്ടാതെ ജീവിക്കാൻ കഴിയില്ല എന്ന് വിശ്വസിച്ചിരുന്ന നസ്രാണി പുസ്തകത്തിൻറെ ഒരേടാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി വലിച്ചുകീറി കൊട്ടയിൽ ഇട്ടത് .ഈ സ്വാദ് ഓർത്തിട്ട് തന്നെയാവണം പയ്യന്നൂരിലെ ബോംബെ ഹോട്ടലിൽ നിന്ന് ഞങ്ങൾ ഇടയ്ക്ക് സസ്യാഹാരം കഴിച്ചത്.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഭവദാസനും കുര്യനും ഞാനുമൊക്കെ മത്സരിച്ചു. തളിപ്പറമ്പ് കുപ്പത്ത് നിന്നും വന്നിരുന്ന , ഞങ്ങളേക്കാൾ ഏറെ പ്രായക്കൂടുതലുള്ള, വത്സൻ ആയിരുന്നു തെരഞ്ഞെടുപ്പിന്റെ നേതൃസ്ഥാനത്ത്. പല കാരണങ്ങൾകൊണ്ട് എംഎം തോമസ്
മത്സര രംഗത്ത് നിന്ന് വിട്ടു നിന്നു. വാസ്തവം അല്ലെങ്കിലും,കുര്യൻ മനപ്പൂർവം തോമസിൻറെ പേര് വെട്ടി എന്ന അപഖ്യാതി ഞങ്ങൾ നിർലോഭം പറഞ്ഞു പരത്തിയിരുന്നു. എം എക്ക് പഠിക്കാൻ കേരളവർമ്മയിൽ പോയപ്പോഴും ഇതുതന്നെ സംഭവിച്ചു എന്നത്കൊണ്ട് എം എം തോമസ് ഈ അപഖ്യാതി സത്യമാണെന്ന് ധരിച്ച് ഇന്നും വശായി നടക്കുന്നു.

ഭവദാസന് ലുക്ക് ഉണ്ടായിരുന്നെങ്കിലും സംസാരം റൊമ്പ പ്രശ്നമാണെന്ന് ഞങ്ങൾ കണ്ടെത്തി. വാക്കുകളുടെ മുകളിൽ നിയന്ത്രണം ഒട്ടും തന്നെ ഇല്ല. ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ ശബ്ദം ചിലമ്പിച്ച് തുടങ്ങും. ചെയർമാൻ സ്ഥാനാർത്ഥിക്ക് ഗാംഭീര്യം ചോർന്നുപോകുന്നത് തിരഞ്ഞെടുപ്പിനെ മൊത്തം ബാധിക്കുമെന്ന് ഞങ്ങൾ തീർപ്പാക്കി. ഇനി ഭവദാസ് ‘അധിക പ്രസംഗത്തിന്’ നിൽക്കണ്ട , വെറുതെ തലയുയർത്തി നിന്നാൽ മതിയെന്നായി ഞങ്ങളുടെ തീരുമാനം .
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനാര്‍ത്ഥി കുര്യന് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . സദാസമയവും ബീഡിയും വലിച്ച് പെൺകുട്ടികളെ കണ്ടാൽ പെങ്ങളെ എന്ന് വിളിച്ചു നടക്കുന്ന കുര്യന്റെ കാര്യം പോക്കായിരിക്കുമെന്ന് എം എം തോമസ് പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വിധി എഴുതിയിരുന്നു. സീറ്റ് കിട്ടാത്തതിന്റെ കുടിപ്പക ആയി ഞങ്ങള്‍ അത് തെറ്റിദ്ധരിച്ചതുകൊണ്ട് ഭവദാസിന്‍റെ കാര്യത്തില്‍ തിരുത്തല്‍ നടപടി ഇവിടെ നടപ്പാക്കിയില്ല. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഭവദാസൻ വിജയിച്ചു കയറി. വത്സനും ഞാനുമൊക്കെ കരപറ്റി. പക്ഷേ തോമസ് പ്രവചിച്ചത് പോലെ തന്നെ കുര്യൻ മൂക്കുകുത്തി വീണു. ഇനി ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയേയും പെങ്ങള്‍ എന്ന് അഭിസംബോധന ചെയ്യരുത് എന്ന് കുര്യന് തോമസ് അന്ത്യശാസനം നല്‍കുകയും ചെയ്തു.
സമരങ്ങളും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലവും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ഒരുപാട് പറയാനുണ്ട് . പോളിടെക്നിക് സമരത്തിൽ സർക്കാർ വാഹനങ്ങളുടെ ചില്ലുകൾ പൊട്ടുന്നകാലമാണ്. ഡസൻകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പോലീസിന്റെ നരനായാട്ടിൽ നിന്ന് രക്ഷപ്പെടാൻ അഭയം പ്രാപിച്ചിരുന്നത് വിസ്തൃതമായ ഈ ഇല്ലത്താണ്. സാധാരണഗതിയിൽ പോലീസ് അങ്ങോട്ട് കടക്കില്ല എന്ന് മാത്രമല്ല സമരക്കാരെ സംരക്ഷിക്കാൻ ഇല്ലം വാതിൽ തുറന്നിടും എന്ന് ആരും വിചാരിച്ചിരുന്നുമില്ല.
പല ദിവസങ്ങളോളം വാദ്ധ്യാർ ഇല്ലത്തിൽ പലരും അന്തേവാസികളായി.കുര്യനും തോമസും മറ്റുള്ളവരും ഇല്ലത്തുനിന്നും പ്രഭാത സവാരിക്കിറങ്ങി, രണ്ടു വണ്ടിക്ക് കല്ലെറിഞ്ഞ ശേഷം ഇല്ലത്തെത്തി പ്രഭാത ഭക്ഷണം കഴിക്കും . ഇല്ലത്തെ താമസത്തിനിടയിൽ എം എം തോമസിനുള്ളിലെ പച്ച നസ്രാണി ഇടയ്ക്കിടക്ക് തലയുയർത്തും. ഇല്ലത്തെ കുളത്തിൽ ചാടി കളിക്കുന്ന മീനിനെ കാണുമ്പോൾ ഒരെണ്ണത്തിനെ പൊരിച്ചാലോ എന്ന ആഗ്രഹം മൊട്ടിടും. എന്തായാലും പേരുദോഷം കേൾപ്പിക്കാതെ ഇല്ലത്തെ വാസം അവസാനിപ്പിക്കാൻ കഴിഞ്ഞതുകൊണ്ട് ഇല്ലവുമായുള്ള സൗഹൃദം അനസ്യുതം തുടര്‍ന്നു.
തുടക്കത്തില്‍ പറഞ്ഞ മത്തിക്കറിയെ ഞാൻ മറന്നതല്ല, കുറച്ച് എരിവും പുളിയും പിടിക്കട്ടെ എന്ന് കരുതി അവസാനത്തേക്ക് വെച്ചതാണ്. സമരവും തെരഞ്ഞെടുപ്പും കഴിഞ്ഞ് അവസാന വർഷം യൂണിവേഴ്സിറ്റി പരീക്ഷയുടെ കാർമേഘത്തുണ്ടുകൾ തലയ്ക്കുമേൽ പ്രത്യക്ഷപ്പെട്ടു . ക്ലാസ്സ് കട്ട് ചെയ്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയതിന്റെ സൂചിമുനകൾ അപ്പോഴാണ് മനസ്സിൽ തറച്ചു തുടങ്ങിയത്. ഞങ്ങളെല്ലാം സാധാരണ കുടുംബങ്ങളിൽ നിന്നു വരുന്നവർ ആയിരുന്നു. ഒന്ന് പിഴച്ചാൽ ഭാവി തന്നെ നശിച്ചുപോയേക്കാം . കോളേജിനെ ഉത്സവഭരിതമാക്കിയ സൗഹൃദസംഘങ്ങൾ മ്ലാനതയിലാണ്ടു.
തൊട്ടടുത്ത ചരിത്ര ക്ലാസ്സിൽ ഉണ്ടായിരുന്ന രാജഗോപാൽ, ഭാസ്കരൻ, ഭരതന്‍, പുഷ്പരാജൻ, വിനോദ് എന്നിവരുമായി തോമസിനും എനിക്കും നല്ല ബന്ധമായിരുന്നു. ശ്വാസം പിടിച്ചുള്ള സംഘടനാ പ്രവർത്തനത്തിനിടയിൽ വിനോദം നൽകുന്ന വാതായനമായിരുന്നു ഇവർ. ഒലപ്പൻ (ഉഴപ്പൻ) സംഘം എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. കോളേജിൽ ആര് ചെണ്ടകൊട്ടിയാലും അവിടെ എത്തും ഇവർ. വിദ്യാർത്ഥികളെയും അധ്യാപകരെയും നടുക്കിക്കൊണ്ടാണ് കോളേജിൽ നിന്ന് ഈ ഒലപ്പൻമാർ വിടപറഞ്ഞത് മിന്നുന്ന പ്രകടനവുമായിട്ടായിരുന്നു. ഒപ്പന ഉൾപ്പെടെയുള്ള കലാപരിപാടികളിൽ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച്ചവെച്ച് ഏവരുടെയും മനംകവർന്നു ഇവർ. അല്പം പ്രശസ്തി കൂട്ടിക്കിട്ടാൻ സംഘടനാപ്രവർത്തനം വിട്ട് എം എം തോമസും ഒപ്പനയ്ക്ക് വേണ്ടി ചുവട് വെച്ചു.
വത്സന് പരീക്ഷയെപ്പറ്റി ഉത്കണ്ഠ ഇല്ല. കൽക്കത്തയിലൊക്കെ സ്റ്റെനോഗ്രാഫർ ആയി ജോലി ചെയ്തു തിരികെ വന്ന് കോളേജിൽ ചേർന്നതാണ് ആ കക്ഷി. പരീക്ഷയുടെ ഭീഷണിയിൽ ചുഴ്ന്ന് നിന്നത് ഭവദാസൻ, കുര്യൻ, തോമസ് എന്നിവരായിരുന്നു . പഠിക്കുന്ന വിദ്യാർത്ഥി എന്ന ലേബൽ എനിക്കുണ്ടായിരുന്നതുകൊണ്ടു തന്നെ ഇവരുടെ ദയനീയ നോട്ടം എൻറെ മേൽ ആണ് പതിച്ചത്.
പരീക്ഷ ജയിച്ചില്ലെങ്കിൽ ജീവിതം കൂടുതൽ കുഴപ്പത്തിലാകും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പുസ്തകമോ നോട്ടോ ഒന്നുമില്ല . കോളേജ് അടച്ചതോടുകൂടി ഒറ്റപ്പെടൽ പൂർണമായി. ഭവദാസൻ ഇല്ലത്ത് ആയിരുന്നെങ്കിലും ഞങ്ങളുടെ ക്യാംപ് പയ്യന്നൂർ ടൗണിൽ തെക്കി ബസാറിനടുത്തുള്ള നമ്പ്യാര്‍ത്ര കോവിലിലെ ഒരു ഭാർഗവി നിലയത്തിൽ ആണ്. കാടുപിടിച്ച് ഇടിഞ്ഞുവീഴാറായ ആ വീടിന് നാമമാത്രമായ വാടകയാണ് ഉണ്ടായിരുന്നത്. തോമസ് ഇടനിലക്കാരനായി സംഘടിപ്പിച്ച കൂടാരമാണിത്. ഈ കാനന വസതിയിലാണ് ഞാൻ ജീവിതത്തിൽ ഏറ്റവും അധികം പാമ്പുകളെ കണ്ടിട്ടുള്ളത്. മുന്നിലും പിന്നിലും നോക്കാനില്ലാത്ത, ചോരത്തിളപ്പുള്ള കാലമായതുകൊണ്ട് പാമ്പിന് ഞങ്ങൾ പല്ലിയുടെ വില പോലും കൊടുത്തിരുന്നില്ല.
പരീക്ഷ മുറിച്ചുകടക്കാൻ എന്താണ് വഴി എന്ന് തലപുകഞ്ഞാലോചിച്ചപ്പോൾ കമ്പൈൻ സ്റ്റഡി എന്ന ഒറ്റമൂലിയാണ് ഞാൻ നിർദ്ദേശിച്ചത് . മറ്റു കാര്യങ്ങളിൽ തല കൊടുക്കാതെ പൂർണമായും പഠനത്തിൽ ശ്രദ്ധിച്ചാൽ മാത്രമേ മിനക്കെടാൻ ഒരുക്കമുള്ളൂ എന്ന എൻറെ നിലപാട് മൂവരും കണ്ണുചിമ്മാതെ അംഗീകരിച്ചു. ദിവസങ്ങൾകൊണ്ട് പുസ്തകങ്ങളും നോട്ടുകളും സംഘടിപ്പിച്ചു. രാവിലെ മുതൽ അഭ്യാസം തുടങ്ങും .അതിനിടയിൽ എം എം തോമസ് ഒരു കലത്തിൽ അരി ഇടും. ഭവദാസ് ഇല്ലത്തുനിന്നും കണ്ണിമാങ്ങ അച്ചാർ കൊണ്ടുവരും.ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ നസ്രാണികൾ ആയ ഞങ്ങൾക്ക് കഞ്ഞി ഇറങ്ങാതെ ആയി.
എം എം തോമസ് തെക്കി ബസാറിൽ ഒരു മീൻകാരനെ കണ്ടെത്തി. കട അടയ്ക്കാൻ പരുവത്തിലാകുമ്പോഴാണ് തോമസ് പഴകി തുടങ്ങിയ മത്തി നല്ല ഡിസ്കൗണ്ട് റേറ്റില്‍ വാങ്ങിയിരുന്നത്. മീന്‍ വൃത്തിയാക്കുന്നതാണ് ഏറ്റവും രസകരമായ കാഴ്ച. സ്ത്രീകൾ ചെയ്യുന്നതുപോലെ കത്തി പെരുവിരലിനിടയില്‍ നിർത്തി അസാമാന്യ വഴക്കത്തോടെ വൃത്തിയാക്കിയെടുക്കും. ആദ്യമൊക്കെ അറപ്പോടെയാണ് ഭവദാസ് ഇത് കണ്ടിരുന്നത് .
അയ്യേ ശവം എന്നൊക്കെ പറഞ്ഞിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ മത്തിയുടെ വശ്യതയിൽ ഭവദാസൻ വീണു. പിന്നീട് മത്തിയുടെ മണവും രുചിയും ചേർന്നാലെ ഭക്ഷണവും പാഠഭാഗങ്ങളും ഉള്ളിലേക്ക് ഇറങ്ങൂ എന്ന അവസ്ഥയിലായി.ഇല്ലത്തിൻറെ സൗരഭ്യം ചേർന്ന കടുമാങ്ങ അച്ചാറിനോട് വിരക്തിയുണ്ടാകുന്ന ഘട്ടം എത്തുന്നതിനുമുൻപ് എന്തായാലും പരീക്ഷ എത്തിയതുകൊണ്ട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും കുടുംബവും രക്ഷപെട്ടു.
പഠനത്തിൽ ഏറ്റവും ദുർബലൻ ഭവദാസ് ആയിരുന്നു.പിന്നോക്കമായിരുന്നെങ്കിലും
എം എം തോമസ് ഭവദാസിനേക്കാൾ ഒരു പൊടിക്ക് മേലെ ആയിരുന്നു. അതുകൊണ്ടുതന്നെ ചില മണ്ടത്തരങ്ങൾ പറയുമ്പോൾ ഭവദാസിന്റെ മേൽ ആക്ഷേപ ഹാസ്യങ്ങൾ ചൊരിയാനും തോമസ് സമയം കണ്ടെത്തി. ഒടുവിൽ പരീക്ഷയിൽ അത്ഭുതം സംഭവിച്ചു. ഏവരെയും നടുക്കിക്കൊണ്ട് ഭവദാസൻ ഉരുമിക്കയറി. കുര്യനും തോമസും നല്ലനിലയിൽ പാസ്സായി. പറഞ്ഞുകൊടുത്താൽ ആണ് കൂടുതൽ പഠിക്കുന്നത് എന്ന് തെളിയിച്ചു കൊണ്ട് എനിക്ക് റാങ്കും കിട്ടി.
ഭവദാസൻ ഒരിക്കലും വിജയിക്കില്ലെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇല്ലം ഒന്നാകെ നടുങ്ങി. ഞങ്ങളുമായി നല്ല നിലയിൽ ബന്ധം നിലനിന്നിരുന്ന ഒലപ്പൻ ഗ്രൂപ്പും കരപറ്റി എന്ന വാർത്ത കോളേജിൽ ഇടിത്തീയായി പെയ്തിറങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം ഒലപ്പൻ ഗ്രൂപ്പിലെ രാജഗോപാലിനെ വെള്ളൂര്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ മാതൃക അധ്യാപകനായി കണ്ടപ്പോൾ എൻറെ കണ്ണ് തള്ളി. കുട്ടികള്‍ ഏറ്റവുമധികം ഇഷ്ടടപ്പെടുന്ന അധ്യാപകന്‍. പഴയ ചരിത്രം പറഞ്ഞപ്പോള്‍ കുട്ടികള്‍ അവിശ്വസനീയമായി എന്നെ നോക്കി. അപ്പോള്‍ മിഥുനത്തിലെ ഇന്നസെന്‍റ് തലതിരിച്ച് നില്‍ക്കുന്നതുപോലെ നിര്‍നിമേഷനായി നില്‍ക്കുകയായിരുന്നു രാജഗോപാല്‍.

ഒലപ്പൻ ഗ്രൂപ്പിലെ പലരും അധ്യാപകരായി ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തി. ഭവദാസൻ കർണാടക ബാങ്കിൽ കയറിപ്പറ്റി, ഉയർന്ന പദവിയിൽ വോളണ്ടറി റിട്ടയർമെന്റ് എടുത്തു. തോമസ് അധ്യാപക ജീവിതം മതിയാക്കി അമേരിക്കയിലേക്ക് ചേക്കേറി. കുര്യന്‍ ബാങ്കുദ്യോഗസ്ഥനായി ജീവിതം തള്ളിനീക്കുന്നു.

ഭവദാസൻ മറന്നാലും ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒരിക്കലും മറക്കാത്ത ഒന്നായിരുന്നു ഞങ്ങളുടെ കംപെയിന്‍ സ്റ്റഡി. ഞങ്ങളുമായി ബന്ധപ്പെട്ട ഏത് വേദി കിട്ടിയാലും പരസ്യമായി ഉണ്ണി നമ്പൂതിരി മകനെ ഞങ്ങള്‍ പരീക്ഷയില്‍ കരകയറ്റിയ കാര്യം പറഞ്ഞിരുന്നു. നാട്ടിൽ പോയ പലഘട്ടങ്ങളിലും ഞാൻ ഇല്ലത്ത് പോയി അദ്ദേഹത്തിൻറെ സ്നേഹവായ്പ് നുകര്‍ന്നപ്പോഴും ഭവദാസിന്‍റെ പരീക്ഷാത്ഭുദം മൂപ്പര്‍ അയവിറക്കിയിരുന്നു.
അദ്ദേഹത്തിനുള്ള ബഹുമാനാർത്ഥം വലിയൊരു സാംസ്കാരിക പരിപാടി , പയ്യന്നൂരില്‍ കൈരളി നടത്തിയിരുന്നു.അതുവരെ പയ്യന്നൂർ കാണാത്ത വലിയൊരു ജനാവലി ആ പരിപാടിയിൽ പങ്കാളികളായി. അനുഗ്രഹം ചൊരിഞ്ഞ പോലെ പേമാരി പെയ്തിറങ്ങി. ഇടിമിന്നലും ആഘോഷത്തെ പ്രകംബനം കൊള്ളിച്ചു.
ജെബി ജംഗ്ഷനിൽ മരുമകൻ കൈതപ്രം നമ്പൂതിരിക്കും പേരക്കിടാവ് ദീപാങ്കുരനുമൊപ്പം അദ്ദേഹമെത്തി. പരിപാടിയിലുടനീളം അദ്ദേഹത്തിന്റെ ഓരോ വാക്കും ചിരിയും കുറുമ്പും എൻറെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു. രണ്ടുകൈയും ചേർത്ത് തലയിൽ കൈവച്ച് എന്നെ അനുഗ്രഹിച്ചിട്ടാണ് അന്നവിടെ നിന്നും അദ്ദേഹം യാത്ര പറഞ്ഞത്.
ഉണ്ണികൃഷ്ണൻ നമ്പൂതിരി കാലയവനികയിലേക്ക് മായുമ്പോൾ ദീപ്തമായ ഈ സ്മരണകൾ ക്കൊപ്പം അദ്ദേഹം എന്നെ കൊണ്ടെത്തിക്കുന്നത് പതിറ്റാണ്ടുകൾക്ക് പിന്നിലുള്ള ഓർമ്മയുടെ തടാകത്തിലേക്കാണ്.ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പറയാത്തതിന്‍റെ മാധുര്യം കൂടുതലാണെന്നുള്ളതുകൊണ്ടുതന്നെ തല്‍ക്കാലം ഇവിടെ നിര്‍ത്താം.
Get real time update about this post categories directly on your device, subscribe now.