കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ച കര്‍ഷക മാര്‍ച്ചിന് മുംബൈയില്‍ വന്‍ വരവേല്‍പ്പ്

ഡൽഹിയിൽ പോരാടുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്രയിൽ വൻ കർഷകമാർച്ച്‌. അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ 15,000ത്തിൽപരം കർഷകർ നാസിക്കിൽനിന്ന്‌ മുംബൈയിലേക്ക്‌ എത്തിയത്. നാസിക്കിലെ ഗോൾഫ്‌ക്ലബ് മൈതാനത്തുനിന്ന്‌ ശനിയാഴ്‌ചയാണ്‌ മാർച്ച്‌ തുടങ്ങിയത്‌.

രാത്രി ഇഗത്ത്‌പുരിക്ക്‌ അടുത്തുള്ള ഘാട്ടൻദേവിയിൽ തങ്ങിയ കർഷകർ ഞായറാഴ്‌ച രാവിലെ കസാറാഘാട്ടിലേക്ക്‌ കാൽനടയായി സഞ്ചരിച്ച്‌ അവിടെനിന്നും മുംബൈയിലേക്കുള്ള വാഹനമാർച്ച്‌ പുനരാരംഭിക്കുകയായിരുന്നു.

നൂറുകണക്കിന്‌ ടെമ്പോകളിലും പിക്ക്‌അപ്പുകളിലും മറ്റുമാണ് കര്‍ഷകര്‍ മുംബൈയിലേക്ക് എത്തിച്ചേര്‍ന്നത്. റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നായി അരലക്ഷത്തിലേറെ കർഷകർ മുംബൈയിൽ അണിനിരക്കും. തിങ്കളാഴ്‌ച രാജ്‌ഭവനിലേക്ക്‌ മാർച്ച്‌ ചെയ്‌ത്‌ ഗവർണർക്ക്‌ നിവേദനം കൈമാറും. തുടർന്ന്‌ ആസാദ്‌ മൈതാനത്തേക്ക്‌ നീങ്ങി ദേശീയപതാക ഉയർത്തും.

പൊതുസമ്മേളനത്തില്‍ ദേശീയ ജനറൽസെക്രട്ടറി ഹനൻമൊള്ള, എൻസിപി ദേശീയപ്രസിഡന്റ്‌ ശരദ്‌പവാർ, കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ബാലാസാഹേബ്‌ തൊറാട്ട്‌, ശിവസേന നേതാവും മന്ത്രിയുമായ ആദിത്യതാക്കറേ തുടങ്ങിയവർ സംസാരിക്കും.

നേതാജിയുടെ 125–-ാം ജന്മവാർഷികത്തിൽ കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം അറിയിച്ച്‌ രാജ്‌ഭവനുകൾക്ക്‌ മുന്നിൽ ധർണ സംഘടിപ്പിക്കാൻ അഖിലേന്ത്യാ കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും സിഐടിയുവും ആഹ്വാനം ചെയ്‌തിരുന്നു. ആന്ധ്രപ്രദേശ്‌, തെലങ്കാന, തമിഴ്‌നാട്‌, ഒഡിഷ, ജമ്മു കശ്‌മീർ, അസം എന്നിവിടങ്ങളിൽ മാർച്ചും ധർണയും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News