റിപ്പബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിക്കെതിരെ ഗുരുതര വീണ്ടും ഗുരുതര ആരോപണങ്ങള്‍. ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയാണ് ആരോപണവുമായി രംഗത്തെത്തിയത്. ചാനലിന് അനുകൂലമായി റേറ്റിങ് എത്താന്‍ സഹായിച്ചതിന് മൂന്നുവര്‍ഷത്തിനുള്ളില്‍ 40 ലക്ഷം രൂപ തനിക്ക് ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളില്‍ രണ്ട് തവണ അവധി ആഘോഷിക്കാന്‍ 12,000 യുഎസ് ഡോളര്‍ തനിക്ക് നല്‍കിയെന്നും മുംബൈ പൊലീസിന് നല്‍കിയ മൊഴിയില്‍ പാര്‍ഥോ ദാസ് ഗുപ്ത വെളിപ്പെടുത്തി.
മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പാര്‍ഥോ ദാസിന്റെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ഥോ ദാസ് ഗുപ്തയും അര്‍ണബ് ഗോസ്വാമിയും തമ്മിലുളള വാട്‌സാപ്പ് ചാറ്റുകള്‍, ബാര്‍ക് ഫൊറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്, മുന്‍ കൗണ്‍സില്‍ ജീവനക്കാരുടേയും കേബിള്‍ ഓപ്പറേറ്റര്‍മാരുടേയും ഉള്‍പ്പടെ 59 പേരുടെ മൊഴികള്‍ എന്നിവ അടങ്ങിയതാണ് പോലീസിന്റെ കുറ്റപത്രം. ദാസ് ഗുപ്ത, മുന്‍ ബാര്‍ക് സിഇഒ റോമില്‍ രാംഗര്‍ഹിയ, റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക് സിഇഒ വികാസ് ഖഞ്ചന്ദാനി എന്നിവര്‍ക്കെതിരെയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
റിപ്പബ്ലിക് ടിവി, ടൈംസ് നൗ, ആജ് തക് തുടങ്ങിയ വാര്‍ത്താചാനലുകളുടെ പേരുകളും റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചതിന്റെ വിവരങ്ങളും ചാനലുകള്‍ക്ക് വേണ്ടി ബാര്‍ക്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ റേറ്റിങ്ങുകള്‍ മുന്‍കൂട്ടി തയ്യാറാക്കിയതും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. രണ്ടാമത്തെ കുറ്റപത്രമനുസരിച്ച് 2020 ഡിസംബര്‍ 27-ന് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിന്റെ ഓഫീസില്‍ വച്ച് വൈകുന്നേരം 5.15ന് രണ്ടുസാക്ഷികളുടെ സാന്നിധ്യത്തിലാണ് പാര്‍ഥോ ദാസ് ഗുപ്തയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.
‘എനിക്ക് 2004 മുതല്‍ അര്‍ണബ് ഗോസ്വാമിയെ അറിയാം. ഞങ്ങള്‍ ടൈംസ് നൗവില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ 2013 ല്‍ ബാര്‍ക്കില്‍ സിഇഒ ആയി ചേര്‍ന്നു. അര്‍ണബ് ഗോസ്വാമി 2017 ല്‍ റിപ്പബ്ലിക് ആരംഭിച്ചു. റിപ്പബ്ലിക് ടിവി ആരംഭിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം എന്നോട് ലോഞ്ചിന്റെ പദ്ധതികളെക്കുറിച്ച് സംസാരിക്കുമായിരുന്നു. കൂടാതെ തന്റെ ചാനലിന്റെ റേറ്റിങ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനെക്കുറിച്ച് പരോക്ഷമായി സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. ടിആര്‍പി സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയാം എന്ന കാര്യം ഗോസ്വാമിക്ക് നന്നായി അറിയാമായിരുന്നു. ഭാവിയില്‍ എന്നെ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.’
‘റിപ്പബ്ലിക് ടിവിക്ക് നമ്പര്‍ 1 റേറ്റിങ് ലഭിക്കുന്നതിന് വേണ്ടി ഞാനും എന്റെ സംഘവും ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം നടത്തി. 2017 മുതല്‍ 2019 വരെ ഇപ്രകാരം ചെയ്തു. 2017-ല്‍ ലോവര്‍ പരേലിലെ സെന്റ് റെജിസ് ഹോട്ടലില്‍ വച്ച് അര്‍ണബ് ഗോസ്വാമി ഞാനുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുകയും കുടുംബവുമായി ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലന്‍ഡ് യാത്ര നടത്തുന്നതിനായി എനിക്ക് ആറായിരം യുഎസ് ഡോളര്‍ നല്‍കുകയും ചെയ്തു. 2019ല്‍ വീണ്ടും സെന്റ് റെജിസ് ഹോട്ടലില്‍ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തി. കുടുംബവുമൊന്നിച്ചുളള സ്വീഡന്‍-ഡെന്‍മാര്‍ക്ക് യാത്രക്കായി എനിക്ക് ആറായിരം യുഎസ് ഡോളര്‍ നല്‍കുകയും ചെയ്തു. 2017-ല്‍ ഐടിസി പരേല്‍ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയും എനിക്ക് 20 ലക്ഷം രൂപ നല്‍കുകയും ചെയ്തു. 2018ലും 19ലും ഐടിസി ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഓരോ തവണയും പത്തുലക്ഷം രൂപ വീതം എനിക്ക് അദ്ദേഹം നല്‍കി,’പാര്‍ഥോ ദാസ് ഗുപ്തയുടെ മൊഴിയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here