വീണ്ടും മത്സരിക്കുമെന്ന ഇബ്രാഹിംകുഞ്ഞിന്റെ പ്രഖ്യാപനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുമ്പോള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രഖ്യാപനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു. പാലാരിവട്ടം അഴിമതിക്കേസ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടെ, കേസിലെ പ്രതി തന്നെ മത്സരരംഗത്തേക്ക് വന്നാല്‍ പാര്‍ട്ടി വോട്ടുകളില്‍ പോലും വിളളലുണ്ടാകുമെന്ന അഭിപ്രായം ശക്തമാണ്.

കടുത്ത ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ വി കെ ഇബ്രാഹിം കുഞ്ഞ് സിറ്റിംഗ് സീറ്റില്‍ വീണ്ടും നോട്ടമിട്ടത് യുഡിഎഫ് നേതൃത്വത്തില്‍ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ അഭയം തേടിയ വികെ ഇബ്രാഹിംകുഞ്ഞ് ജാമ്യം ലഭിച്ചതിന് പിന്നാലെ ആശുപത്രി വിട്ടപ്പോള്‍ നടത്തിയ ആദ്യപ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വം.

കടുത്ത ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ ഇബ്രാഹിംകുഞ്ഞിന്റെ ആദ്യപ്രഖ്യാപനം വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു. മത്സരിക്കാന്‍ എന്തിനാണ് ആരോഗ്യമെന്ന വിചിത്രമായ വിശദീകരണവും അദ്ദേഹം നല്‍കി.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി വലിയ തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തുന്ന യുഡിഎഫ് നേതൃത്വം വി കെ ഇബ്രാഹിം കുഞ്ഞ് ധാര്‍മ്മികതയുടെ പേരില്‍ സ്വയം മാറിനില്‍ക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയെന്നും കൈകള്‍ ശുദ്ധമാണെന്നും ഇബ്രാഹിംകുഞ്ഞ് പ്രഖ്യാപിച്ചതോടെ യുഡിഎഫ് പ്രതിസന്ധിയിലായി.

നവംബര്‍ 26നായിരുന്നു ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുന്നത്. തൊട്ടുമുമ്പ് തന്നെ ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണെന്ന് ഹൈക്കോടതിയെ ധരിപ്പിച്ചായിരുന്നു ജാമ്യം നേടിയത്. പിന്നാലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒരുമുഴം മുമ്പേ ഇബ്രാഹിംകുഞ്ഞ് നടത്തിയ പ്രഖ്യാപനം യുഡിഎഫിനുളളില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here