മൂന്നരലക്ഷം ട്രാക്ടറുകളും അഞ്ചുലക്ഷം കര്‍ഷകരും ദില്ലിയിലേക്ക്; കര്‍ഷകരുടെ ഐതിഹാസിക ട്രാക്ടര്‍ പരേഡ് ഇന്ന്

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത സമരാനുഭവമായി ഐതിഹാസിക കിസാൻ പരേഡിന്‌ റിപ്പബ്ലിക്‌ ദിനത്തിൽ തലസ്ഥാനം സാക്ഷിയാകും. മോഡി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ട്രാക്ടറുകളിലായി ലക്ഷങ്ങള്‍ അണിനിരക്കും.

രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, യുപി സംസ്ഥാനങ്ങളിൽനിന്നായി പതിനായിരക്കണക്കിന്‌ ട്രാക്ടറുകൾ ഡൽഹി അതിർത്തിയിലെത്തി. ഡൽഹിക്ക്‌ ചുറ്റും അഞ്ച്‌ സമരകേന്ദ്രത്തിൽനിന്ന്‌ പരേഡുണ്ടാകും. മൂന്നര ലക്ഷം ട്രാക്ടറിലായി അഞ്ചുലക്ഷത്തിലേറെ പേര്‍ പരേഡിൽ പങ്കാളികളാകുമെന്ന്‌ കർഷക സംഘടനകൾ അറിയിച്ചു. സിൻഘു, ടിക്രി, ഗാസിപുർ, ഷാജഹാൻപുർ, പൽവൽ എന്നീ സമരകേന്ദ്രങ്ങളിൽനിന്ന് പരേഡ്‌ ആരംഭിക്കും. സിൻഘു, ടിക്രി, ഗാസിപുർ എന്നിവിടങ്ങളിൽനിന്നുള്ള പരേഡുകൾ ഡൽഹി നഗരത്തിനുള്ളിൽ പ്രവേശിക്കും. ഷാജഹാൻപുരിൽനിന്നുള്ള പരേഡ്‌ മനേസർ വഴി ഗുഡ്‌ഗാവ്‌‌ വരെയെത്തും. പൽവലിൽനിന്നുള്ള റാലി ഡൽഹി അതിർത്തിയിലെ ബദർപുരിലേക്ക്‌ നീങ്ങും. ഡൽഹി‌ക്കുള്ളിലെ പരേഡിനൊപ്പം ഡൽഹിക്ക്‌ ചുറ്റും കർഷകർ ട്രാക്ടറുകളിൽ നീങ്ങും.

കർഷകപ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി കിസാൻ പരേഡുണ്ടാകും. റിപ്പബ്ലിക്‌ ദിനത്തിൽ രാജ്‌പഥിലെ ഔദ്യോഗിക പരേഡ്‌ പകൽ 12ന്‌‌ സമാപിച്ചശേഷമാകും നഗരത്തിനുള്ളിലേക്ക്‌ കിസാൻ പരേഡ്‌. സിൻഘുവിൽനിന്നും ടിക്രിയിൽനിന്നുമുള്ള പരേഡുകൾ 60‌ കിലോമീറ്ററിലേറെ ഡൽഹി‌ക്കുള്ളിൽ സഞ്ചരിക്കും. ഗാസിപുരിൽനിന്നുള്ള റാലി 40‌ കിലോമീറ്ററിലേറെ നഗരത്തിനുള്ളിൽ നീങ്ങും. പൊലീസുമായുള്ള ചർച്ചയിൽ നിശ്ചയിച്ച റൂട്ടിലൂടെ മൂന്ന്‌ പരേഡും ഡൽഹി‌ക്കുള്ളിലൂടെ പുറത്തേക്ക്‌ നീങ്ങും.

തികച്ചും സമാധാനപൂർണമായിരിക്കും കിസാൻപരേഡെന്ന്‌ കർഷകസംഘടനകൾ അറിയിച്ചു. കർഷകസംഘടനകളുടെ കൊടികൾക്കൊപ്പം ദേശീയപതാകയും വഹിച്ചാകും ട്രാക്ടറുകൾ നീങ്ങുക. പ്രകോപനപരമായ മുദ്രാവാക്യങ്ങളുണ്ടാകില്ല. ഓരോ പരേഡിനും മുന്നിലായി കർഷക നേതാക്കൾ വാഹനത്തിൽ സഞ്ചരിക്കും. കാർഷിക നിയമങ്ങളുടെ ദോഷങ്ങളും കർഷകപ്രക്ഷോഭത്തിന്റെ അനുഭവങ്ങളും വിശദമാക്കുന്ന നിശ്ചലദൃശ്യങ്ങൾ പരേഡിന്‌ മാറ്റുകൂട്ടും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാരൂപങ്ങളും പരേഡിന്റെ ഭാഗമാകും. കിസാൻ പരേഡിന്‌ ട്രേഡ്‌യൂണിയൻ സംഘടനകളും ഇടതുപക്ഷ പാർടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

പരേഡിൽ അണിനിരക്കാൻ ദിവസങ്ങൾക്കുമുമ്പെ ഡൽഹി അതിർത്തിയിലേക്ക്‌ ട്രാക്ടറുകൾ പ്രവഹിച്ചുതുടങ്ങി. ഒരു ലക്ഷം ട്രാക്ടറാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും ഇരട്ടിയിലേറെ എത്തി.

ജാഗ്രത വേണം ജനഹൃദയങ്ങൾ കീഴടക്കണം ; പാലിക്കാൻ മാനദണ്ഡങ്ങൾ

കർഷകരുടെ ഐതിഹാസിക പരേഡ്‌ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അതീവജാഗ്രത പുലർത്തി കർഷകസംഘടകൾ. പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറുന്നത്‌ തടയുന്നതടക്കം വലിയ മുൻകരുതൽ നടപടികളാണ്‌ കർഷകസംഘടനകൾ സ്വീകരിക്കുന്നത്‌. പരേഡിൽ പങ്കെടുക്കുന്നവർ നിർബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങൾ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുന്ന സംയുക്ത കിസാൻമോർച്ച പുറത്തിറക്കി.

കർഷകപ്രക്ഷോഭത്തെ കളങ്കപ്പെടുത്തുന്ന ഒന്നും പരേഡിനിടെ സംഭവിക്കരുതെന്ന്‌ കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു. സമാധാനപരമായി പരേഡ്‌ നടത്തുന്നതിലാണ്‌ വിജയമെന്നും ഡൽഹി കീഴടക്കുകയല്ല ജനങ്ങളുടെ ഹൃദയങ്ങൾ കീഴടക്കുകയാണ്‌ ലക്ഷ്യമെന്നും കിസാൻ മോർച്ച പ്രസ്‌താവനയിൽ പറഞ്ഞു.

പരേഡിൽ ട്രാക്ടറുകൾ മാത്രമേ പാടുള്ളുവെന്നും ട്രോളികൾ ഒഴിവാക്കണമെന്നും കിസാൻ മോർച്ച കർഷകരോട്‌ ആവശ്യപ്പെട്ടു. മറ്റ്‌ വാഹനങ്ങളാകാം. എന്നാൽ, ട്രോളികൾ പാടില്ല. 24 മണിക്കൂർ നേരത്തേക്കുള്ള ഭക്ഷണവും വെള്ളവും കരുതണം. തണുപ്പിനെ ചെറുക്കാനുള്ള സംവിധാനങ്ങളുണ്ടാകണം. കർഷകസംഘടനകളുടെ പതാകകൾക്കൊപ്പം ദേശീയപതാകകളും ട്രാക്ടറുകളിൽ കെട്ടണം. രാഷ്ട്രീയ പാർടികളുടെ കൊടികൾ പാടില്ല. പ്രകോപനപരവും മോശപ്പെട്ടതുമായ മുദ്രാവാക്യങ്ങളോടെയുള്ള ബാനറുകൾ പാടില്ല. കർഷകനേതാക്കളുടെ വാഹനങ്ങൾ മുന്നിൽ നീങ്ങും.

ഈ വാഹനങ്ങളെ ട്രാക്ടറുകൾ മറികടക്കരുത്‌. വളന്റിയർമാരുടെ നിർദേശങ്ങൾ അനുസരിക്കണം. പൊലീസുമായുള്ള ധാരണപ്രകാരം തീരുമാനിച്ച റൂട്ടിലൂടെ മാത്രമേ ട്രാക്ടറുകൾ നീങ്ങാവൂ. ട്രാക്ടറിൽ അഞ്ചുപേരിൽ കൂടുതൽ പാടില്ല. ഒരു നിര പാലിച്ചാകണം നീങ്ങേണ്ടത്‌. നിരോധിതവസ്‌തുക്കളും ഉപയോഗിക്കരുത്‌. പൊലീസുകാരുമായി തർക്കം പാടില്ല. മാധ്യമപ്രവർത്തകരെ ബഹുമാനിക്കണം. പാഴ്‌വസ്‌തുക്കളും മറ്റുമെറിഞ്ഞ്‌ ചുറ്റുപാടുകൾ മലിനമാക്കരുത്‌–- കിസാൻ മോർച്ച പ്രസ്‌താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here