‘നിങ്ങളുടെ അമ്മ ഒരായുസ്സില്‍ വെയിലത്തും മഴയത്തും കല്ലു ചുമന്നതിന്റെ, കഷ്ടപ്പെട്ടതിന്റെ ഫലമാണ് നിങ്ങള്‍ക്കു കിട്ടിയ വിദ്യാഭ്യാസം, ജോലി, ജീവിതമൊക്കെ…’ ഹണി ഭാസ്‌കരന്‍ പറയുന്നത് ഒരു പക്ഷേ നിങ്ങളുടെ കഥയാകാം….

മനശക്തികൊണ്ട് പുരുഷന്മാരേക്കാള്‍ ബലം സ്ത്രീകള്‍ക്കാണെന്ന് പല സന്ദര്‍ഭങ്ങളിലായി തെളിഞ്ഞതാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയാല്‍ പോലും കഷ്ടപ്പെട്ട് തന്റെ മക്കളെ പഠിപ്പിച്ച് ഏത് പ്രതിസന്ധിഘട്ടത്തിലും കുടുംബത്തെ താങ്ങിനിര്‍ത്താന്‍ ഒരു സ്ത്രീയ്ക്ക് കഴിയും. അങ്ങനെ ഒരായുഷ്‌ക്കാലം മുഴുവന്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീകളുമുണ്ട്. അത്തരമൊരു സ്ത്രീയുടെ കഥയാണ് പ്രമുഖ എഴുത്തുകാരിയായ ഹണി ഭാസ്‌കരന്‍ നമ്മോട് പറയുന്നത്. ഒരു പക്ഷേ അത് നമ്മളായിരിക്കാം നമ്മളില്‍പെട്ടവരോ പെടാത്തവരോ ആകാം…കഥയിലേക്ക് പോകാം….

നമ്മളില്‍ പെട്ടവര്‍/പെടാത്തവര്‍

ഒരായുഷ്‌ക്കാലം മുഴുവന്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന ചില ചിത്രീകളുണ്ട്. സന്തോഷങ്ങളോ സമാധാനമോ സൗകര്യങ്ങളോ അനുഭവിക്കാതെ ഒടുങ്ങിപ്പോകും. അമ്മമാര്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള ഓപ്ഷന്‍ പോലുമില്ലാതെയാവും. മക്കളുടെ മുഖം ആത്മഹത്യക്കു വഴി തടഞ്ഞു നില്‍ക്കും. അച്ഛനമ്മമാരുടെ ലാളന അനുഭവിച്ച് വളരുന്ന കുഞ്ഞുങ്ങളെ കണ്ട് അവര്‍ മനസു വിങ്ങി നില്‍ക്കുന്ന ഓര്‍മ്മയില്‍ ആത്മഹത്യയോട് സന്ധി ചേരാതെ പൊരുതിക്കൊണ്ടിരിക്കും. കുഞ്ഞുങ്ങളെ ആര്‍ക്കും മുമ്പിലും കൈ നീട്ടാനനുവദിക്കാതെ പ്രിവില്ലേജുകള്‍ അനുഭവിച്ച് മക്കളെ വളര്‍ത്തുന്നവരെക്കാള്‍ മഹത്വമുള്ളവരായി അവര്‍ നടന്ന കാല്‍പ്പാടുകള്‍ ചുറ്റുമുള്ള മനുഷ്യരുടെ നെഞ്ചില്‍ പതിപ്പിക്കും. അവരുടെ നെഞ്ചിലെ മുറിവില്‍ ഉപ്പു കാറ്റു വീശുന്നതും നീറുന്നതും വളരെ സ്വാഭാവികമായ് അവഗണിച്ച് പരിഹസിച്ചും അപായപ്പെടുത്തിയും നിസ്സഹായതകളെ ചൂഷണം ചെയ്തും കാരണങ്ങളില്ലാതെ ഉപദ്രവിച്ചും ഏറെ പേരും കടന്നു പോകും. നമ്മുടേതല്ലാത്ത വേദനകളെല്ലാം നമുക്ക് നിസാരമാണല്ലോ…!

മരിക്കുന്നതിനും രണ്ടാഴ്ച്ച മുന്‍പേയാണ് അവസാനമായ് ഞാന്‍ അവരോട് സംസാരിക്കുന്നത്. സുമേച്ചി . ആമാശയ ക്യാന്‍സറായിരുന്നു. അറിഞ്ഞപ്പോ വൈകിപ്പോയിരുന്നു. ചികിത്സ ഫലപ്രദമായിരുന്നില്ല.

‘ചേച്ചി… ഹണിയാണ്’. എന്നു പറഞ്ഞതും പഴയ പ്രസരിപ്പുള്ള സുമേച്ചിയുടെ ചിരിയോടെയുള്ള ശബ്ദം.

‘ ന്നാലും നീ വിളിച്ചല്ലോ പൊന്നുമോളെ. എന്റെ വിവരം നീ അറിഞ്ഞല്ലോ ല്ലേ ? ന്താ അസുഖം ന്ന് ഡോക്ടര്‍ക്കിതുവരെ മനസിലായിട്ടില്ല. വയറ്റിലെന്തോ വല്ലാത്ത വേദന വന്ന് സയിക്കാന്‍ പറ്റാണ്ടായി . പാന്‍ക്രിയാസ് എടുത്തു കളഞ്ഞു ‘

ക്യാന്‍സറാണെന്ന് സുമേച്ചിക്കറിയില്ലെന്നറിയാവുന്നതുകൊണ്ട് ഞാനവര്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നു.

‘ഇപ്പൊ എങ്ങനേണ്ട് ‘ ?

‘ ഒന്നും പറയണ്ട മോളേ… ഒരു വക തിന്നാന്‍ പറ്റില്ല. ജ്യൂസാക്കി കുടിക്കണം. എന്റെ മുടിയൊക്കെ പോയി’.

‘സാരോല്ല. അസുഖം മാറും വരേള്ളൂ
ഈ കഷ്ടപ്പാട്. മരുന്നുള്ളതല്ലേ. നന്നായ് ഭക്ഷണം കഴിക്കണം. ‘

‘കഷ്ടപാടൊക്കെ എപ്പ മാറാനാ മോളെ. എന്നേം നിന്റമ്മേനേം പോലുള്ള പാവങ്ങള്‍ക്കേ ജീവിതകാലം മൊത്തം ഇങ്ങനത്തെ കുരിപ്പൊക്കെ വരൂള്ളൂ. ഇസ്‌പേര്‍ഡ് ആയി നടക്കുന്ന ജാതികള്‍ക്കൊന്നും ഒരെടങ്ങാറും വരില്ല’.

എന്റെ നെഞ്ചൊന്നുലഞ്ഞു. അമ്മയുടെ അടുത്ത സുഹൃത്തായിരുന്നു സുമേച്ചി. മൂന്ന് മക്കളായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഗ്രാമത്തെ ആകെ ഞെട്ടിച്ച വാര്‍ത്ത പരന്നത്.

‘നമ്മളെ ദാസന്‍ ഓന്റെ പീടിയേല് പണിക്ക് നിക്കണ പെണ്ണിനെ മംഗലം കയ്ച്ചു നാടു വിട്ടു പോലും. ഓള്‍ടേം മക്കള്‍ടേം അടുത്ത് വരാണ്ടായിറ്റ് കൊറച്ചായി ‘.

ഞാനന്ന് സ്‌കൂളില്‍ പോവാനിറങ്ങി നില്‍ക്കുമ്പഴാണ് സുമേച്ചി തുലാമാസത്തെ മഴ പോലെ ആര്‍ത്തലച്ച് അമ്മയെ കാണാന്‍ വീട്ടിലേക്കോടി വരുന്നത്.

മണ്ണിളകി ഇരുന്നു പോയ ഒറ്റത്തൂണു പോലെ ഇറയത്ത് ഇരുന്നു പോയ സുമേച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് അമ്മ നിന്നു.

അയാള്‍ സുമേച്ചിയെ പാടേ ഉപേക്ഷിച്ചു പോയതായിരുന്നു. അമ്പലത്തിലെ ഉത്സവ കാലത്ത്, നിറയെ ബന്ധുക്കളും സുഹൃത്തുക്കളുമായ് നിറഞ്ഞു നിന്ന വീട്ടില്‍ സുമേച്ചിയും മൂന്നു മക്കളും തനിച്ചായി. സന്തോഷത്തിനു പകരം ദാരിദ്ര്യവും കണ്ണീരും നിറഞ്ഞു. മഴ പെയ്തു തോര്‍ന്നാലും ചിമ്മിനിയുടെ ഓട്ടയിലൂടെ കെട്ടി നിന്ന ജലം ചാണകമിളകിയ തറയെ വീണ്ടും ദ്രവിപ്പിച്ചു. അല്‍പ പ്രാണന്‍ പോലെ മെല്ലിച്ച രൂപമായിരുന്നു സുമേച്ചിയുടേത്. ഈര്‍ക്കിലി പോലെ മെലിഞ്ഞത്. ഒന്നു ചുമച്ചാല്‍ ആടിപ്പോവുന്ന ആ രൂപത്തിന്റെ തലയില്‍ സിമന്റു ചാക്കും ചെത്തുകല്ലും കാണപ്പെട്ടു. വാര്‍ക്കപ്പണിക്കും തോട്ടത്തിലെ പണികള്‍ക്കും പോയി തുടങ്ങി.

ഒരിക്കല്‍ വീടിന് മുറി കൂട്ടി പണിയുന്നതിന്റെ പണിക്കു വന്നപ്പോള്‍ അടുക്കളപ്പുറത്ത് കാലും നീട്ടിയിരുന്ന് കഞ്ഞി കുടിക്കുന്നതിനിടയില്‍ സുമേച്ചി അമ്മയോടു പറഞ്ഞു.

‘ മൂന്ന് കുട്ടികള്‍,അയാളുടെ അമ്മ, ജീവിക്കാനൊരു ഗതിയുമില്ലാത്ത രീതിയിലാക്കി ഉപേക്ഷിച്ചു പോയ അയാള്‍ക്ക് മരണം വരെ മാപ്പില്ല ശൈലേ… നമ്മുടെ കഷ്ടപ്പാട് നാട്ടാരെ അറീച്ചിട്ട് ഒന്നും കിട്ടാനില്ല. അതോണ്ടാരോടും പറയാറില്ല. പറഞ്ഞിട്ടെന്തിനാ അടുക്കളപ്പുറത്ത് സഹായിക്കാനാന്ന് പറഞ്ഞ് ചില നായിന്റെ മക്കള്‍ വന്ന് കൊട്ടാനോ….’.

സമൂഹത്തിന്റെ ദുഷിച്ച വിചാരങ്ങളോടുള്ള വെറുപ്പും ഭയവും ചുണ്ടിനെ വിറപ്പിച്ചു. സിമന്റും മണ്ണും പുരണ്ട തോര്‍ത്തിന്റെ കോന്തല കൊണ്ട് അവര്‍ കണ്ണു തുടച്ചു. മെല്ലിച്ച വിരലിലെ തഴമ്പിലും മുറിവിലും ചെമ്മണ്ണ് ഉണങ്ങി കിടന്നു.

അമ്പലത്തിലെ മിച്ചം വരുന്ന വഴിപാട് ചോറും നിവേദ്യ പായസവുമാണ് മക്കള്‍ടെ ആഹാരമെന്ന് അമ്മക്കറിയാരുന്നു.വളരെ അഭിമാനിയായിരുന്നു സുമേച്ചി. അമ്മ അരിയോ സാധനങ്ങളോ വേണോന്നു ചോയ്ച്ചാല്‍ വാങ്ങില്ല.

‘ ഇന്നെന്താ സുമേ ചോറിന് കൂട്ടാന്‍ ‘ ന്ന് പലപ്പോഴും അടുത്തുള്ള ചില പെണ്ണുങ്ങള്‍ മുറിവില്‍ കുത്തുമ്പോള്‍ ‘ സാമ്പാര്‍ ‘ ആണെന്നു സുമേച്ചി ചിരിച്ചോണ്ടു പറയും. പറയുന്നത് കളവാണെന്നു സുമേച്ചിക്കും ചോദിക്കുന്ന പെണ്ണുങ്ങള്‍ക്കും അറിയാമായിരുന്നു.

സുമേച്ചി മാറി കഴിയുമ്പോള്‍ ‘ഓള്‍ടെ ഒരു സാമ്പാറ്… ഇപ്പളും ജാഢക്കൊരു കൊറവൂല്ല’ എന്ന് സുമേച്ചിയുടെ ഒറ്റയാള്‍ സമരത്തിലെ നീറ്റലിനു മീതെ അവര്‍ പരിഹാസത്തിന്റെ ആണി തറച്ചു.

സദാ പൊട്ടിച്ചിരിച്ച് കൂടെയുള്ളവരെയെല്ലാം ചിരിപ്പിച്ച് അന്തസ്സായി പണിയെടുത്ത് അവര്‍ ജീവിതത്തെ തോളില്‍ ചുമന്നു. രാഷ്ട്രീയ ബോധം മക്കള്‍ക്കു പകര്‍ന്നു കൊടുത്തു. ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ എടുത്തു വായിക്കാന്‍ പ്രേരിപ്പിച്ചു. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കുമെല്ലാം ഒരേ പോലെ പ്രിയങ്കരിയായിരുന്നു. നാട്ടിലവധിക്കു ചെല്ലുമ്പോള്‍ പായ്യാരങ്ങള്‍ പറഞ്ഞു ഞങ്ങള്‍ കൂട്ടുകാരെ പോലെ ആഹ്‌ളാദിച്ചു. അതില്‍ അടുത്തുള്ള പെണ്ണുങ്ങള്‍ പങ്കു ചേര്‍ന്നു.

മൂത്ത മകന്‍ ഇളയ രണ്ടു പെണ്‍കുട്ടികളെ പഠിപ്പിക്കാനുള്ള കാശിന് പഠിത്തം നിര്‍ത്തി ഓട്ടോ ഓടിക്കാന്‍ പോയ് തുടങ്ങി. കാലം സുമേച്ചിയുടെ തലയില്‍ ഒരായുസ്സിലെ കഷ്ടപ്പാടിന്റെ നര വീഴ്ത്തി. പെണ്‍കുട്ടികള്‍ രണ്ടു പേരും മിടുക്കരായി ഡിഗ്രി വരെ പഠിച്ചു. ശേഷം ബാങ്ക് ടെസ്റ്റിന്റെ ട്രെയിനിംഗിനു പോയി, രണ്ടു പേര്‍ക്കും ജോലിയായി, രണ്ടു പേരും വിവാഹിതരായി. രണ്ടു നല്ല കുടുംബങ്ങളിലെ മരുമക്കളായി.

വാടകവീടു മാറി തോടിനോടും വയലിനോടും ചേര്‍ന്ന് അമ്പലത്തിന് അഭിമുഖമായി ഒരു കൊച്ചു വീടു വച്ചു. പണി തീരാത്ത ആ വീട്ടില്‍ പ്രായമായ അമ്മയ്‌ക്കൊപ്പം കഴിയവേ ആണ് ക്യാന്‍സര്‍ ബാധിക്കുന്നത്.

‘നിന്റമ്മ.. . ശൈല ഓള്‍ക്കെന്നെ കാണണം ന്നു പറഞ്ഞിനു പോലും. കൃഷ്ണ ഇന്നലെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞിന്’. സുമേച്ചി വീണ്ടും പറഞ്ഞു

കൃഷ്ണ എന്റെ അനിയത്തിയാണ്. അവള്‍ പറഞ്ഞാണ് ഞാന്‍ സുമേച്ചിയുടെ രോഗവിവരമറിയുന്നതും.

ഫോണിനങ്ങേ തലക്കല്‍ സുമേച്ചി വീണ്ടും.

‘ശൈല ഓപ്പറേഷന്‍ കഴിഞ്ഞ് കെടക്കല്ലേ ? 3 മാസം നല്ല റസ്റ്റ് വേണം. ഓളോട് അനങ്ങാണ്ടിരിക്കാന്‍ പറ. എന്റെ അസുഖം ഇത് വേഗം മാറും. എന്നിട്ട് ഓളെ കാണാന്‍ ഞാന്‍ അങ്ങോട്ട് വന്നോളും.’

‘മോള് ഓണത്തിന് വരുന്നുണ്ടോ ‘

‘ഉണ്ട്’. എന്റെ ശബ്ദം തണുത്തു

‘അപ്പഴേക്കും ഞാന്‍ ശരിയാവും. ഓണത്തിന് നമ്മള്‍ക്ക് കൂടണം.’

അവരുടെ വാക്കുകളില്‍ ജീവിതത്തോടുള്ള പ്രതീക്ഷ നിറഞ്ഞിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി, ഒച്ചയിടറി , വാക്കുകള്‍ പുറത്തു വരാതായി

‘കാണാം’. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

വീണ്ടും ഒരാഴ്ച്ച കഴിഞ്ഞ് വിളിക്കുമ്പോള്‍ മകളാണ് ഫോണ്‍ എടുത്തത്.

‘ അമ്മയിപ്പോള്‍ സംസാരിക്കില്ല ഹണിയേച്ചി. ഒരു മൂളല്‍ മാത്രമേ ബാക്കിയുള്ളൂ…. പാവങ്ങള്‍ക്കു മാത്രമെന്താ ഇങ്ങനെ ? ഞങ്ങള്‍ക്കാകെ ഉള്ളത് അമ്മയാ’. ഗ്രീഷ്മ ഫോണിന്‍ തലയ്ക്കല്‍ കരഞ്ഞു.

‘എനിക്കും അമ്മയേള്ളൂ ഗ്രീഷ്മ… വിധിച്ചത് അനുഭവിക്കാതെ കടന്നു പോവാനാര്‍ക്കും പറ്റില്ലല്ലോ.’

ഓണത്തിന് കൂടാന്‍ സുമേച്ചി ബാക്കിയുണ്ടായില്ല. ക്യാന്‍സര്‍ ആയിരുന്നുവെന്നറിയാതെ പ്രളയകാല ദിവസങ്ങളൊന്നില്‍ രോഗം മൂര്‍ഛിച്ചു മരിച്ചു. അമ്മയാണ് മരണ വിവരം വിളിച്ചു പറയുന്നത്.

‘എന്റെ ബന്ധുക്കള്‍ മരിച്ചപ്പോള്‍ പോലും എനിക്കിത്ര സങ്കടമുണ്ടായിട്ടില്ല. ഞാന്‍ കെട്ടി കയറി വന്ന കാലം മുതല്‍ അവളാരുന്നു കൂട്ട് . സങ്കടം പറയാന്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തോടും കടന്ന് അക്കരയിക്കരെ വന്നു പോയിട്ടുണ്ട്. മരിക്കണ്ടാരുന്നു, കഷ്ടപ്പാടല്ലാതെ സന്തോഷം ഓളറിഞ്ഞിട്ടില്ല….’ അമ്മ നിര്‍ത്താതെ കരഞ്ഞു. ആ ഉള്ളുരുക്കം എന്നെയും ഉലച്ചു. സത്യമാണ് അമ്മയെ മറ്റാരുടെ മരണത്തിലും ഇങ്ങനെ നൊന്ത് കണ്ടിട്ടില്ല.

‘ അങ്ങട്ടേലെ വീട്ടില്‍ കിടന്നാ മരിച്ചത്. അവരുടെ വീട്ടില്‍ വെള്ളം കേറീന്. അതോണ്ട് ഇന്നലെ സന്ധ്യക്കന്നെ മുകളില് നിര്‍മ്മലേന്റെ വീട്ടിലേക്ക് മാറ്റിരുന്നു. പണി തീരാത്തതാണെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടില്‍ കിടന്ന് മരിക്കാനുള്ള ഭാഗ്യം പോലും ഓള്‍ക്കുണ്ടായില്ലല്ലോ…’ .

അമ്മ പിറുപിറുത്തുകൊണ്ടു കരഞ്ഞു. ഞാനൊന്നും മിണ്ടാനാവാതെ നിന്നു കത്തി.

ഓണത്തിന് അവധിക്ക് ചെന്ന ദിവസം രാത്രി തന്നെ ഞാനാ വീട്ടില്‍ പോയി. മരണം കഴിഞ്ഞ് പന്തലഴിക്കാത്ത ആ വീട്ടില്‍ പാതി കാഴ്ച്ച മാത്രമുള്ള പ്രായമായ അമ്മയ്ക്കടുത്ത് വിറയലോടെ ഞാന്‍ ചെന്നിരുന്നു. ചുളിഞ്ഞു വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് അവരെന്നെ തൊട്ടു. ദൈവം മനുഷ്യനെ തൊടും പോലെ.

‘എന്റെ സുമയെ എന്തിനാ ദൈവം കൊണ്ടോയെ ? എന്നെ കൊണ്ടോയ്ക്കൂടാരുന്നോ ? അമ്പലം അടിച്ചു തളിച്ചു ഭഗവാന്റെ കൂടിരുന്നിട്ടും എന്റെ മോളെ കൊണ്ടു പോയില്ലേ ‘?

വാള്‍മുന കൊണ്ട് നെഞ്ചിലാരോ വരഞ്ഞു കീറും പോലെ എനിക്കു നൊന്തു. എന്നെ കണ്ടതും മകള്‍ ഗ്രീഷ്മ കെട്ടിപ്പിടിച്ചുച്ചത്തില്‍ കരഞ്ഞു.

‘ഞങ്ങള്‍ അനാഥരായി…. എന്റമ്മക്ക് സന്തോഷം കൊടുക്കാന്‍ ഞങ്ങള്‍ക്കായില്ല. രക്ഷപെട്ടു വരുമ്പഴേക്കും പോയി’.

‘നിങ്ങള്‍ മക്കള്‍ക്കു ജോലിയായി, ജീവിതമായി. മരണ സമയം വരെ തുണയായി നിങ്ങള്‍ കൂടെയുണ്ടായിരുന്നു. സമാധാനിക്കണം… നിങ്ങളുടെ അമ്മ ഒരായുസ്സില്‍ വെയിലത്തും മഴയത്തും കല്ലു ചുമന്നതിന്റെ, കഷ്ടപ്പെട്ടതിന്റെ ഫലമാണ് നിങ്ങള്‍ക്കു കിട്ടിയ വിദ്യാഭ്യാസം, ജോലി, ജീവിതമൊക്കെ… എത്ര നല്ല അമ്മയായിരുന്നു അവര്‍’

അകത്തേക്ക് പെട്ടന്നയാള്‍ കടന്നു വന്നു ഒരു കപ്പ് ചായയുമായി. അവരെ ജീവിതത്തിലെ കറുത്ത ദിവസങ്ങളിലേക്ക് തള്ളി വിട്ട ആ മനുഷ്യന്‍. അയാളുടെ മുഖത്തെ നിസാരത എനിക്കസഹ്യമായി. മുഖത്തേക്ക് നീട്ടി തുപ്പാന്‍ തോന്നുന്നത്ര അമര്‍ഷം ഉള്ളില്‍ തികട്ടി.

‘നീ എന്നാണു വന്നത് ‘ ?

ആ ചൂടു ചായ അയാളുടെ പുഞ്ചിരിക്ക് മീതേക്കൊഴിക്കാനെനിക്ക് തോന്നി. ഞാനയാളെ ഒന്നു തുറിച്ചു നോക്കി.

‘നിങ്ങള്‍ക്കെന്ത് നഷ്ടമല്ലേ ‘? അത്രയും പറഞ്ഞ് മുഖം വെട്ടിച്ചു അവിടുന്ന് പൊടുന്നനെ ഇറങ്ങി.

മടങ്ങവേ പൊതുശ്മശാനത്തിനരികിലൂടെ വണ്ടി നീങ്ങുമ്പോള്‍ കണ്ടു ഒരായുസ് മുഴുവന്‍ നീറി അടഞ്ഞ ജീവിതത്തിനു മീതെ നനഞ്ഞ മണ്‍കൂനയില്‍ പാതി ജീര്‍ണ്ണിച്ച പൂക്കള്‍, റീത്തുകള്‍.

ഹണി ഭാസ്‌ക്കരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News