‘ബന്ധനങ്ങളെ ഭേദിച്ച് കര്‍ഷക സമരം’ ; റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറ്റം

രാജ്യത്തെ തന്നെ ഏറ്റവും വലിയ കര്‍ഷക മുന്നേറ്റമാണ് ദില്ലിയില്‍ നടക്കുന്നത്. തൊഴുകൈകളോടെ രാജ്യത്തിന് അന്നമൂട്ടുന്ന കര്‍ഷകരെ ദില്ലി ജനത വരവേല്‍ക്കുന്ന അത്യപൂര്‍വ്വ കാഴ്ചയ്ക്ക് രാജ്യം സാക്ഷിയായി.കര്‍ഷകര്‍ സഞ്ചരിക്കുന്ന പാതകളില്‍ ജനം പുഷ്പവൃഷ്ടി നടത്തി. സമരത്തെ തടയാനുള്ള പോലീസിന്റെ ശ്രമങ്ങളെയെല്ലാം മറികടന്ന് കര്‍ഷകര്‍ മുന്നേറി. രാജ്പഥ് ലക്ഷ്യമാക്കിയുള്ള കര്‍ഷക മുന്നേറ്റത്തെ ഭരണകൂടമുള്‍പ്പെടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഇരട്ടി ശക്തിയോടെ മണ്ണിന്റെ മക്കള്‍ അതിനെ നേരിടുന്ന കാ‍ഴ്ചയാണ് ഏവരും കണ്ടത്.

സിങ്കു, തിക്രി അതിര്‍ത്തികളില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളെ തകര്‍ത്തെറിഞ്ഞാണ് കര്‍ഷകര്‍ മുന്നേറിയത്. തികച്ചും സമാധാനപരമായാണ് കര്‍ഷകര്‍ മുന്നേറുന്നത്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിന് ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ എന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പോലീസ് രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ക്ക് വഴിയൊരുക്കിയതിന് ശേഷമായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ട്രാക്ടര്‍ റാലി ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ കോലത്തില്‍ കര്‍ഷകര്‍ ചെരുപ്പുകൊണ്ടടിച്ച് പ്രതിഷേധിക്കുകയും കര്‍ഷകര്‍ക്ക് എതിരായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമത്തിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തുകയും ചെയ്തു.

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് നേരെ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചെങ്കിലും പ്രകോപിതരാകാതെ സമാധാനപരമായി റാലിയില്‍ അണിനിരക്കുകയാണ് കര്‍ഷകര്‍ ചെയ്തത്. കോണ്‍ക്രീറ്റ് കട്ടകളും ട്രക്കുകളും ഉള്‍പ്പെടെ ഉപയോഗിച്ച് വഴി തടസപ്പെടുത്തിക്കൊണ്ട് റാലി തടസപ്പെടുത്തുന്നതിനുള്ള ശ്രമം ഹരിയാന പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും വീറോടെ കൂടുതല്‍ ആര്‍ജ്ജവത്തോടെ മണ്ണിന്റെ മക്കള്‍ ബന്ധനങ്ങളെ ഭേദിച്ച് ഐതിഹാസികമായി മുന്നേറുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വരഹിതവും വിവാദപരവുമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസമായി നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധത്തെ അടയാളപ്പെടുത്തുകയാണ് റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് ആരംഭിച്ച ട്രാക്ടര്‍ റാലി. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നടയായി മാര്‍ച്ച് നടത്താനാണ് തീരുമാനമെന്നും കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News