സര്‍ക്കാരില്‍ സമ്മര്‍ദ്ദം; മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ ഉടനെയെന്ന് മുഖ്യമന്ത്രി

മുംബൈ നഗരത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്ഥാപനങ്ങളും സേവനങ്ങളുമെല്ലാം പുനഃസ്ഥാപിച്ചെങ്കിലും ലോക്കല്‍ ട്രെയിനുകളുടെ കാര്യത്തില്‍ തീരുമാനമാകാതെ വൈകുന്നതില്‍ വലിയ പ്രതിഷേധമാണ് സമസ്ത മേഖലകളില്‍ നിന്നും ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇതോടെ സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനെ തന്നെ തീരുമാനമെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുവാനുള്ള അനുമതിയുടെ കാര്യത്തിലാണ് തീരുമാനം ഉടന്‍ സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചത്. മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിനുകള്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമാണ് നഗരജീവിതം സാധാരണഗതിയിലേക്ക് തിരികെ കൊണ്ട് വരുവാന്‍ കഴിയുകയുള്ളൂവെന്ന അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

എന്നിരുന്നാലും ദിവസേന 8 ലക്ഷത്തോളം പേര്‍ തിക്കിത്തിരക്കി യാത്ര ചെയ്യുന്ന ലോക്കല്‍ ട്രെയിനുകള്‍ പുനരാരംഭിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ ഉണ്ടാകുന്ന ഭീഷണിയാണ് പ്രധാന വെല്ലുവിളി. എന്നാല്‍ ലോക്കല്‍ ട്രെയിനുകളുടെ അഭാവം നഗരവാസികളെ മറ്റു ഉപാധികള്‍ തേടുവാന്‍ പ്രേരിപ്പിച്ചതോടെ ബസ്സുകളിലും മറ്റും തിരക്ക് നിയന്ത്രണാധീനമായി.

യാത്ര ചെയ്യാന്‍ കഴിയാതെ വലിയൊരു വിഭാഗത്തിന് ജോലി വരെ നഷ്ടമായതും നഗരം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്.

മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക എന്ന വിഷയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ തിരഞ്ഞെടുത്ത യാത്രക്കാര്‍ക്ക് മാത്രമാണ് സേവനം അനുവദിച്ചിട്ടുള്ളത്.

കോവിഡ് രോഗവ്യാപന ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ തിരക്ക് ഇല്ലാത്ത വിധത്തില്‍ എല്ലാ യാത്രക്കാര്‍ക്കും ലോക്കല്‍ ട്രെയിന്‍ സേവനം പ്രയോജനപ്പെടുത്താന്‍ നിരവധി ഉപാധികള്‍ ചര്‍ച്ച ചെയ്തതായി ഔദ്യോദിക വൃത്തങ്ങള്‍ അറിയിച്ചു.

യോഗത്തില്‍ ചീഫ് സെക്രട്ടറി സഞ്ജയ് കുമാര്‍, മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകന്‍ അജോയ് മേത്ത, ബിഎംസി കമ്മീഷണര്‍ ഇക്ബാല്‍ സിംഗ് ചഹാല്‍, മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞു.

കൊറോണ മഹാമാരി കണക്കിലെടുത്ത് പ്രത്യേക പാസ്സുകള്‍ നല്‍കിയാണ് നിലവിലെ അത്യാവശ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്ത്രീകള്‍ക്കും യാത്ര അനുവദിച്ചിരിക്കുന്നത്.

ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിബന്ധനകളോടെ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുവാന്‍ അനുവാദമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News