കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും കര്‍ഷക റാലികള്‍. ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ നേതൃത്വത്തിലാണ് കര്‍ഷക റാലികള്‍ പുരോഗമിക്കുന്നത്. തിരുവന്തപുരത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ നേതൃത്വത്തില്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് എസ്എംവി സ്‌കൂളിന് മുന്നില്‍ നിന്നാരംഭിക്കുന്ന പരേഡ് പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ബഹുജനങ്ങളും, തൊഴിലാളികളും, യുവാക്കളും, വിദ്യാര്‍ഥികളും ദേശീയ പതാകയുമേന്തി പരേഡില്‍ അണിനിരന്നു. വൈകിട്ട് മൂന്നിന് ആരംഭിച്ച പരേഡ് പഞ്ചായത്ത് – മുനിസിപ്പല്‍ കേന്ദ്രങ്ങളിലാണ് പ്രധാനമായും നടക്കുന്നത്.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോട്ടയത്തും ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും തിരൂനക്കര മൈതാനത്തേക്കാണ് റാലി പുരോഗമിക്കുന്നത്. എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ബൈക്ക് റാലിയും അക്ഷരനഗരിയില്‍ നടന്നു. പാലക്കാട് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ദില്ലി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. വിക്ടോറിയ കോളേജ് മുതല്‍ സ്റ്റേഡിയം മൈതാനം വരെ ട്രാക്ടര്‍ റാലി നടക്കുന്നത്. കര്‍ഷകബില്ലിനെ എതിര്‍ക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളും കര്‍ഷക പരേഡില്‍ അണിചേരണമെന്ന് സംയുക്ത കര്‍ഷകസമിതി കണ്‍വീനര്‍ കെ എന്‍ ബാലഗോപാല്‍, ചെയര്‍മാന്‍ സത്യന്‍ മൊകേരി എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here