പെണ്‍കുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത് നേരിട്ടോ അല്ലാതെയോ തൊടുന്നത് കുറ്റകരമല്ലെങ്കില്‍ പിന്നെന്തിനാണ് നാട്ടില്‍ നിയമം? ഷിംന അസീസ് ചോദിക്കുന്നു

വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധിക്ക് വന്‍ പ്രതിഷേധം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതായിരുന്നു് നിരീക്ഷണം. കോടതിയുടെ അപൂര്‍വ്വ വിധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. സ്ത്രീശരീരത്തോട് അപമര്യാദയായി പെരുമാറി എന്ന വകുപ്പ് നിലനില്‍ക്കെ തന്നെ, ഇത് ബാലികാപീഡനമായി കണക്കാക്കാന്‍ പറ്റില്ലെന്ന് പറയുന്നത് എത്ര വലിയ അശ്‌ളീലമാണെന്നും തൊലിയില്‍ തൊലി തട്ടിയാല്‍ മാത്രമേ പീഡനമാകൂവെങ്കില്‍ കുഞ്ഞുങ്ങളെ നിര്‍ബന്ധിച്ച് ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിന്റെ നിര്‍വചനമെന്താണ്? എന്നും ഷിംന അസീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

12 വയസ്സുള്ള പെണ്‍കുട്ടിയുടെ മാറിടം, അല്ല ‘മുല’ എന്ന് തന്നെ പറയണം, 39 വയസ്സുകാരന്‍ പിടിച്ചത് പോക്സോ നിയമപ്രകാരം കുറ്റകരമായി കണക്ക് കൂട്ടാനാവില്ലെന്ന് മുബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ഡിവിഷന്‍ ബെഞ്ച്. പുഷ്പ ഗനേഡിവാല എന്ന വനിത ജഡ്ജാണിത് വ്യക്തമാക്കിയത്.
വസ്ത്രത്തിനകത്ത് കൈയിടുകയോ മുലയില്‍ നേരിട്ട് തൊടുകയോ ചെയ്യാത്തിടത്തോളം ഇത് കുറ്റകരമല്ലത്രേ ! കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത് നേരിട്ടോ അല്ലാതെയോ തൊടുന്നത് കുറ്റകരമല്ലെങ്കില്‍ പിന്നെന്തിനാണ് നാട്ടില്‍ നിയമം?
സ്ത്രീശരീരത്തോട് അപമര്യാദയായി പെരുമാറി എന്ന വകുപ്പ് നിലനില്‍ക്കെ തന്നെ, ഇത് ബാലികാപീഡനമായി കണക്കാക്കാന്‍ പറ്റില്ലെന്ന് പറയുന്നത് എത്ര വലിയ അശ്‌ളീലമാണ് ! തൊലിയില്‍ തൊലി തട്ടിയാല്‍ മാത്രമേ പീഡനമാകൂവെങ്കില്‍ കുഞ്ഞുങ്ങളെ നിര്‍ബന്ധിച്ച് ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിന്റെ നിര്‍വചനമെന്താണ്? കുഞ്ഞുങ്ങളോടുള്ള ലൈംഗികകുറ്റകൃത്യങ്ങളുടെ വിശദീകരണം എന്താണിങ്ങനെ വക്കും അരികും തേഞ്ഞിരിക്കുന്നത്?
അനുവാദമില്ലാതെ മാറിന് നേരെ നീളുന്ന കൈ തൊട്ട ഭാഗത്ത് എത്ര മണിക്കൂര്‍ ആ അറപ്പ് കരിഞ്ഞ് പറ്റിക്കിടക്കുമെന്ന്, ആയുസ്സിലെ എത്ര വര്‍ഷങ്ങള്‍ അയാളുടെ വഷളന്‍ ചിരിയില്‍ ചത്തളിഞ്ഞ് കിടക്കുമെന്ന് ആലോചിക്കാനുള്ള ബുദ്ധി നിയമത്തിന് കാണൂലായിരിക്കും. വസ്ത്രത്തിന് മേല്‍ മാത്രം തൊട്ടാല്‍ കുഞ്ഞ് എല്ലാം വളരെ പെട്ടെന്ന് മറക്കുമായിരിക്കും.
ഇന്ന് ദേശീയ ബാലികാദിനം കൂടിയാണത്രെ…!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News