പഴയ 100, 10, 5 രൂപ നോട്ടുകൾ പിൻവലിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ വഴിയാണ് വാർത്ത സംബന്ധിച്ച റിസർവ് ബാങ്ക് പ്രതികരിച്ചിരിക്കുന്നത്.
നോട്ടുകൾ പിൻവലിക്കുന്നുവെന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നാണ് റിസർവ് ബാങ്കിന്റെ വിശദീകരണം.
പഴയ നൂറ് രൂപ നോട്ടുകൾ പിൻവലിക്കാതെയാണ് 2018 ജൂലൈ മാസത്തിൽ റിസർവ് ബാങ്ക് പുതിയ നൂറ് രൂപയുടെ കറൻസികൾ വിപണിയിലിറക്കിയത്. നിലവിൽ വിപണിയിൽ സജീവമായ ഈ രണ്ട് രൂപകൽപനയിലുള്ള കറൻസികൾക്കും മൂല്യമുണ്ട്.
കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്കിലെ തന്നെ ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകളെ ഉദ്ധരിച്ച് ഈ നോട്ടുകൾ പിൻവലിക്കാൻ പോകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ബി മഹേഷിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ദില്ലിയിൽ നിന്ന് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാർച്ച് – ഏപ്രിൽ മാസത്തോടെ നോട്ടുകൾ പൂർണമായും വിതരണത്തിൽ നിന്ന് പിൻവലിക്കാനാണ് ആലോചനയെന്നായിരുന്നു റിപ്പോർട്ട്. ഈ വാർത്ത വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തിയത്.
Get real time update about this post categories directly on your device, subscribe now.