കര്‍ഷകരുടെ ട്രാക്ടര്‍ റാലി അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുമ്പോള്‍; ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റായിലെ ഏറ്റെടുത്തിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍, അല്‍-ജസീറ, ദ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളാണ് ട്രാക്ടര്‍ റാലിക്ക് വലിയ പ്രാധാന്യം നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് റിപ്പബ്ലിക് ദിനമായ ഇന്ന് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. റാലിയില്‍ നിരവധി സംഘര്‍ഷങ്ങളും ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു.

നേരത്തെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയടക്കം കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയിരുന്നു. കര്‍ഷകരുടെ സമരം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ വഴിവെച്ചേക്കും.

അതേസമയം കര്‍ഷക സരമത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ നല്‍കി എന്ന തരത്തില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്ത വ്യാജമാണ് എന്നതാണ് സത്യാവസ്ഥ.

കേന്ദ്രസര്‍ക്കാറിന്റെ എല്ലാ മര്‍ദ്ദന ഉപാധികളെയും അതിജീവിച്ചുകൊണ്ട് കര്‍ഷക സമരസഖാക്കള്‍ ചെങ്കോട്ട പിടിച്ചെടുത്തു കഴിഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.

മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിനിടയാക്കി.

മാര്‍ച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിരവധി കര്‍ഷകര്‍ക്കും പരിക്കേറ്റു. വാഹനങ്ങളെല്ലാം റോഡില്‍നിന്ന് എടുത്ത് മാറ്റാന്‍ കഴിയാത്ത രീതിയില്‍ പൊലീസ് ആക്രമിക്കുന്നുണ്ട്.

അതേസമയം ദില്ലിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്രം പ്രതികാരം ശക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് സേവന ദാതാക്കള്‍ പറഞ്ഞു.

ചെങ്കോട്ടയില്‍ കോട്ടകെട്ടി കര്‍ഷകര്‍ പതാക ഉയര്‍ത്തിയിരുന്നു. ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നിഷാന്‍ സാഹിബ് എന്ന സിഖ് പതാക. അതേസമയം ചെങ്കോട്ട പിടിച്ചതിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ രംഗത്തെത്തി.

കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

അതേസമയം, ഹരിയാന അതിര്‍ത്തിയായ കര്‍നാലില്‍ എത്തിയ കര്‍ഷകര്‍ സിംഘുവിലേക്കു മടങ്ങിത്തുടങ്ങി. രാവിലെ സിംഘുവില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കര്‍നാലില്‍ അവസാനിപ്പിച്ചാണ് കര്‍ഷകര്‍ മടക്കം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here