തോല്‍പ്പാവക്കൂത്തിന്‍റെ കുലപതി രാമചന്ദ്ര പുലവര്‍ക്ക് പത്മശ്രീ ലഭിക്കുമ്പോള്‍ അത് അന്യം നിന്നു പോകുമായിരുന്ന കലയ്ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. തോല്‍പ്പാവക്കൂത്തിനെ ജനകീയമാക്കുന്നതിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുലവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചത്.
നിഴലും വെളിച്ചവും കഥ പറയുന്ന കൂനത്തറയിലെ കൂത്തുമാടത്തിലേക്ക് പത്മശ്രീ പുരസ്ക്കാരം കടന്നെത്തി. 13 തലമുറയുടെ പാരന്പര്യമുള്ള തോല്‍പാവക്കൂത്തിനും കലയെ സ്നേഹിക്കുന്നവര്‍ക്കുമുള്ള അംഗീകാരം. ക്ഷേത്രാങ്കണത്തിന് പുറത്തേക്ക് വിട്ട് തോല്‍പാവക്കൂത്തെന്ന കലാരൂപത്തെ ജനകീയമാക്കുന്നതിലും പരിഷ്ക്കരിക്കുന്നതിലും പ്രയത്നിച്ച കൂനത്തറയിലെ കൃഷ്ണന്‍കുട്ടി പുലവരുടെ പാത പിന്തുടര്‍ന്നു.
അച്ഛനില്‍ നിന്ന് തോല്‍പാവക്കൂത്ത് അഭ്യസിച്ചു. തുച്ഛമായ വേതനത്തില്‍ ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചിരുന്നയിടത്തു നിന്നും, തോല്‍പാവക്കൂത്തിന്‍റെ ഖ്യാതി കടല്‍ കടത്തി. തപാല്‍ വകുപ്പിലെ ജോലി ഉപേക്ഷിച്ച് കലയ്ക്കു വേണ്ടി ജീവിച്ചു.
തോല്‍പാവക്കൂത്തിനെ ജനകീയമാക്കുന്നതിനുള്ള ഇടപെടലിനെതിരെ വലിയ വിമര്‍ശനങ്ങളും അപമാനങ്ങളുമേല്‍ക്കേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ പിന്തിരിഞ്ഞു നോക്കുന്പോള്‍ അഭിമാനം.. ചാരിതാര്‍ത്ഥ്യം.
ഐതിഹ്യ-പുരാണ കഥകള്‍ ചെന്തമിഴില്‍ കളിച്ചിരുന്ന കൂത്തുമാടങ്ങള്‍ പുതുകഥകള്‍ തേടിയപ്പോള്‍ ഗാന്ധിജിയുടെ ജീവിതവും, യേശുവിന്‍റെ ത്യാഗവും, അറബിക്കഥകളുമെല്ലാം അരങ്ങിലെത്തി. എച്ച് ഐ വി ബോധവത്ക്കരണവും, കൊവിഡ് ബോധവത്ക്കരണം തോല്‍പാവക്കൂത്തായി. കൊവിഡ് കാലത്ത് ഓണ്‍ലൈനില്‍ തോല്‍പാവക്കൂത്ത് അവതരിപ്പിച്ച് മാറ്റത്തിന്‍റെ ചരിത്രം തീര്‍ത്തു.
2011ല്‍ തായ് ലന്‍റ് സര്‍ക്കാര്‍ നല്‍കിയ പുരസ്ക്കാരവും, 2012ല്‍ അംബേദ്ക്കര്‍ അവാര്‍ഡും, കലാശ്രീ പുരസ്ക്കാരവും, കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരവും, കേന്ദ്ര-സംഗീത നാടക അക്കാദമി പുരസ്ക്കാരവും രാമചന്ദ്ര പുലവരെ തേടിയെത്തിയിട്ടുണ്ട്.
മകന്‍ രാജീവ് പുലവരും അച്ഛന്‍റെ പാത പിന്തുടര്‍ന്ന് തോല്‍പാവക്കൂത്ത് കലാരംഗത്തുണ്ട്. നേരത്തെ തോല്‍പാവക്കൂത്തില്‍ നിന്ന് പുതു തലമുറ വഴിമാറി നടന്നിരുന്നുവെങ്കിലും ഇപ്പോള്‍ നിരവധി കുട്ടികള്‍ രാമചന്ദ്ര പുലവരുടെ കീഴില്‍ തോല്‍പാവക്കൂത്തും പാവ നിര്‍മാണവും അഭ്യസിക്കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.