
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് ആവര്‍ത്തിച്ച് കര്‍ഷക നേതാക്കള്‍.
പതാക ഉയർത്തിയത് പഞ്ചാബി നടൻ ദീപ് സിദ്ദുവാണെന്ന റിപ്പോൾട്ടുകൾക്കിടെ താരവും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്ത് വന്നിരുന്നു. ദീപ് സിദ്ദുവിന്‍റെ ബിജെപി ബന്ധം തെളിയിക്കുന്ന ചില ചിത്രങ്ങളും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം ദീപ് സിദ്ദു നിൽക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.
ചെങ്കോട്ടയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും സിഖ് പതാക ഉയർത്തിയതും സിദ്ദുവിന്‍റെ നേതൃത്വത്തിലാണെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്.
This is Deep Sidhu with Modi & Shah. He led the mob at Red Fort today & unfurled the Sikh religious flag there pic.twitter.com/dX9bQjAIim
— Prashant Bhushan (@pbhushan1) January 26, 2021
ചെങ്കോട്ടയിൽ പതാക ഉയർത്തിയെന്ന ആരോപണത്തെ നേരത്തെ തന്നെ കർഷക നേതാക്കൾ തള്ളിയിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് കർഷകർ ചെങ്കോട്ട പിടിച്ചടക്കി ഖാലിസ്ഥാൻ പതാക ഉയർത്തിയത്. എന്നാല്‍ ദേശീയ പതാക മാറ്റിയിട്ടാണ് കർഷകർ പതാക സ്ഥാപിച്ചതെന്ന വ്യാജ വാർത്തകളും ഉയർന്നതിന് പിന്നാലെ ഇതിനെ തള്ളി കർഷക സംഘടനകൾ രംഗത്തെത്തിയിരുന്നു.
ത്രിവര്‍ണ പതാകയ്ക്ക് മുകളിലായി ചെങ്കോട്ടയില്‍ ഉയര്‍ന്നത് ഖലിസ്ഥാന്‍ പതാക ആണെന്നായിരുന്നു പ്രധാന ആരോപണം. പാകിസ്ഥാനില്‍ നിന്നുള്ള ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇത് വ്യാപകമായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിഖ് മതവിശ്വാസം അനുസരിച്ചുള്ള നിഷാന്‍ സാഹിബ് പതാകയാണ് ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
കര്‍ഷക സമരത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്‍റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതും പതാക ഉയര്‍ത്തിയതെന്നും കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നു.
ദീപ് സിദ്ദു കേന്ദ്രസര്‍ക്കാരിന്‍റെ ഏജന്റാണെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞു. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
”ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് മതപരമായ നിറം നല്‍കുന്നത് അപലപനീയമാണ്. നമ്മുടെ പ്രതിഷേധം കര്‍ഷകരുടെ മാത്രം ഒരു ബഹുജന പ്രസ്ഥാനമാണ്, അത് മതപരമല്ല. ദീപ് സിദ്ദു ചെയ്തുകൂട്ടിയ കാര്യങ്ങളെ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നു, അയാള്‍ സര്‍ക്കാറിന്റെ ഏജന്റ് ആണെന്ന് ഞങ്ങള്‍ കരുതുന്നു. പല തവണ അയാള്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ സംസാരിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്തിട്ടുണ്ട്,” ഗുര്‍നം സിംഗ് പറഞ്ഞു.
ചെങ്കോട്ടയിലേക്ക് പോകാന്‍ തങ്ങള്‍ ആഹ്വാനം നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി നേരത്തെ അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here