സമരത്തെ തകര്‍ക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്; രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്ക് ഒപ്പമെന്ന് എളമരം കരീം

രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. കര്‍ഷക സമരത്തെ തകര്‍ക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വരെയും കര്‍ഷകരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. ട്രാക്ടര്‍ റാലി അക്രമാസക്തമാക്കിയത് സമരത്തിനിടയില്‍ നുഴഞ്ഞ് കയറിയവരാണെന്നും എളമരം കരീം പറഞ്ഞു.

അതേസമയം ടാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഭവവികാസങ്ങള്‍ സംഘപരിവാര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമത്തിന്റെ ഭാഗമായാണെന്നാണ് സൂചന.

പഞ്ചാബി നടനും സംഘപരിവാര്‍ അനുഭാവിയുമായ ദീപ് സിദ്ദുവും സംഘവുമാണ് ചെങ്കോട്ടയില്‍ കയറി കൊടി നാട്ടിയതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് ചെങ്കോട്ടയില്‍ എത്തിയതെന്നാണ് ദീപിന്റെ പ്രതികരണം.

ദില്ലി ട്രാക്റ്റര്‍ റാലിയുടെ ഭാഗമെന്നോണം ചെങ്കോട്ടയില്‍ സിഖ് പതാക നാട്ടിയത് പഞ്ചാബി നടന്‍ ദീപ് സിദ്ദുവും സംഘവുമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ദീപ് സിദ്ദുവിന്റെ സംഘപരിവാര്‍ ബന്ധത്തിന് സൂചന നല്‍കിക്കൊണ്ടുള്ള ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിന്റെ പ്രചാരണ സംഘത്തിന്റെ മാനേജറും സിദ്ദുവായിരുന്നു.

ഇതോടെ കര്‍ഷക സമരം തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ സംഘപരിവാര്‍ സമരത്തിനകത്തേക്ക് നുഴഞ്ഞുകയറ്റം നടത്താന്‍ ശ്രമിച്ചുവെന്നാണ് വ്യക്തമാകുന്നത്. സമരത്തിലുള്ള കര്‍ഷക സംഘടനയായ കിസാന്‍ സജ്ജ മോര്‍ച്ച നേരത്തെ ദീപ് സിദ്ദുവിനെ സമരത്തില്‍ നിന്ന് വിലക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here