വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിച്ചത് പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദവിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ചര്‍മ്മത്തോട് ചര്‍മ്മം ചേരാതെ നടത്തുന്ന സ്പര്‍ശനങ്ങള്‍ ലൈംഗിക പീഡനമാകില്ലെന്ന പരാമര്‍ശമടങ്ങിയ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

മൂന്ന് വനിതാ അഭിഭാഷകര്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടെ സിംഗിള്‍ ബഞ്ചിന്റേതായിരുന്നു ഇപ്പോള്‍ സുപ്രീംകോടതി സ്റ്റേ ചെയ്ത വിധി.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്തുണച്ചു.

തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ പരാമര്‍ശവും ഇതോടെ റദ്ദായി.

പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനഃസ്ഥാപിക്കുകയും രണ്ടാഴ്ചക്കകം പ്രതിയോട് തിരികെ ജയിലില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

12വയസുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തൊന്‍പതുകാരനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച സെക്ഷന്‍സ് കോടതി നടപടി തിരുത്തിയാണ് മുംബൈ ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

പെണ്‍കുട്ടിയെ പേരക്ക നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ് . വീട്ടില്‍ വെച്ച് പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ മേല്‍വസ്ത്രം മാറ്റാതെയാണ് മാറിടത്തില്‍ സ്പര്‍ശിച്ചത്. അതുകൊണ്ട് തന്നെ ഇതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

മറിച്ച് ഐപിസി 354 വകുപ്പ് പ്രകാരം പെണ്‍കുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിന് പ്രതിക്കെതിരെ കേസെടുക്കാം. എന്നാല്‍ ഈ വകുപ്പ് പ്രകാരം ഒരു വര്‍ഷം മാത്രമാണ് തടവുശികഷ. പോക്സോ ആക്ട് പ്രകാരമാണെങ്കില്‍ കുറഞ്ഞത് 3 വര്‍ഷമെങ്കലും തടവ് ശിക്ഷ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News