‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ നായകനായി സിജു വില്‍സണ്‍

വിനയന്റെ പുതിയ ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ നായകനായി സിജു വില്‍സണ്‍ എത്തുന്നു. ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ഇതിഹാസ നായക കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറക്കികൊണ്ടാണ് സിജു നായകനായെത്തുന്ന വാര്‍ത്ത പുറത്തുവിട്ടത്. വിനയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, മോഹന്‍ലാല്‍ , ഉള്‍പ്പെടെ നിരവധി പേര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു.

‘സിജു വില്‍സണ്‍ ആണ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നതെന്നും കഴിഞ്ഞ ആറുമാസമായി സിജു ഈ വേഷത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും പരിശീലിക്കുന്നുവെന്നും  യുവനടന്റെ കരിയറിലെ ഒരു വലിയ നാഴികക്കല്ല് ആയിരിക്കും ഈ കഥാപാത്രമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘പത്തൊന്‍പതാം നൂറ്റാണ്ടി’ലെ നായകന്‍ ഒഴിച്ചുള്ള അന്‍പതോളം താരങ്ങളെ ഞാന്‍ എന്റെ പ്രിയ സുഹൃത്തുക്കളെ ഇതിനു മുന്‍പു പരിചയപ്പെടുത്തിയിരുന്നു… നായകവേഷം മലയാളത്തിലെ ഒരു യുവ നടന്‍ ചെയ്യുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്… ഇന്നിതാ ആ ആകാംഷയ്കു വിരാമമിടുന്നു…
സിജു വില്‍സണ്‍ ആണ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്..
കഴിഞ്ഞ ആറുമാസമായി സിജു ഈ വേഷത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും പരിശീലിക്കുന്നു …
ഈ യുവനടന്റെ കരിയറിലെ ഒരു വലിയ നാഴികക്കല്ല് ആയിരിക്കും ഈ കഥാപാത്രം…
നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ അനുഗ്രഹം സിജു വില്‍സണും എന്റെ ടീമിനും ഈണ്ടാകുമല്ലോ? സ്‌നേഹാദരങ്ങളോടെ നിര്‍ത്തട്ടെ…

സിജു വില്‍സണും സന്തോഷമറിയിച്ച് രംഗത്തെത്തിയിരുന്നു. സിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘സംവിധായകന്‍ വിനയന്റെ പുതിയ പടമായ പത്തൊമ്പതാം നൂറ്റാണ്ടില്‍ എന്നെ നായകനാക്കിയതില്‍ അതിയായ സന്തോഷമുണ്ട്. ചരിത്ര നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കറുടെ ഈ വേഷത്തോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഗോപാലന്‍ സര്‍, കൃഷ്‌ണേട്ടന്‍, ഡയറക്ടര്‍ കൃഷ്ണമൂര്‍ത്തി, ശ്രീ ഗോകുലം മൂവീസ് എന്നിവരോടെല്ലാം നന്ദി അറിയിക്കുന്നു.

എന്റെ ജിം ഇന്‍സ്ട്രക്ടര്‍മാരായ ജയറാം ആശാന്‍, മുകുന്ദേട്ടന്‍,ഷിഫാസ് എന്നിവരുടെയൊക്കെ സഹായവും മാര്‍ഗനിര്‍ദേശവും ഇല്ലാതെ ഈ റോള്‍ ചെയ്യാന്‍ സാധ്യമാകുമായിരുന്നില്ല. ആയോധനകല (കളരി), കുതിരസവാരിയൊക്കെ പഠിക്കാന്‍ കഴിയുമെന്ന് അഞ്ച് മാസം മുമ്പ് വരെ എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല.

ബെന്നി മാഷ്, രജത് മാഷ്, മഹേഷേട്ടന്‍, വിനീത് എന്നിവരുടെ കര്‍ശനമായ കളരി പരിശീലനത്തിനിടയിലും സുമുഖ, സൗമ്യതവര്‍മ്മ, ജീന്‍സണ്‍ ഭായ് ഇവരെല്ലാം ഞാന്‍ കഠിന പ്രയത്‌നം ചെയ്ത സമയങ്ങളില്‍ വൈകാരികവും ശാരീരികവുമായ പിന്തുണ നല്‍കി എല്ലായ്‌പ്പോഴും കൂടെ ഉണ്ടായിരുന്നു. ചിത്രത്തിനായി പ്രത്യേക ഭക്ഷണക്രമമായിരുന്നു. കുതിരസവാരി അനുഭവം വളരെ സാഹസികം മാത്രമല്ല, ഒരേ സമയം കഠിനവുമായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് എന്റെ കരിയറിന്റെ അടുത്ത ഘട്ടമായി കണക്കാക്കുന്നു. ഇത് എന്റെ വ്യക്തിപരവുമായ ജീവിതത്തിന് ഒരു വഴിത്തിരിവായി. എന്റെ മുന്നേറ്റത്തിന് ഇതുവരെ എന്നെ പിന്തുണക്കുകയും ഈ റോളില്‍ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ഈ പിന്തുണ എന്റെ പുതിയ യാത്രകളിലും ഉണ്ടാകണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ‘

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ക്യഷ്ണ, , ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്,സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍,സുന്ദര പാണ്ഡ്യന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജ്വ,രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ,ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊമ്പതാം നുറ്റാണ്ട്.

ക്യാമറ- ഷാജികുമാര്‍, കലാസംവിധാനം-അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍ സതീഷ്, കോ പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ക്യഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബാദുഷ,പിആര്‍ഒ -മഞ്ജു ഗോപിനാഥ്. വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ഡിസൈന്‍- ഒള്‍ഡ് മങ്ക്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here