ലോകത്തിലെ അപൂര്‍വ ക്ലാസിക് കാർ ഉത്സവത്തിനൊരുങ്ങി ഷാർജ

ലോകത്തിൽ തന്നെ അപൂർവമായ ക്ലാസിക് – വിന്റേജ് കാറുകളുടെ പ്രത്യേക പ്രദർശനത്തിനൊരുങ്ങി ഷാർജ.  ‘ഓൾഡ് കാർസ് ക്ലബു’മായി ചേർന്ന് ഷാർജ നിക്ഷേപവികസന വകുപ്പാണ് (ഷുറൂഖ്) ‘ക്ലാസിക് കാർസ് ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നത്. സ്വകാര്യവ്യക്തികളുടെ കാർ ശേഖരത്തിൽ നിന്നടക്കം, ലോകോത്തര ബ്രാൻഡുകൾ നിർമിക്കുകയും റോഡുകളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്ത അൻപതിലധികം അത്യപൂർവ കാറുകളാണ് മേളയിലുണ്ടാവുക.

‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ എന്ന വിനോദസഞ്ചാര കാംപയിന്റെ ഭാഗമായി ഒരുങ്ങുന്ന സൗജന്യ പ്രദർശനത്തിന് ഷാർജയുടെ വിവിധ ഭാ​ഗങ്ങളിലായുള്ള ഷുറൂഖിന്റെ വിനോദകേന്ദ്രങ്ങളാണ് വേദിയൊരുക്കുന്നത്. നാലു വ്യത്യസ്ത ദിവസങ്ങളിലായി നാലിടങ്ങളിൽ പ്രദർശനം അരങ്ങേറും.

ജനുവരി 29ന് ഖോർഫക്കാൻ ബീച്ചിൽ ക്ലാസിക് കാറുകൾ പ്രദർശിപ്പിക്കും. ‘ഖോർഫക്കാൻ ബീച്ച് ക്ലാസിക്സ്’ എന്ന പേരിലാണ് ഇതറിയപ്പെടുക. ശേഷം ഫെബ്രുവരി 19ന് ‘അൽ ബദായർ റിട്രീറ്റിൽ’ രണ്ടാം പ്രദർശനവും തുടർന്ന് മാർച്ച് 26ന്  ‘അൽ ബെയ്ത്’ ഹോട്ടൽ പരിസരത്ത് മൂന്നാം പ്രദർശനവുമൊരുക്കും. ഷാർജ ന​ഗരമധ്യത്തിലുള്ള ഫ്ലാ​ഗ് ഐലൻഡിൽ ഏപ്രിൽ രണ്ടിന് നടക്കുന്ന പ്രദർശനത്തോടെയാണ് ക്ലാസിക് കാർ ഫെസ്റ്റിവൽ അവസാനിക്കുക.

കാർ പ്രേമികൾക്ക്, പ്രത്യേകിച്ച് വിന്റേജ് കാറുകൾ ഇഷ്ടപ്പെടുന്നവർ അത്യപൂർവ കാറുകൾ അടുത്തുകാണാനും മനസ്സിലാക്കാനും ചിത്രമെടുക്കാനുമുള്ള അവസരമാണ് ക്ലാസിക് കാർ ഉത്സവത്തിലൂടെയൊരുങ്ങുന്നത്. ഒരുകാലത്ത് നിരത്തുകൾ അടക്കി ഭരിച്ച രാജാക്കന്മാരെ അതേ പ്രൗഡിയോടെ വീണ്ടും കാണാനാവും. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ ചിലതിനൊക്കെ മുൻപത്തെക്കാൾ അഴകേറിയിട്ടുമുണ്ടാവും.

ഷാർജയിലെ, യുഎഇയിലെ തന്നെ വാഹനപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ക്ലാസിക് കാർ ഫെസ്റ്റിവൽ വീണ്ടും അവതരിപ്പിക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് ഷുറൂഖ് സിഒഒ അഹ്മദ് അൽ ഖസീർ പറഞ്ഞു. “ലോകത്തെ തന്നെ മുൻനിര ക്ലാസിക് കാർ കലക്ഷൻ നമ്മുടെ ഷാർജയിലുണ്ട്. ഇത്തരം കാറുകൾ ശേഖരിക്കുന്നവരുടെ പട്ടികയെടുത്താലും നമ്മൾ മുൻനിരയിലാണ്.

ഈ അപൂർവ കലക്ഷനുകളെല്ലാം കാണാനും മനസ്സിലാക്കാനുമുള്ള മികച്ച അവസരമാണ് ക്ലാസിക് കാർ ഫെസ്റ്റിവൽ. ലോകത്തെ മുൻനിരബ്രാൻഡുകളെല്ലാം നിർമിച്ച, ലോകത്ത് തന്നെ അപൂർവമായ മോഡലുകൾ പ്രദർശനത്തിലുണ്ടാവും. മനോഹരമായ വിനോദകേന്ദ്രങ്ങളുടെ പശ്ചാത്തലത്തിൽ പ്രദർശിപ്പിക്കുമ്പോൾ കാഴ്ചകൾക്ക് വീണ്ടും മാറ്റേറും” – അഹ്മദ് അൽ ഖസീർ പറഞ്ഞു.

ഷുറൂഖുമായി ചേർന്ന് ഇത്തരമൊരു പ്രദർശനമൊരുക്കാനായതിൽ ആഹ്ലാദമുണ്ടെന്ന് ഷാർജ ഓൾഡ് കാർസ് ക്ലബ് ചെയർമാൻ ഡോ. അലി അഹമ്മദ് അബു അൽ സൂദ് പറഞ്ഞു. “നമ്മുടെ നിരത്തുകൾ അടക്കി വാണിരുന്ന, എന്നാൽ പുതുതലമുറക്ക് അപരിചിതമായ അത്യപൂർവ കലക്ഷനാണ് സന്ദർശകർക്ക് മുൻപിലെത്താൻ പോകുന്നത്. 1923 മുതൽ 1989 വരെ മുൻനിര ബ്രാൻഡുകൾ പുറത്തിറക്കിയ, ലിമിറ്റഡ് എഡിഷൻ മോഡലുകളടക്കമുള്ള ​ഗംഭീര കലക്ഷൻ. സന്ദർശകർ എന്നുമോർക്കാനുള്ള അനുഭവമാകും ഇത്” അദ്ദേഹം പറയുന്നു.

അതതു ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി തൊട്ട് വൈകുന്നേരം ആറു വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. മേള കാണാൻ വിനോദകേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്ക് വേണമെങ്കിൽ കുട്ടികൾക്കായുള്ള കളിയിടങ്ങളിലേക്കും റസ്റ്ററന്റുകളിലേക്കുമെല്ലാം പ്രവേശിക്കുകയും ചെയ്യാം.

കോവിഡ് സുരക്ഷാനിർദേശങ്ങളെല്ലാം ഉറപ്പുവരുത്തിയാണ് പ്രദർശനം ഒരുക്കുന്നത്. വന്നെത്തുന്ന സന്ദർശകരും ഇത് പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സംഘാടകർ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here