
സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പൂർത്തീകരിച്ച 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ജനുവരി 28 ന് നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം തദ്ദേശ സ്ഥാപന തല സംഗമത്തിൻ്റെയും അദാലത്തിൻ്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, എ കെ ബാലൻ, എം എം മണി, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, കെ കെ ശൈലജ, ഡോ. എം തോമസ് ഐസക്, ശശി തരൂർ എം പി, വി എസ് ശിവകുമാർ എം എൽ എ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തുടങ്ങിയവർ ഓൺലൈനായി പങ്കെടുക്കും.
പൊതു പരിപാടിക്ക് മുൻപായി രാവിലെ 9.30 ന് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച തിരുവനന്തപുരം വട്ടിയൂർകാവിലെ വാഴോട്ടുകോണത്തുള്ള കെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും.
ലൈഫ് മിഷൻ വീടുകളുടെ പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച് അതു വീക്ഷിക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക കൂടിച്ചേരലുകളും നടക്കും.
ഇതോടൊപ്പം ഫെബ്രുവരി ഒന്നു മുതൽ 18 വരെ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികളും സ്വീകരിക്കാനുള്ള അവസരവും തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കുമെന്നും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here