പ്രക്ഷോഭം ശക്തമായിത്തന്നെ തുടരുമെന്ന് കര്‍ഷകര്‍; ഗാന്ധിരക്തസാക്ഷി ദിനത്തില്‍ രാജ്യ വ്യാപക ധര്‍ണയും ഉപവാസവും

ശക്തമായ പ്രതിഷേധങ്ങളെ വകവയ്ക്കാതെ കോര്‍പറേറ്റ് പ്രീണന നിലപാടുകള്‍ തുടരുന്ന കേന്ദ്രസര്‍ക്കാറിന് താക്കീതുമായി കര്‍ഷകര്‍. രണ്ടുമാസത്തിലധികമായി തുടരുന്ന കര്‍ഷക സമരം ദിവസങ്ങള്‍ ക‍ഴിയും തോ‍റും കര്‍ഷക സമരത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചു.

സമൂഹത്തിന്‍റെ നാനാതുറയിലുള്ളവര്‍ സമരത്തോട് ഐക്യപ്പെട്ട് തെരുവുകളിലിറങ്ങി. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി അക്ഷരാര്‍ത്ഥത്തില്‍ സ്വതന്ത്ര്യ ഇന്ത്യ കണ്ട എറ്റവും വലിയ ബഹുജന മുന്നേറ്റമായി. രാജ്യമാകെ കര്‍ഷകര്‍ പ്രക്ഷോഭത്തിന്‍റെ വിത്ത് പാകി.

റിപ്പബ്ലിക് ദിനത്തിൽ ഡല്‍ഹി നിറഞ്ഞുകവിഞ്ഞ കിസാൻ പരേഡില്‍ മൂന്നുലക്ഷത്തിലേറെ ട്രാക്ടറിലായി അണിനിരന്നത് അഞ്ചുലക്ഷത്തിലേറെ കർഷകർ. അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് പ്രക്ഷോഭത്തിലുള്ള അഞ്ഞൂറോളം സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച. സംഘപരിവാർ അനുകൂലികളായ ദീപ്‌ സിദ്ദുവിനെ പോലുള്ളവരാണ്‌ സംഘർഷത്തിനു പിന്നില്‍.

കേന്ദ്ര സർക്കാരും പൊലീസും ഇവർക്ക്‌ കൂട്ടുനിന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. കർഷകസമരം സമാധാനപരമായി തുടരുമെന്നും മോർച്ച അറിയിച്ചു. സംഘര്‍ഷ സാഹചര്യത്തില്‍ ഒന്നിനു നിശ്ചയിച്ച പാർലമെന്റ് മാര്‍ച്ച് ഒഴിവാക്കി.

ദീപ്‌ സിദ്ദുവും സംഘവുമായി പ്രധാനമന്ത്രി മോഡിക്കും ബിജെപിക്കുമുള്ള ബന്ധം വെളിപ്പെടുത്തണമെന്ന് കിസാന്‍സഭ ആവശ്യപ്പെട്ടു. സംഘർഷത്തിന്‌ ഉത്തരവാദികൾ സർക്കാരും ആഭ്യന്തര മന്ത്രാലയവുമാണെന്ന്‌ പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി.

പ്രക്ഷോഭം ശക്തമായി തുടരുമെന്ന്‌ കർഷകസംഘടനകൾ മുന്നറിയിപ്പുനല്‍കി. ദീർഘനാളത്തേക്കാണ്‌ സമരമെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും സംഘടനകൾ അഭ്യർഥിച്ചു.​ ഗാന്ധി രക്തസാക്ഷിത്വദിനമായ 30ന് ഉപവാസ സമരവും രാജ്യവ്യാപക ധര്‍ണയും സംഘടിപ്പിക്കും.

സിന്‍ഘു, തിക്രി, ഗാസിപുർ, ഷാജഹാൻപുർ എന്നീ സമരകേന്ദ്രങ്ങളില്‍നിന്നാണ്‌ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് പ്രവഹിച്ചത്. സിന്‍ഘുവിലും ഗാസിപുരിലും ചിലർ റൂട്ട് മാറ്റി ചെങ്കോട്ടയിലേക്കും മധ്യ ഡൽഹിയിലെ ഐടിഒയിലേക്കും ട്രാക്ടറുകളിൽ നീങ്ങി.

ബാരിക്കേഡുകൾ ഭേദിച്ചു നീങ്ങിയവരെ പൊലീസ് നേരിട്ടതോടെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവുമുണ്ടായി. ചെങ്കോട്ടയിലേക്ക്‌ ഇരമ്പിക്കയറിയവര്‍ സിഖ്‌ കൊടിയും കർഷകസംഘടനകളുടെ കൊടികളും ഉയർത്തി.

രാത്രി വൈകിയും പ്രക്ഷോഭകർ ചെങ്കോട്ടയിൽ തുടർന്നു. ഐടിഒയിലും പൊലീസും കർഷകരും ഏറ്റുമുട്ടി. ട്രാക്ടർ മറിഞ്ഞ്‌ യുവകർഷകൻ കൊല്ലപ്പെട്ടു. നഗരത്തിന്റെ പലഭാഗത്തും 12 മണിക്കൂറോളം ഇന്റർനെറ്റ്‌ വിച്ഛേദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News