മലയാള സിനിമയും താണ്ടി ബോളിവുഡ് വരെയെത്തിയ മംഗലാംകുന്ന് കര്‍ണന്‍

തലയെടുപ്പിന്റെ വീരന്‍ മംഗലാംകുന്ന് കര്‍ണന് പറയാന്‍ ഒട്ടനവധി സിനിമ വിശേഷങ്ങളുമുണ്ട്. കാരണം , മലയാള സിനിമ മുതല്‍ അങ്ങ് ബോളിവുഡ് വരെയെത്തി ഈ ഗജവീരന്റെ പ്രശസ്തി. മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെയൊപ്പം നരസിംഹം സിനിമയില്‍ താരമായി മംഗലാംകുന്ന് കര്‍ണനുമെത്തി. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ മോഹന്‍ലാലിന്റെ സംഘട്ടനരംഗത്തില്‍ ഫ്രെയിമില്‍ മംഗലാംകുന്ന് കര്‍ണന്റെ തലയെടുപ്പുമുണ്ട്.

മണിരത്നം സംവിധാനം ചെയ്ത ദില്‍സെയിലും എത്തി ബോളിവുഡില്‍ ഈ ഗജവീരന്‍ അരങ്ങേറ്റം കുറിച്ചു. കേരളത്തില്‍ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലാണ് കര്‍ണന്‍ പ്രത്യക്ഷപ്പെട്ടത്. പ്രീതി സിന്റെയും ഷാരൂഖ് ഖാനുമായിരുന്നു ആ ഗാനരംഗത്തില്‍ അഭിനയിച്ചത്. ദില്‍സെയില്‍ കര്‍ണ്ണനൊപ്പം ചിറക്കല്‍ കാളിദാസനും മറ്റ് ഒട്ടനവധി ആനകളുമുണ്ടായിരുന്നു. കൂടാതെ, രാജസേനന്റെ സംവിധാനത്തില്‍ നടന്‍ ജയറാം നായകനായ കഥാനായകന്‍ എന്ന ചിത്രത്തിലും കര്‍ണന്‍ എത്തി. സിനിമ മാത്രമല്ല, ധാരാളം പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ താരമായിട്ടുണ്ട്. മൊത്തത്തില്‍ പറഞ്ഞാല്‍ സൂപ്പര്‍ സ്റ്റാറുതന്നെയാണ് മംഗലാംകുന്ന് കര്‍ണന്‍.

തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണന്‍. ഉത്സവപ്പറമ്പുകളിലെ പ്രധാന താരം. എഴുന്നള്ളത്തിന്റെ തുടക്കം മുതല്‍ തിടമ്പ് താഴെ വെക്കുവോളം കര്‍ണന്റെ ആത്മവിശ്വാസം ചോരുകയേ ഇല്ല എന്നതാണ് ഈ ഗജവീരന്റെ ഏറ്റവും വലിയ പ്രത്യേകത. ആരായാലുമൊന്ന് നോക്കിപ്പോകും അത്ര പ്രൗഢഗംഭീരമായ തലയെടുപ്പോടെയാണ് കര്‍ണന്‍ നില്‍ക്കുക. ഉടല്‍നീളമാണ് കര്‍ണന്റെ മറ്റൊരു പ്രത്യേകത. ഉടല്‍നീളം കൊണ്ടും തലയെടുപ്പുകൊണ്ടും മറ്റാനകളുടെ കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ കര്‍ണനെ എളുപ്പം തിരിച്ചറിയാനാകും.

എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരമാണ് മംഗലാംകുന്ന് കര്‍ണന്‍റേത്. സ്വദേശം ബീഹാറെണെങ്കിലും നാടന്‍ ആനകളുടെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍. 302 സെന്റീമീറ്ററാണ് ഉയരം.91 ല്‍ വാരണാസിയില്‍നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്‍േറതായിരുന്നപ്പോള്‍ മനിശ്ശേരി കര്‍ണനായിരുന്നു. മംഗലാംകുന്ന് ആനത്തറവാട്ടിലെത്തി അഞ്ചുവര്‍ഷത്തിലേറെയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News