മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കരുതെന്ന് ആവര്‍ത്തിച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് തങ്ങള്‍. തിരുത്തേണ്ടത് തന്റെ നിലപാടല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് മുസ്ലിം ലീഗിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. അപ്രതീക്ഷിതമായ തീരുമാനത്തില്‍ നേതാക്കളും പ്രവര്‍ത്തകരും മറുപടി പറയാനാവാതെ കുഴങ്ങിയിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്കെല്ലാം സ്വീകാര്യമായ നിലപാട് പി കെ കുഞ്ഞാലിക്കുട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഈനലി തങ്ങല്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് മുഈനലി തങ്ങള്‍ ആവശ്യപ്പെട്ടത് മുസ്ലിം ലീഗ് നേതൃത്വത്തെ ഞെട്ടിപ്പിച്ചിരുന്നു. ദേശീയ ഉപാധ്യക്ഷനായ മുഈനലി തങ്ങളുടെ നിലപാടിന് വിരുദ്ധമായി സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ ഫിറോസ് കുഞ്ഞാലിക്കുട്ടിയുടെ നിയമസഭയില്‍ മത്സരിക്കാനുള്ള തീരുമാനത്തെ യൂത്ത് ലീഗ് സ്വാഗതംചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.
വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെപിഎ മജീദ് പറഞ്ഞതില്‍ക്കൂടുതലൊന്നുംപറയാനില്ല. ചിലരുടെ മോഹം നിരാശയില്‍ കലാശിക്കുമെന്നും മുഈനലി തങ്ങള്‍പറഞ്ഞു. മുഖ സൗന്ദര്യം നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്ന കെപിഎ മജീദിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും മുഈനലി തങ്ങള്‍ വ്യക്തമാക്കി.
ഫുര്‍ഫുറാ ഷരീഫ് ബംഗാളിലെ സമസ്ത
ബംഗാളിലെ ഫുര്‍ഫുറാ ഷരീഫ് എന്നത് ആത്മീയ സംഘടനമാത്രമാണ്. കേരളത്തില്‍ ഇകെ വിഭാഗം സമസ്തയോട് സഹകരിക്കുന്നതുപോലെ ബംഗാളില്‍ ഫുര്‍ഫറാ ഷരീഫുമായി ബന്ധമുണ്ടാക്കാന്‍ യൂത്ത് ലീഗ് ശ്രമം നടത്തിയിരുന്നതായി മുഈനലി തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ യൂത്ത് ലീഗ് ദേശീയ അധ്യക്ഷ സ്ഥാനമുപേക്ഷിച്ച സ്വാബിര്‍ ഗഫാറിന്റെ നേതൃത്വത്തിലാണ് പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്. ഫുര്‍ഫറാ ഷരീഫിന്റെ നേതാക്കള്‍ കേരളത്തിലെത്തിയും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. അധ്യക്ഷ പദവി ഒഴിഞ്ഞ സ്വാബിര്‍ ഗഫാര്‍ യൂത്ത് ലീഗില്‍ തുടരുന്നുണ്ട്. സ്വന്തം നാടായ ബംഗാളില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഭാരവാഹിത്വമുപേക്ഷിച്ചത്. ഫുര്‍ഫുറാ ഷരീഫ് അനുയായികള്‍ ബംഗാളില്‍ പുതുതായി രൂപീകരിച്ച ഇന്ത്യന്‍ സെക്കുലാര്‍ ഫ്രണ്ട് (ഐഎസ്എഫ്)ല്‍ ചേരാനാണ് സ്വാബിര്‍ രാജിവെച്ചതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളും പരിപാടികളുമാണ് ആവിഷ്‌കരിക്കുന്നത്. തനിക്ക് ചുമതല ഉണ്ടായിരുന്ന കര്‍ണാടകത്തില്‍ തദ്ദേശത്തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മികച്ച പ്രകടനം നടത്താനായി.
പശ്ചിമ ബംഗാളിലെ ഹുഗ്ലിയില്‍ ഫുര്‍ഫുറാ ഷരീഫിലെ സൂഫി വര്യനായിരുന്ന ഹസ്രത്ത് അബൂബക്കര്‍ സിദ്ദീഖിയുടെ അനുയായികളാണിവര്‍. ബംഗാളിലെ മുസ്ലിം മതവിശ്വാസികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട് ഫുര്‍ഫുറ ഷരീഫിന്. ഫുര്‍ഫുറാ ഷരീഫിന്റെ ഐഎസ്ഫുമായി ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം)ബംഗാളില്‍ പിന്തുണച്ചിരുന്നു. പീര്‍സാദ അബ്ബാസ് സിദ്ദീഖിയാണ് ഐഎസ്എഫിന്റെ ചെയര്‍മാന്‍. ബംഗാള്‍ അസംബ്ലി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ജനസംഖ്യയുടെ 27.01 ശതമാനമുള്ള മുസ്ലിംകള്‍ 2011 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനാണ് വോട്ട് ചെയ്തിരുന്നത്. ഫുര്‍ഫുറാ ഷരിഫിനു കീഴില്‍ രാഷ്ട്രീയപ്പാര്‍ട്ടി നിലവില്‍വന്നത് ബംഗാളിലെ മുസ്ലിംലീഗിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ഐഎസ്എഫ് മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന വിലയിരുത്തലാണ് മുസ്ലിം ലീഗ് നേതാക്കള്‍ക്കുള്ളത്.
ഉവൈസിയെ കുറ്റപ്പെടുത്തരുത്
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ബിഹാറിലെ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചെന്ന നിരീക്ഷണം തെറ്റാണ്. ജീവനില്ലാത്ത കോണ്‍ഗ്രസ്സിന് ബീഹാറില്‍ മുസ്ലിം വോട്ടു ലഭിക്കില്ലെന്നതാണ് വസ്തുത. അണികള്‍ക്ക് ഊര്‍ജം പകരുന്ന നേതാവാണ് ഉവൈസിയെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഉവൈസിയുടെ പാര്‍ട്ടിയ്ക്ക് ഭാവിയില്ല. കേരളത്തില്‍ അബ്ദുന്നാസര്‍ മഅദനി പ്രവര്‍ത്തിച്ചതുപോലെയാണ് ഉവൈസിയുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍. ഉവൈസിയ്ക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല നിലനില്‍പ്പ് ഉണ്ടാവില്ലെന്നും യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ മുഈനലി തങ്ങള്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.