ആനക്കേരളത്തിനു നികത്താനാവാത്ത മറ്റൊരു നഷ്ടം കൂടി. പൂരപ്രേമികൾ നിലവിന്റെ തമ്പുരാനായി വാഴ്ത്തപ്പെട്ട മംഗലാംകുന്ന് കർണ്ണൻ വിട വാങ്ങി. ഉയരത്തിൽ അത്ര കേമൻ അല്ലെങ്കിലും പൂരത്തിനായുള്ള തിടമ്പേറ്റികഴിഞ്ഞാൽ മറ്റേതു കൊമ്പന്മാരെക്കാളും ഉയരത്തിൽ തല ഉയർത്തിപിടിച്ചു നിൽക്കുവാൻ ഉള്ള കർണ്ണന്റെ മികവാണ് കർണ്ണനെ പൂരപ്രേമികളുടെ പ്രിയപ്പെട്ടവനാക്കിയത്.
തലയെടുപ്പിൽ തന്നെക്കാൾ മികച്ചവൻ കർണ്ണൻ ആയേക്കാം എന്നൊരു തോന്നൽ ഉണ്ടായതുകൊണ്ടോ കേരളത്തിലെ ഇപ്പോഴത്തെ ഉയരക്കേമനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഒരുവട്ടം കുത്തികൊലപ്പെടുത്തുവാൻ ശ്രമിച്ചൊരു ചരിത്രം കൂടി ഉണ്ട് കർണ്ണന്. അന്ന് പേരു കേട്ട പാപ്പാനായ കടുവാ വേലായുധന്റെ അവസരോചിതമായ ഇടപെടൽ ആണ് കർണ്ണന്റെ ജീവൻ രക്ഷിച്ചെടുത്തത്.
ഇന്ന് രാമചന്ദ്രനോളം തുല്യമായ ആരാധകവൃന്ദത്തെ നേടിയെടുത്തു പൂരപ്പറമ്പുകളിലെ താരമായി തിളങ്ങി നിൽക്കുമ്പോഴാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി കർണ്ണന്റെ വിടവാങ്ങൽ.
കർണ്ണന്റെ വിടവാങ്ങലിനൊപ്പം എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട് . ഇപ്പോൾ കേരളത്തിൽ നാട്ടാനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരികയാണ്.
നിരവധി നാട്ടാനകൾ ആണ് അടുത്തടുത്തായി ചരിഞ്ഞു കൊണ്ടിരിക്കുന്നത്. ആയിരത്തിലധികം നാട്ടാനകൾ ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 470ൽ താഴെ ആനകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആനപിടുത്തവും സോണ്പൂർ ഗജമേളയും നിർത്തലാക്കിയതും കേരളത്തിലേക്കുള്ള ആനകളുടെ വരവ് പൂർണമായും ഇല്ലാതാക്കി.
പൂരങ്ങൾക്കു തിടമ്പേറ്റിയ കൊമ്പൻ ഒരു യശസ്സ് ആണെങ്കിലും നിലവിലുള്ള ആനകളുടെ ആയുസ്സ് തീരുന്ന കാലം ആനല്ലാ ഉത്സവകേരളമാണ് സംഭവിക്കുവാൻ പോകുന്നത്.
Get real time update about this post categories directly on your device, subscribe now.