ദീപ് സിദ്ദുവിനും ഗുണ്ടാനേതാവിനുമെതിരെ കേസെടുത്ത് ദില്ലി പൊലീസ് ; ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റെന്ന് കര്‍ഷകര്‍

റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്തു. ദില്ലി പൊലീസാണ് ദീപ് സിദ്ദുവിനെതിരെ കേസെടുത്തത്. ഗുണ്ടാ നേതാവ് ലക്കാ സാധനേയും പ്രതിചേര്‍ത്തതായാണ് റിപ്പോര്‍ട്ട്. ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ ആരോപണം ഉയര്‍ത്തിയതിനിടെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ചെങ്കോട്ടയ്ക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ തങ്ങള്‍ അത്തരത്തിലുള്ള പ്രവൃത്തികളൊന്നും ചെയ്തില്ലെന്നാണ് കര്‍ഷക സംഘടനകള്‍ ഉറച്ചു പറയുന്നത്. പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകളാണ് ചെങ്കോട്ടയിലേക്ക് കടന്ന് പതാക ഉയര്‍ത്തിയതെന്നും പറഞ്ഞ കര്‍ഷകര്‍ ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും വ്യക്തമാക്കി.

ദീപ് സിദ്ദുവും സംഘവുമായി പ്രധാനമന്ത്രി മോഡിക്കും ബിജെപിക്കുമുള്ള ബന്ധം വെളിപ്പെടുത്തണമെന്ന് കിസാന്‍സഭ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. പ്രക്ഷോഭം ശക്തമായി തുടരുമെന്ന് കര്‍ഷകസംഘടനകള്‍ മുന്നറിയിപ്പുനല്‍കി. ദീര്‍ഘനാളത്തേക്കാണ് സമരമെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും സംഘടനകള്‍ അഭ്യര്‍ഥിച്ചു. ഗാന്ധി രക്തസാക്ഷിത്വദിനമായ 30ന് ഉപവാസ സമരവും രാജ്യവ്യാപക ധര്‍ണയും സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here