പുതുച്ചേരിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

പുതുച്ചേരിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാരുള്‍പ്പെടെ 13ഓളം നേതാക്കളാണ് പുതുതായി ബിജെപിയില്‍ ചേരുക. കോണ്‍ഗ്രസിലെ കൂട്ടരാജി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ.

പുതുച്ചേരി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും പുതുച്ചേരി മന്ത്രിസഭയിലെ രണ്ടാമനും പൊതുമരാമത്ത് മന്ത്രിയുമായിരുന്ന നമശിവായം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാരായണസ്വാമിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ച നേതാവായിടുന്നു നമശിവായം. തെക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള നേതാവ്.

നമശിവായത്തെ ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ അദ്ദേഹം അതൃപ്തനായിരുന്നു. നമശിവായത്തിനൊപ്പം എംഎല്‍എ ദീപാഞ്ജ്ജനും രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ടരാജി ഉണ്ടാകുന്നത്. അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ, മുൻ എംഎൽഎ ഉൾപ്പടെ 13 നേതാക്കളാണ് ബിജെപിയില്‍ ചേരുക.

ബിജെപി നേതൃത്വവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. മെയില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാന്‍ രാഹുല്‍ ഗാന്ധി പുതുച്ചേരി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കൂട്ടരാജിയെന്നതും ശ്രദ്ധേയം.

നിലവില്‍ പുതുച്ചേരി പ്രതിപക്ഷ നേതാവും ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് നേതാവുമായ എന്‍ രംഗസ്വാമിയും ഇതുപോലൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് 2011ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയത്.

തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഭരണമുള്ള ഒരേയൊരു പ്രദേശമാണ് പുതുച്ചേരി. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ഭരണമുള്ള കോണ്‍ഗ്രസിന് പുതുച്ചേരി ഭരണം കൂടി അവതാളത്തിലാകുന്നത് വലിയ തിരിച്ചടിയാകും. നേരത്തെ കര്‍ണാടകയിലും മധ്യപ്രദേശിലും മറ്റും ബിജെപി കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ചെടുത്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here