ആലപ്പുഴയില്‍ കുരുക്കിന് ‘വിട’ ; ബൈപാസ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനംചെയ്തു

ഗതാഗതക്കുരുക്കില്‍ വട്ടം ചുറ്റിയിരുന്ന ആലപ്പുഴയ്ക്ക് ഇനി അതൊരു സ്വപ്‌നമായി മാറുകയാണ്. കാരണം, ഗതാഗതക്കുരുക്കില്ലാതെ നഗരത്തിലൂടെ വാഹനങ്ങല്‍ ചീറിപ്പായുന്നതാണ് ആലപ്പുഴക്കാര്‍ ഇനി കണികാണുക. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് സര്‍ക്കാര്‍ ബൈപ്പാസ് പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെ പാലങ്ങളില്‍ കുടുങ്ങി ഇഴഞ്ഞുനീങ്ങിയിരുന്ന ആലപ്പുഴയ്ക്ക് ഇനി അതിവേഗം കുതിക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് സ്വപ്നപദ്ധതി ഉദ്ഘാടനം ചെയ്തത്.

കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ള പദ്ധതികളെക്കുറിച്ച് നിരന്തരമായി കേന്ദ്രമന്ത്രിയുമായി സംസാരിക്കാറുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിങ് റോഡിന്റെ നിര്‍മ്മാണത്തെക്കുറിച്ചും കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. ‘പലവിധ പദ്ധതികള്‍ പറഞ്ഞ കൂട്ടത്തില്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിങ് റോഡ് അദ്ദേഹം വിട്ടുപോയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ഓര്‍മ്മയിലേക്ക് കൊണ്ടുവരികയാണ്. അടുത്ത ഡല്‍ഹി യാത്രയില്‍ത്തന്നെ മന്ത്രിയുമായി എല്ലാ വികസന വിഷയങ്ങളും ചര്‍ച്ച ചെയ്യും’മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലാണ് നാല് വന്‍കിട പാലങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പണിത് പൂര്‍ത്തിയാക്കിയത്. പാലാരിവട്ടം പാലം മെയ് മാസത്തില്‍ പൂര്‍ത്തിയാക്കും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത 66-ല്‍ (പഴയ എന്‍എച്ച്.-47) കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാം.

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതുംകൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News