സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് ഇരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍: മുഖ്യമന്ത്രി

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള നടപടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത്. തൃപ്തികരമായ രീതിയില്‍ അന്വേഷണം നടക്കില്ല എന്നാണ് അവരുടെ പരാതി. അതിനാല്‍ അന്വേഷണ ഏജന്‍സിയെ മാറ്റണമെന്ന് അവര്‍ നിലപാട് സ്വീകരിച്ചു. ഇത്തരത്തില്‍ ഒരു നിലപാട് പരാതിക്കാരി സ്വീകരിച്ചാല്‍ എങ്ങനെയാണ് അന്വേഷണ ഏജന്‍സിയെ മാറ്റേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുക?. അതുകൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് ലാവ്‌ലിന്‍ കേസ് സിബിഐക്ക് വിട്ടതിന് മറുപടിയെന്നോണം പ്രതികാര ചിന്തയോടെയല്ല സര്‍ക്കാര്‍ ഇവിടെ ഇരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന് മുന്‍പില്‍ വസ്തുതകള്‍ വന്നു. സ്ത്രീക്ക് ഉണ്ടായ ദുരനുഭവം
അവര്‍ തുറന്നുപറഞ്ഞു. ശക്തമായ നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഫലപ്രദമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. അതിനിടെ പരാതിക്കാരി അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. അവരുടെ പരാതി കണക്കിലെടുത്താണ് അന്വേഷണം സിബിഐക്ക് വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News