കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനൊരുങ്ങി കേന്ദ്രം; രാത്രി 11ന് മുൻപ് സമര വേദി ഒഴിയണമെന്ന് അന്ത്യശാസനം; ​ഗാസിപുർ അതിർത്തി അടച്ചു; 144 പ്രഖ്യാപിച്ചു

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനൊരുങ്ങി കേന്ദ്രം.

ഗാസിപ്പൂരിലെ കർഷക സമര വേദി ഒഴിപ്പിക്കാൻ ഉറച്ച് മുന്നോട്ട് പോകുകയാണ് പൊലീസ്. രാത്രി പതിനൊന്നുമണിക്ക് മുമ്പ് ഒഴിയണമെന്നാണ് സമരക്കാർക്ക് നൽകിയിരിക്കുന്ന അന്ത്യശാസനം. മാറിയില്ലെങ്കിൽ കർശന നപടിയെന്നാണ് മുന്നറിയിപ്പ്.

ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് പതിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ​ഗാസിപുരിലടക്കം യുപിയിലെ മറ്റ് സ്ഥലങ്ങളിലുള്ള സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനൊരുങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കിസാന്‍സഭ നേതാവ്‌ കെ കെ രാഗേഷ് എംപി. പൊലീസിന് തങ്ങളെ അറസ്റ്റ് ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യാം. വെടിവെച്ചാലും സമരമുഖത്ത് മുന്നില്‍ തന്നെ നില്‍ക്കും. അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല. രാജ്യത്തെ കര്‍ഷകരുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും രാഗേഷ് പറഞ്ഞു.

ഗാസിപൂരില്‍ നിന്ന് അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്നാണ് പൊലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ കൂടുതല്‍ ശക്തമായി സമരം തുടരുക തന്നെ ചെയ്യും. സമരസ്ഥലത്തേക്കുള്ള ജലവിതരണവും വൈദ്യുതിയും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചു. താല്‍കാലിക ശൗചാലയങ്ങള്‍ നീക്കം ചെയ്തു.

ഇന്നലെ രാത്രി മുതൽ സമരം ഒഴിപ്പിക്കാൻ പൊലീസ് നീക്കം ആരംഭിച്ചിരുന്നു. രാകേഷ് ടിക്കായത്തിന് ചെങ്കോട്ട ആക്രമണത്തിൽ ബന്ധമുണ്ടെന്ന് ദില്ലി പൊലീസ് ആരോപിക്കുന്നതിനിടെയാണ് യുപി പൊലീസ് ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്.

അതേസമയം വെടിയുതിർത്താലും സ്ഥലത്ത് തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News