ഗാസിപ്പൂരിൽ കര്‍ഷക സമരവേദി ഇന്ന് ഒ‍ഴിപ്പിക്കില്ലെന്ന് സൂചന; കൂടുതലായി വിന്യസിക്കപ്പെട്ട പൊലീസ് സന്നാഹം പിന്‍വാങ്ങി

ഗാസിപ്പൂരിൽ കര്‍ഷക സമരവേദി ഇന്ന് ഒ‍ഴിപ്പിക്കില്ലെന്ന് സൂചന. ജില്ലാ മജിസ്ട്രേറ്റാണ് ഇന്ന് പൊലീസ് നടപടിയുണ്ടാകില്ലെന്ന സൂചന നൽകിയത്. കൂടുതലായി വിന്യസിക്കപ്പെട്ട പൊലീസ് സന്നാഹം സമര വേദിയില്‍ നിന്ന് പിന്‍വാങ്ങി.

ഇന്ന് രാത്രി പതിനൊന്ന് മണിയ്ക്ക് മുമ്പ് ഒഴിഞ്ഞു പോകണമെന്നായിരുന്നു ക‍ർഷകർക്ക് നൽകിയിരുന്ന അന്ത്യശാസനം. എന്നാല്‍ സമയം അവസാനിച്ചെങ്കിലും പിരിഞ്ഞുപോകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കര്‍ഷകര്‍.

സമയം അവസാനിച്ചെങ്കിലും തൽക്കാലം കർഷകരെ ഒഴിപ്പിക്കേണ്ടെന്നാണ് തീരുമാനം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ നിലപാടെടുത്തതിന്റെ പിന്നാലെയാണ് പൊലീസ് ഒരു സംഘർഷ സാഹചര്യത്തിൽ നിന്ന് പിൻവാങ്ങുന്നത്.

അതേസമയം കൂടുതല്‍ കർഷകർ സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഗാസിപ്പൂരിലെ സമര വേദി കൂടുതല്‍ ശക്തമാകുകയാണ്. കയ്യിൽ ദേശീയ പതാകയുമായാണ് കർഷകർ പ്രതിഷേധിക്കുന്നത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും നീക്കമുണ്ടായാലും പ്രതിരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

നിലവിലെ സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ ഒ‍ഴിഞ്ഞെങ്കിലും കര്‍ഷകര്‍ ജാഗ്രത വെടിയുന്നില്ല. ഉറങ്ങാതെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. കൂടാതെ കര്‍ഷകരുടെ കൂടതല്‍ സംഘങ്ങള്‍ സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here