മെയ് വരെ കാത്തിരിക്കേണ്ട; പാലാരിവട്ടം പാലം മാര്‍ച്ചില്‍ തുറന്നേക്കും; 70 ശതമാനം ജോലികള്‍ പൂര്‍ത്തിയായി

യുഡിഎഫ് കാലത്തെ അ‍ഴിമതിയുടെ പ്രതീകമായി നിര്‍മാണം ക‍ഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തന്നെ അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കേണ്ടിവരികയും പിന്നീട് ഗതാഗതയോഗ്യമല്ലെന്ന് കണ്ട് പൊളിച്ച് നീക്കുകയും ചെയ്യേണ്ടിവന്ന പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം തീരുമാനിച്ചതിലും രണ്ട് മാസം മുന്നെ പൂര്‍ത്തീകരിക്കാനൊരുങ്ങി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേര്‍സ് സൊസൈറ്റി.

പാലം മെയ്മാസത്തോടെ പൂര്‍ത്തീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും നാലുമാസത്തിനുള്ളിൽ 70 ശതമാനം പണി പൂർത്തിയായി. മാർച്ച്‌ അവസാനത്തോടെ ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കി തുറക്കാനാകും.

പാലത്തിന്‍റെ പൂനര്‍നിര്‍മാണ ജോലികള്‍ റെക്കോര്‍ഡ് വേഗത്തിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ബീമുകള്‍ 102 എണ്ണം മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു ഇതില്‍ 78 എണ്ണത്തിന്‍റെ പണി പൂര്‍ത്തിയായി 24 എണ്ണം മാത്രമാണ് ഇനി ബാക്കിയുള്ളത്.

17 സ്പാനുകള്‍ സ്ഥാപിക്കാനുണ്ടായിരുന്നതില്‍ എട്ടെണ്ണം ഇതിനോടകം പൂര്‍ത്തിയായി ഒരെണ്ണംകൂടെ ഈ മാസം പൂര്‍ത്തിയാവും ബാക്കിയുള്ള ബൂമുകളും സ്ലാബുകളും കളമശേരിയിലുള്ള യാര്‍ഡില്‍ വാര്‍ത്ത് ക‍ഴിഞ്ഞു.

കോണ്‍ക്രീറ്റ് ജാക്കറ്റിങ്ങിലൂടെ പാലത്തിന്‍റെ തൂണുകളും പിയര്‍ക്യാപ്പുകളും ബലപ്പെടുത്തി. ഡിഎംആര്‍സി ഇ ശ്രീധരന്‍റെ മേല്‍നോട്ടത്തിലാണ് പുനര്‍നിര്‍മാണം നടത്തുന്നത്.

മുൻ യുഡിഎഫ്‌ സർക്കാർ 39 കോടി ചെലവഴിച്ച്‌ നിർമിച്ച പാലം രണ്ടരവർഷത്തിനുള്ളിൽ തകർന്ന്‌ സഞ്ചാരയോഗ്യമല്ലാതായി.

അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മൂന്നുകോടിയോളം രൂപ വേറെയും ചെലവാക്കി. പാലം നിർമാണ അഴിമതിക്ക്‌ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎ അഞ്ചാംപ്രതിയായി വിജിലൻസ്‌ കേസുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News