കടുത്ത വിഭാഗീയതയ്ക്കിടെ ബിജെപിയുടെ സംസ്ഥാന സമിതി യോഗം ഇന്ന് തൃശൂരില്‍

ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് തൃശൂരിൽ ചേരും.സംസ്ഥാന ബിജെപിയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ ചേരുന്ന സംസ്ഥാന സമിതിയിൽ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകും.

കെ.സുരേന്ദ്രന് എതിരെ മുതിർന്ന നേതാക്കൾ രംഗത്ത് വന്ന സാഹചര്യത്തിൽ കേരളത്തിൻ്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.പി.രാധാകൃഷ്ണൻ സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കും

കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയതിന് പിന്നാലെ സംസ്ഥാന ബിജെപിയിൽ രൂക്ഷമായ ആഭ്യന്തര കലാപം തന്നെയാണ് ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന സമിതിയിൽ മുഖ്യ ചർച്ചാ വിഷയമാവുക.

നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിനിർണയ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിജെപി സംഘടനാ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണൻ ആർഎസ്എസുമായി ചർച്ച നടത്തിയിരുന്നു.

നിയമസഭാ സ്ഥാനാർത്ഥി നിർണയ ചർച്ചകളും യോഗത്തിൽ സജീവമാകും.കേരളത്തിൽ ബിജെപിക്ക് ആകെയുള്ള ഒരു നിയമസഭാ സീറ്റായ നേമം ഇത്തവണ ബിജെപി കൈവിട്ടേക്കാമെന്ന ആശങ്ക നേരത്തെ മുതിർന്ന നേതാക്കൾ പങ്ക് വെച്ചിരുന്നു.

കൂടാതെ ബിജെപി സംസ്ഥാന നേതൃത്വം 140 നിയോജക മണ്ഡലങ്ങളിലും നടത്തിയ പഠന ശിബിരത്തിന്റെ പിൻബലത്തിലാണ് സമിതി ചേരുന്നത്.ബിജെപി മുന്നേറ്റം ഉണ്ടാക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ മത്സരിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ താല്പര്യം സംസ്ഥാന നേതൃത്വം തള്ളിയേക്കും.

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായ ബിജെപി നേതാക്കൾക്ക് അവസരം നൽകണം എന്ന നിലപാട് സംസ്ഥാന നേതൃ യോഗത്തിൽ ഉയർന്നേക്കും.തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ പരാജയവും യോഗത്തിൽ ചർച്ചയാകും.

സംസ്ഥാന ഭാരവാഹികൾക്കും സമിതിയംഗങ്ങൾക്കും പുറമേ വിവിധ മോർച്ചകളുടെ സംസ്ഥാന ഭാരവാഹികളും പാർട്ടി ജില്ലാ പ്രസിഡണ്ടുമാരും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് പുറമേ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുടെ നടത്തിപ്പും ചർച്ചയാകും.

കൈരളി ന്യൂസ് തൃശൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News