“മുംബൈ കേന്ദ്രഭരണ പ്രദേശമാക്കുക”; കർണാടക-മഹാരാഷ്ട്ര തർക്കം അതിർത്തി വിടുന്നു

മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള തർക്കത്തിന് തുടക്കമിടുന്നത് 1956 ലെ സംസ്ഥാന പുനഃസംഘടന നിയമത്തിനുശേഷമാണ് .

പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ അതിർത്തി തർക്കം കഴിഞ്ഞ ദിവസം രാഷ്ട്രീയ കലഹത്തിന്റെ കൊടുങ്കാറ്റായി മാറുകയായിരുന്നു. മറാഠി സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള കർണാടക ഗ്രാമങ്ങൾ മഹാരാഷ്ട്രയിൽ കൂട്ടിച്ചേർക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതിർത്തി ഗ്രാമങ്ങളെച്ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കം അതിര് വിട്ടത്.

മുംബൈ നഗരത്തെ കേന്ദ്രഭരണപ്രദേശമാക്കണമെന്ന പുതിയ ആവശ്യവുമായാണ് കർണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാഡി രംഗത്തെത്തിയിരിക്കുന്നത്. തർക്കം നില നിൽക്കുന്ന ഈ ഗ്രാമങ്ങൾ പരിഹാരമുണ്ടാകുന്നതുവരെ കേന്ദ്രഭരണപ്രദേശമാക്കി നിലനിർത്തണമെന്ന ഉദ്ധവ് താക്കറെയുടെ നിർദ്ദേശത്തോട് ‌ പ്രതികരിക്കവേയാണ് കർണാടക ഉപമുഖ്യമന്ത്രി പുതിയ ആവശ്യം മുന്നോട്ട് വച്ചത് .

കർണാടകത്തിലെ ബെലഗാവി നേരത്തേ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നെന്നും അതുകൊണ്ടു തന്നെ മുംബൈ നഗരത്തിനുമേൽ കർണാടകത്തിലെ ജനങ്ങൾക്കും അവകാശമുണ്ടെന്ന വാദമാണ് സവാദി ഉയർത്തിയത്. അതിർത്തിത്തർക്കത്തിൽ സുപ്രീംകോടതിയിലുള്ള കേസിൽ വിധി കർണാടകത്തിന് അനുകൂലമാകുമെന്ന് ഉറപ്പാണെന്നും വിധി വരുന്നതുവരെ മുംബൈ നഗരത്തെ കേന്ദ്രഭരണപ്രദേശമാക്കി നിലനിർത്തണമെന്നും ലക്ഷ്മൺ സവാഡി ആവശ്യപ്പെട്ടു.

രാഷ്ട്രീയ താല്പര്യത്തോടെ പ്രകോപനപരമായ പ്രസ്താവനകളാണ് കർണാടക നേതാക്കൾ നടത്തി വരുന്നതെന്നും മഹാരാഷ്ട്ര ഭരിക്കുന്നത് ഉദ്ധവ് താക്കറേയാണെന്ന് മറക്കരുതെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് ഓർമിപ്പിച്ചു. മറാഠി സംസാരിക്കുന്ന ജനവിഭാഗത്തെ അടിച്ചമർത്തുന്ന സമീപനമാണ് കർണാടക സർക്കാർ സ്വീകരിച്ചു വന്നിട്ടുള്ളതെന്നും ശിവസേന നേതാവ് ആരോപിച്ചു .

കേന്ദ്ര സർക്കാരിന്റെ താല്പര്യ പ്രകാരം സംസ്ഥാന ബി ജെ പി നേതാക്കൾ മുംബൈ നഗരത്തിന്റെ പ്രാധാന്യം കുറയ്ക്കുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആവശ്യമെന്നും മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു. ഇത്തരം നടപടികളുമായി മുന്നോട്ടുപോയാൽ മറാഠാരോഷം ബി.ജെ.പി. അനുഭവിച്ചറിയേണ്ടിവരുമെന്നും സച്ചിൻ പറഞ്ഞു. മുംബൈ നഗരം കേന്ദ്രഭരണ പ്രദേശമാക്കണമെന്നു ആവശ്യപ്പെടുന്നതിലെ ഔചിത്യമില്ലായ്മയെ എൻ.സി.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ചോദ്യം ചെയ്തു. കർണാടക ഉപമുഖ്യമന്ത്രിയുടെ ആവശ്യം അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്നും പവാർ അഭിപ്രായപ്പെട്ടു.

കാലപ്പഴക്കമുള്ള തർക്കം അതിരു വിട്ട രാഷ്ട്രീയ പോരാട്ടമായി മാറുന്ന കാഴ്ചക്കാണ് കഴിഞ്ഞ ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News